തിരുവനന്തപുരം: ഭൂമി പ്രശ്​നങ്ങൾക്ക്​ പരിഹാരം തേടി മന്ത്രിതല സമിതി ഇടുക്കിയിലേക്ക്​. മൂന്നാറിലെ കുറിഞ്ഞി ഉദ്യാനത്തിന്‍റെ അതിര്‍ത്തി പുനര്‍നിര്‍ണ്ണയിക്കാന്‍ മന്ത്രിതല സംഘം ഇടുക്കിയിലേക്ക് പോകും. റവന്യൂ, വനം ​ മന്ത്രിമാർക്ക്​ പുറമെ ഇടുക്കിയിൽ നിന്നുള്ള മന്ത്രി എം.എം മണിയും സംഘത്തിലുണ്ടാകും. മുഖ്യമന്ത്രി വിളിച്ച് ചേർത്ത യോഗത്തിന്റേതാണ് തീരുമാനം.

 ReadMore: കൊട്ടക്കമ്പൂർ ഇതാണ്, ഇവിടെ സംഭവിക്കുന്നത് ഇതും

വട്ടവട പഞ്ചായത്തിലെ “നീലക്കുറിഞ്ഞി വന്യജീവി സാങ്ച്വറി” യുമായി ബന്ധപ്പെട്ട് അവിടുത്തെ പ്രദേശ വാസികളായ ജനങ്ങള്‍ക്കുള്ള ആശങ്കകളും തര്‍ക്കങ്ങളും പരിഹരിക്കാനും യോഗത്തിൽ ധാരണയായി. റവന്യൂ, വനം, വൈദ്യുതി വകുപ്പു മന്ത്രിമാര്‍, ഉദ്യോഗസ്ഥന്‍മാര്‍, പ്രാദേശിക ജനപ്രതിനിധികള്‍ എന്നിവരെ വിളിച്ചു ചേര്‍ത്ത് ഗവൺമെന്റിന്റെ നയം വിശദീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കികൊണ്ട് സാങ്ച്വറി നടപ്പിലാക്കില്ല എന്നു തന്നെയാണ് സര്‍ക്കാരിന്റെ നയമെന്ന് എം.എം മണി പറഞ്ഞു. ജനങ്ങളെ വിശ്വാസത്തിലെടുത്തും ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി പ്രദേശ വാസികളെ കൂടി സഹകരിപ്പിച്ചു മാത്രമെ സാങ്ച്വറി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് ഇന്നത്തെ യോഗത്തില്‍ തീരുമാനിച്ചു.

കൊട്ടക്കമ്പൂരിലെ നിര്‍ദിഷ്ട കുറിഞ്ഞി സങ്കേതം യാഥാര്‍ഥ്യമാകാത്തതിനു പിന്നില്‍ നിക്ഷിപ്ത താല്‍പര്യക്കാരായ കൈയേറ്റക്കാരാണെന്നു ദേവികുളം സബ് കളക്ടർ നേരത്തെ സത്യവാങ്ങ്മൂലം നൽകിയിരുന്നു. മൂന്നാറുമായി ബന്ധപ്പെട്ട കേസില്‍ ദേശീയ ഹരിത ട്രൈബ്യൂണലില്‍ നല്‍കിയ സത്യവാങ്ങ്മൂലത്തിലാണ് വട്ടവടയ്ക്കു സമീപം കൊട്ടക്കാമ്പൂരില്‍ പ്രഖ്യാപിച്ച കുറിഞ്ഞിമല ദേശീയോദ്യാനത്തിന് തടസമാകുന്നത് കൈയേറ്റക്കാരാണെന്ന് ആരോപിച്ചിട്ടുളളത്. . ഓഗസ്റ്റ് 23-ന് ദേശീയ ഹരിതട്രൈബ്യൂണലില്‍ സത്യവാങ്മൂലം നൽകിയത്.

വി എസ് അച്യുതാന്ദൻ നേതൃത്വം നൽകിയ എൽ ഡി എഫ് മന്ത്രിസഭയുടെ കാലത്താണ് 2006 ൽ മൂന്നാറിലെ വട്ടവടയിൽ കുറിഞ്ഞി സങ്കേതം പ്രഖ്യാപിച്ചത്. അന്നത്തെ വനംമന്ത്രിയായിരുന്ന ബിനോയ് വിശ്വമാണ് കുറിഞ്ഞി സങ്കേതം പ്രഖ്യാപിച്ചത്. 3200 ഹെക്ടര്‍ വിസ്തൃതിയില്‍ കൊട്ടക്കമ്പൂര്‍ വില്ലേജിലെ 58 ആം ബ്ലോക്കിലും ദേവികുളം വില്ലേജിലെ 62 ആം ബ്ലോക്കിലുമായാണ് നീലക്കുറിഞ്ഞി സങ്കേതം വിഭാവനം ചെയ്തിരുന്നത്. നീലക്കുറിഞ്ഞി സങ്കേതം പ്രഖ്യാപനം കഴിഞ്ഞ് 12 വർഷം ആകാറാകുമ്പോഴും സങ്കേതത്തിന്റെ അതിര്‍ത്തിയുമായി ബന്ധപ്പെട്ട സെറ്റില്‍മെന്റുകള്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിനു സാധിച്ചിട്ടില്ല.

Read More: കുറിഞ്ഞിക്കാല”മെടുത്തെങ്കിലും കുറിഞ്ഞിസങ്കേത സ്വപ്നം പൂവിടുമോ?

നിര്‍ദിഷ്ട കുറിഞ്ഞി സങ്കേതമായി പ്രഖ്യാപിച്ചിരിക്കുന്ന മേഖലകളിലെ സ്ഥലങ്ങളുടെ കൈമാറ്റത്തില്‍ വന്‍ തോതിലുള്ള ക്രമക്കേടുകളുണ്ടെന്നും പലരും വ്യാജ പട്ടയങ്ങള്‍ സമ്പാദിച്ചിട്ടുണ്ടെന്നും എടുത്തു പറയുന്നുണ്ട്. ഹൈക്കോടതി ഈ മേഖലകളിലെ ഭൂമിയുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ഈ വിഷയത്തിലെ പൊലീസ് അന്വേഷണം ഇതുവരെ പൂര്‍ത്തിയായിട്ടില്ലെന്നും ഹരിത ട്രൈബ്യൂണലിൽ നൽകിയ സത്യവാങ്ങ്മൂലത്തില്‍ പറയുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ