സീറോ മലബാർ സഭയുടെ ഭൂമി വിൽപ്പനയിലെ ക്രമക്കേട് ആരോപണത്തെ കുറിച്ച് അന്വേഷിക്കാൻ സഭ ആറംഗ കമ്മീഷനെ നിയമിച്ചു. ജനുവരി അവസാനത്തിനകം കമ്മീഷൻ കുംഭകോണം സംബന്ധിച്ച റിപ്പോർട്ട് നൽകും

സീറോ മലബാർ സഭയുടെ എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴിലുള്ള ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങളാണ് സഭയില്‍ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. കോടികളുടെ നഷ്ടം ഈ ഇടപാടുകളിലൂടെ സഭയ്കക്ക് ഉണ്ടായതായാണ് ആരോപണം.

സംഭവത്തില്‍ കര്‍ദിനാളിന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക സംഘം അന്വേഷണ കമ്മീഷനെ സംഭവത്തെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിയമിച്ചു കഴിഞ്ഞു. ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് എറണാകുളം-അങ്കമാലി രൂപതയുടെ ഉടമസ്ഥതയില്‍ എറണാകുളം നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി സ്ഥിതിചെയ്യുന്ന വിവിധയിടങ്ങളിലെ ഭൂമികള്‍ വില്‍ക്കാന്‍ സഭ തീരുമാനിച്ചത്. ഇതിനായി സഭ തന്നെ ആളുകളെയും നിയമിച്ചിരുന്നു. എന്നാല്‍ സഭ നിശ്ചയിച്ച വിലയിലും കുറച്ചാണ് വില്‍പ്പന നടത്തിയതെന്നും ഭൂമിയുടെ വില പൂര്‍ണമായും ലഭിച്ചില്ലെന്നുമാണ് ആരോപണം ഉയര്‍ന്നത്.

പണം മുഴുവന്‍ ലഭിക്കുന്നതിനു മുമ്പുതന്നെ കര്‍ദിനാള്‍ ആലഞ്ചേരി ആധാരങ്ങള്‍ ഒപ്പിട്ടു നല്‍കിയെന്നും ഇതു സഭയ്ക്കു കനത്ത നഷ്ടമുണ്ടാക്കിയെന്നും ആരോപണം ഉയർന്നു. ഭൂമി നൽകിയ ഒരാൾക്ക് പണം നല്‍കാന്‍ കഴിയാത്തതിനാൽ പകരം ഭൂമി സഭയ്ക്കു നല്‍കിയെന്നും ഇത് വനമേഖലയ്ക്കു സമീപമുള്ള ആര്‍ക്കും വേണ്ടാത്ത സ്ഥലമായിരുന്നുവെന്നുമാണ് സഭയ്ക്കുളളിൽ ആക്ഷേപം ഉയർന്നു.

സംഭവത്തില്‍ കര്‍ദിനാളിനെക്കണ്ട് ഒരു വിഭാഗം വൈദികര്‍ നേരിട്ടു പരാതി ഉന്നയിച്ചതോടെയാണ് ഭൂമി കുംഭകോണം പുറത്തായതും സഭയ്ക്കുള്ളിലും വൈദികര്‍ക്കുള്ളിലും വിഷയത്തില്‍ നിലനില്‍ക്കുന്ന ഭിന്നത മറനീക്കി പുറത്തുവന്നതും. തുടര്‍ന്നാണ് വൈദികരും, അഭിഭാഷകരും ഭൂമിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അറിവുള്ളവരുമായ ആറംഗ അന്വേഷണ കമ്മീഷനെ വിഷയം പഠിക്കാന്‍ നിയോഗിച്ചത്. കമ്മീഷന്‍ ജനുവരി 31-ന് വിഷയത്തില്‍ റിപ്പോര്‍ട്ടു സമര്‍പ്പിക്കും. ഭൂമി വില്‍പ്പനയില്‍ എന്തെങ്കിലും പാളിച്ചകള്‍ പറ്റിയോ, സഭാ ചട്ടങ്ങള്‍ക്കു വിരുദ്ധമായി എന്തെങ്കിലും സംഭവിച്ചോ എന്നീ കാര്യങ്ങള്‍ മനസിലാക്കാന്‍ ലക്ഷ്യമിട്ടാണ് കമ്മീഷനെ നിയോഗിച്ചതെന്നും റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്കു വിഷയത്തില്‍ തുടര്‍നടപടികളുണ്ടാകുമെന്നും സഭയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ വ്യക്തമാക്കി.

അതേസമയം, ഭൂമി വില്‍പ്പനയില്‍ സഭാ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുമ്പോള്‍ പുലര്‍ത്തേണ്ട മാനദണ്ഡങ്ങള്‍ ഒന്നുംതന്നെ പാലിച്ചിട്ടില്ലായെന്നതാണ് യാഥാര്‍ഥ്യമെന്നും പേര് വെളിപ്പെടുത്താൻ വിസമ്മതിച്ച മുതിര്‍ന്ന വൈദികന്‍ അഭിപ്രായപ്പെട്ടു. നിലവില്‍ സഭയുടെ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുമ്പോള്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമായിരിക്കണം ഇടപാടുകള്‍ നടത്തേണ്ടത്. എന്നാല്‍ ഈ ഭൂമി വില്‍പ്പനയില്‍ അതുണ്ടായില്ലെന്നതാണ് പ്രശ്‌നം. സഭാ തലവനെന്ന നിലയില്‍ മാര്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയായിരുന്നു ഈ വിഷയത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരുന്നത്. എന്നാല്‍ അതുണ്ടായില്ലെന്നതാണ് വിഷയത്തില്‍ അദ്ദേഹത്തെ സമ്മര്‍ദത്തിലാക്കുന്നത്. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവരുന്നതോടെ വിഷയത്തിന്റെ നിജസ്ഥിതി പുറത്തുവരുമെന്നു കരുതാം വൈദികന്‍ പറയുന്നു.

കേരളത്തില്‍ വിശ്വാസികളുടെ എണ്ണത്തില്‍ മുൻപന്തിയിലുള്ള സീറോ മലബാര്‍ സഭയിൽ ഉയർന്നിരിക്കുന്ന ഭൂമി വിവാദം കത്തോലിക്കാ സഭയെ സമീപകാലത്തെ അതിന്റെ ഏറ്റവും വലിയ പ്രതിസന്ധിയിലാണ് എത്തിച്ചിരിക്കുന്നത്. നേരത്തെ സഭയുടെ ഉടമസ്ഥതയിലുള്ള ദീപിക ദിനപത്രം കൈമാറുകയും തിരികെ സഭയ്ക്ക് പത്രം ലഭിക്കാൻ കോടികള്‍ നൽകേണ്ടിവരുകയും ചെയ്തതായി ആക്ഷേപം ഉയർന്നിരുന്നു. ഇത് സഭയെ വന്‍ വിവാദത്തിലാഴ്ത്തുകയും ചെയ്തിരുന്നു.

എറണാകുളം -അങ്കമാലി അതിരൂപതയുടെ ഭൂമി വില്‍പ്പന സംബന്ധിച്ച വിവരങ്ങള്‍ സഭാംഗങ്ങൾക്കിടയിൽ വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. മാസങ്ങളായി മൗനം പാലിച്ച സഭ വിഷയം കൈവിടുന്നവെന്ന് കണ്ട സാഹചര്യത്തിലാണ് വിഷയത്തില്‍ അന്വേഷണ കമ്മീഷന്‍ രൂപീകരിച്ച വിവരം സഭ ഔദ്യോഗികമായി സമ്മതിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ