ആലപ്പുഴ: കായല്‍ കയ്യേറ്റത്തില്‍ മന്ത്രി തോമസ് ചാണ്ടിയുടെ രാജി തള്ളി എന്‍സിപി സംസ്ഥാന നേതൃത്വം. തോമസ് ചാണ്ടി രാജിവയ്‌ക്കേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ലെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരന്‍ മാസ്റ്റര്‍. എജിയുടെ നിയമോപദേശം ലഭിച്ച ശേഷം അടുത്ത തീരുമാനം എടുക്കും. കേസ് നിലവില്‍ കോടതിയുടെ പരിധിയിലാണ്. നിയമോപദേശം അനുകൂലമാകുമെന്നാണ് പ്രതീക്ഷ. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി രാജിവയ്‌ക്കേണ്ട കാര്യമില്ല. അദ്ദേഹം തെറ്റ് ചെയ്യാത്തകാലത്തോളം രാജി ആവശ്യമില്ലെന്നും കോടതി വിധി വന്നതിനുശേഷം മാത്രം അടുത്ത തീരുമാനം ഉണ്ടാകുമെന്നും ടി പി പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.

തോമസ് ചാണ്ടിയെ സിപിഎമ്മും കൈവിടുന്നുവെന്ന റിപ്പോർട്ടുകൾക്കിടയിലാണ് എൻസിപി ശക്തമായ പിന്തുണയുമായി രംഗത്തുവന്നത്. നിയമോപദേശം എതിരായാൽ ചാണ്ടിയുടെ രാജി ആവശ്യപ്പെടണമെന്ന നിലപാടിലാണ് സിപിഎം. ഇക്കാര്യത്തിൽ ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനമെടുത്തേക്കും.

അതേസമയം, ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജി തീരുമാനിക്കേണ്ടത് സർക്കാരും എൽഡിഎഫും ആണെന്ന് മുൻ മന്ത്രി എ.കെ ശശീന്ദ്രൻ. തോമസ് ചാണ്ടിയുടെ രാജിയും തന്‍റെ മന്ത്രിസ്ഥാനവും തമ്മിൽ യാതൊരു ബന്ധവും ഇല്ലെന്നും ശശീന്ദ്രൻ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ