കുമരകം: ബിജെപി എംപിയും ഏഷ്യാനെറ്റ് ന്യൂസ് ചെയർമാനുമായ രാജീവ് ചന്ദ്രശേഖര്‍ എംപിയുടെ കമ്പനിയുടെ ഉടമസ്ഥതയിലുള്ള കുമരകത്തെ നിരാമയ റിട്രീറ്റ് സെന്റര്‍ നിര്‍മാണത്തില്‍ നിയമലംഘനമെന്ന് കുമരകം ഗ്രാമപഞ്ചായത്ത്. റവന്യൂ, കായല്‍ ഭൂമികള്‍ റിസോര്‍ട്ട് കൈയ്യേറിയതായാണ് പഞ്ചായത്ത് വിലയിരുത്തല്‍. ഭൂമി കയ്യേറ്റത്തിനെതിരെ കുമരകം പഞ്ചായത്തു പ്രസിഡന്റ് എ.പി.സലിമോൻ മുഖ്യമന്ത്രി പിണറായി വിജയനു പരാതി നൽകി.

കോട്ടയം താലൂക്കിൽ കുമരകം വില്ലേജിൽ രണ്ടു സർവേ നമ്പരുകളിൽ കയ്യേറ്റമുണ്ടെന്നാണു പരാതി. കയ്യേറ്റം ഒഴിപ്പിക്കണമെന്നു ഹൈക്കോടതി നിർദേശമുണ്ടായിട്ടും പുറമ്പോക്കു ഭൂമി അളന്നു തിട്ടപ്പെടുത്താൻ റവന്യു അധികൃർ തയ്യാറായില്ലെന്നും പരാതിയിൽ പറയുന്നു. കർണാടകയിൽ നിന്നുള്ള ബിജെപിയുടെ രാജ്യസഭാ എംപിയാണു രാജീവ് ചന്ദ്രശേഖർ.

കുമരകം കവണാറ്റിന്‍കരയില്‍ പ്രധാന റോഡില്‍ നിന്നും കായല്‍ വരെ നീളുന്ന പുരയിടത്തില്‍ പഞ്ചനക്ഷത്ര റിസോര്‍ട്ട് നിര്‍മ്മിക്കുന്നതിനായാണ് കായല്‍ കൈയ്യേറ്റമുണ്ടായിരിക്കുന്നത്. കുമരകത്തു നിന്നും വേമ്പനാട് കായലിലേക്ക് ഒഴുകുന്ന നേരേ മടത്തോടിന്റെ ഒരുവശം പൂര്‍ണമായും തീരംകെട്ടി കൈയ്യേറി റിസോര്‍ട്ട് മതിലിനുള്ളിലാക്കി. ഈ തോടിന്റെയും റാംസര്‍ സൈറ്റില്‍ ഉള്‍പ്പെടുന്ന അതീവ പരിസ്ഥിതി പ്രാധാന്യമുള്ള വേമ്പനാട് കായലിന്റെയും തീരത്തോട് ചേര്‍ന്നാണ് നിര്‍മ്മാണം പുരോഗമിക്കുന്നത്. ഇതിന് പുറമെ ഇവിടുള്ള പുറമ്പോക്കും കൈവശമാക്കി. ഏതാണ്ട് നാല് ഏക്കറോളം ഭൂമിയാണ് ഇത്തരത്തില്‍ രാജ്യസഭ എംപി കൈയ്യേറിയിരിക്കുന്നത്.

ഹൈക്കോടതി ഇടപെടലിനെത്തുടര്‍ന്ന് കോട്ടയം താലൂക്ക് സര്‍വെയര്‍ അളന്ന് നല്‍കിയ റിപ്പോര്‍ട്ടില്‍ കൈയ്യേറ്റം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനെല്ലാം പുറമെ തീരദേശ പരിപാലന നിയമവും മലിനീകരണ നിയമങ്ങളും മറ്റ് നിർമ്മാണച്ചട്ടങ്ങളും ലംഘിച്ചതായി പരാതിയുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ