കൊച്ചി: ഭൂമി വിൽപ്പന ഇടപാടിൽ ആടിയുലയുന്ന എറണാകുളം-അങ്കമാലി അതിരൂപതയില്‍ തര്‍ക്കങ്ങള്‍ അവസാനിക്കുന്നില്ല. അതിരൂപതയിലെ ഭൂമി കുംഭകോണത്തെക്കുറിച്ച് അന്വേഷിക്കാന്‍ വത്തിക്കാന്‍ അന്വേഷണ കമ്മീഷനെ നിയോഗിക്കുമെന്നാണ് സഭാ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. മുൻകാല അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇതിന് സാധ്യത കൂടുതലാണെന്ന് കർദിനാളിനെ അനുകൂലിക്കുന്ന വിഭാഗവും പറയുന്നു. ഇതിനിടെ അടുത്തയാഴ്ച ചേരുന്ന സീറോ മലബാർ സിനഡിൽ ഭൂമി പ്രശ്നം ഉൾപ്പടെയുളളവ ചർച്ചയാകുമെന്ന് കരുതുന്നു. രൂപതകൾ തമ്മിൽ നിലനിൽക്കുന്ന അഭിപ്രായ വ്യത്യാസവും വൈദികർ തമ്മിലുളള ഭിന്നതകളും ഭൂമി പ്രശ്നത്തോടെ മറനീക്കിയിരിക്കുകയാണ്. സഭാ നേതൃത്വത്തിലെ വിഷയം അൽമായരുടെ ഇടയിലും ചർച്ചയും ഭിന്നതയും ആയിമാറിക്കഴിഞ്ഞിരിക്കുന്നുവെന്നത് സഭാ നേതൃത്വത്തെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
രൂപതയെ തന്നെ പ്രതിസന്ധിയിലാക്കിയ ഭൂമി കുംഭകോണത്തെക്കുറിച്ച് അന്വേഷിക്കാന്‍ സഭാ നേതൃത്വം ആറംഗ കമ്മീഷനെ നിയോഗിച്ചിരുന്നു. ഈ കമ്മീഷന്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കും മറ്റു രണ്ടു വൈദികര്‍ക്കും ഭൂമി വില്‍പ്പന വിവാദത്തില്‍ പങ്കുണ്ടെന്നു കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കമ്മീഷന്‍ കഴിഞ്ഞ ദിവസം കര്‍ദിനാളിനോടും വൈദികരായ ഫാ.ജോഷി പുതുവയോടും മോണ്‍ സെബാസ്റ്റിയന്‍ വടക്കുംപാടനോടും വിശദീകരണം തേടിയിരുന്നു. എന്നാല്‍ ഇവര്‍ വിശദീകരണം നല്‍കാന്‍ തയ്യാറല്ലെന്ന് അറിയിച്ചതോടെ മാര്‍പാപ്പയ്ക്ക് പരാതി നല്‍കാനുള്ള നീക്കവുമായി മുന്നോട്ടു പോകാനാണ് ഇപ്പോള്‍ വൈദിക സമിതിയുടെ നീക്കം.

ഈ രീതിയിൽ മാര്‍പാപ്പയ്ക്ക് പരാതി നല്‍കിയാല്‍ അന്വേഷണ കമ്മീഷനെ നിയോഗിക്കാറാണു പതിവെന്ന് വൈദികര്‍ തന്നെ വ്യക്തമാക്കുന്നു. മുന്‍പ് കുര്‍ബാന ആരാധന ക്രമവുമായി ബന്ധപ്പെട്ട് എറണാകുളം-അങ്കമാലി അതിരൂപതയും ചങ്ങനാശേരി അതിരൂപതയും തമ്മില്‍ ഭിന്നത ഉടലെടുത്തിരുന്നു. തുടര്‍ന്ന് എറണാകുളം-അങ്കമാലി അതിരൂപതയുടെ നേതൃത്വത്തില്‍ മാര്‍പാപ്പയ്ക്ക് പരാതി നല്‍കുകയും തുടര്‍ന്ന് വിഷയത്തെക്കുറിച്ചു പഠിക്കാന്‍ മാര്‍പാപ്പ രണ്ട് അന്വേഷണ കമ്മീഷനുകളെ നിയോഗിക്കുകയും ചെയ്തിരുന്നു. ഈ കമ്മീഷന്‍ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ആരാധന ക്രമത്തിൽ ഏതെങ്കിലും ഒരു വിഭാഗത്തിന് ആധിപത്യം എന്നത് മാറി എല്ലാവർക്കും കൂടി സ്വീകാര്യമായ നടപടിയാണ് റോമില്‍ നിന്നുണ്ടായതെന്ന് വൈദികര്‍ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടു തന്നെ ഇപ്പോഴത്തെ സംഭവത്തിലും പരാതി നല്‍കിയാൽ വൈകാതെ തന്നെ അന്വേഷണ കമ്മീഷനെ നിയോഗിക്കുമെന്നും തുടര്‍ന്ന് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിനു ശേഷം തുടര്‍ നടപടികളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികര്‍ ചൂണ്ടിക്കാട്ടുന്നു.

എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴില്‍ മെഡിക്കല്‍ കോളജ് തുടങ്ങാന്‍ ഭൂമി വാങ്ങിയതാണ് സഭയെ കടുത്ത പ്രതിസന്ധിയിലാക്കിയത്. 58 കോടി രൂപ മുടക്കി അങ്കമാലിയില്‍ 25 ഏക്കര്‍ ഭൂമിയാണ് വാങ്ങിയതെങ്കിലും മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോയില്ല.

ഏതാനും മാസം മുമ്പ് ചേര്‍ന്ന വൈദിക സമിതി യോഗത്തിലാണ് സഭയുടെ ഉടമസ്ഥതയിലുള്ള ഭൂമി വിറ്റു കടം വീട്ടാന്‍ തീരുമാനിക്കുന്നത്. ഇതിനായി എറണാകുളം ഭാരത് മാതാ കോളജിന് എതിര്‍വശത്തുള്ള 60 സെന്റ്, നൈപുണ്യ സ്‌കൂളിനു സമീപമുള്ള 69 സെന്റ്, തൃക്കാക്കര കൊല്ലംകുടിമുകളിലുള്ള ഒരേക്കര്‍ (ഇത് 14 പ്ലോട്ടുകളായി തിരിച്ചു), എറണാകുളം നിലംപതിഞ്ഞ മുകളിലുള്ള 20 സെന്റ്, മരടിലുള്ള 54 സെന്റ് എന്നിങ്ങനെ അഞ്ചു ഭൂമികളാണ് വില്‍ക്കാന്‍ തീരുമാനിച്ചത്. സെന്റിന് 950000 രൂപ വീതം മൊത്തം 27 കോടിക്ക് വില്‍ക്കാനാണ് വൈദിക സമിതി കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്. എന്നാല്‍ ആധാരം കഴിഞ്ഞപ്പോള്‍ ലഭിച്ചത് ഒമ്പത് കോടി രൂപമാത്രമായിരുന്നു. ബാക്കി തുകയ്ക്ക് ഈടായി കോതമംഗലം കോട്ടപ്പടിക്കു സമീപമുള്ള മുട്ടത്തുപാറയില്‍ 25 റബര്‍ തോട്ടവും ഇടുക്കി ജില്ലയിലെ ദേവികുളത്തിനടുത്ത് ആനവിരട്ടി വില്ലേജില്‍ 17 ഏക്കര്‍ ഏലത്തോട്ടവുമാണ് ലഭിച്ചത്. ഇത് വന്‍ നഷ്ടമുണ്ടാക്കിയെന്നു കണ്ടെത്തിയതോടെയാണ് സംഭവം വിവാദമായതും വൈദികരും കര്‍ദിനാളും തമ്മില്‍ ഭിന്നത ഉടലെടുത്തതും. അതിനിടെ സഭാ നേതൃത്വം നിയോഗിച്ച കമ്മീഷന്‍ തെളിവെടുപ്പ് തുടരുകയാണ്. ജനുവരി 31-നാണ് കമ്മീഷന്‍ അന്തിമ റിപ്പോര്‍ട്ടു സമര്‍പ്പിക്കുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ