കൊച്ചി: ഭൂമി വിൽപ്പനയുടെ വിവാദം പുകയുന്ന എറണാകുളം -അങ്കമാലി അതിരൂപതയില്‍ പുതിയ നീക്കങ്ങളുമായി വൈദികര്‍ രംഗത്തിറങ്ങുന്നു. ഭൂമി കുംഭകോണത്തില്‍ പ്രതിസ്ഥാനത്തായ കര്‍ദിനാള്‍ രാജിവച്ചൊഴിയണമെന്ന് വൈദിക സമിതി യോഗത്തില്‍ ചിലർ ആവശ്യം ഉയർത്തിയിരുന്നു. അതിന് പിന്നാലെ ഒരു വിഭാഗം വൈദികര്‍ കര്‍ദിനാള്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പരസ്യമായി രംഗത്തെത്തുമെന്നാണ് പുറത്തുവരുന്ന വിവരം.
ഒരാഴ്ചയ്ക്കുള്ളില്‍ ഭൂമി വിവാദത്തില്‍ നടപടിയുണ്ടായില്ലെങ്കില്‍ പരസ്യമായി പത്രമ്മേളനം വിളിച്ചു കര്‍ദിനാളിന്റെ രാജി ആവശ്യപ്പെടാന്‍ ഒരുവിഭാഗം വൈദികര്‍ തയാറെടുക്കുന്നുണ്ടെന്നാണ് സീറോ മലബാർ സഭയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. നേരത്തേ ഭൂമി വിവാദവുമായി ബന്ധപ്പെട്ട് സഭ നിയോഗിച്ച അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് കര്‍ദിനാളിനും ഭൂമി വില്‍പ്പനയ്ക്ക് നേതൃത്വം നല്കിയ വൈദികര്‍ക്കും പൂര്‍ണമായും എതിരായിരുന്നു. എന്നാല്‍ ഇതിനു ശേഷവും നടപടിയുണ്ടാകാതെ വരുന്നതാണ് വൈദികരെ ചൊടിപ്പിക്കുന്നത്.
ഇതിനിടെ കഴിഞ്ഞ വൈദിക സമിതി യോഗത്തില്‍ കര്‍ദിനാള്‍ എറണാകുളം-അങ്കമാലി അതിരൂപതയിലെ വിശ്വാസികള്‍ക്കായി എഴുതുമെന്നറിയിച്ചിരുന്ന ഇടയലേഖനം വായിക്കുന്നത് അടുത്ത ഞായറാഴ്ചത്തേയ്ക്കു മാറ്റി. ഇടയലേഖനം എഴുതാന്‍ കര്‍ദിനാള്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ഇടയലേഖനം വായിക്കുന്നതു മാറ്റിവച്ചതെന്ന് സഭയുമായി ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടി.
ഇതിനിടെ ആര്‍ച്ച് ഡയോസിയന്‍ മൂവ്മെന്റ് ഫോര്‍ ട്രാന്‍സ്പെരന്‍സി(എഎംടി)യുടെ നേതൃത്വത്തില്‍ വൈക്കം വെല്‍ഫെയര്‍ സെന്ററില്‍ ചേരാനിരുന്ന യോഗം സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വേണ്ടെന്നു വയ്ക്കണെന്നാവശ്യപ്പെട്ട് വൈക്കം എസ്ഐ ഭാരവാഹികള്‍ക്കു കത്തു നല്കി. കര്ദിനാള്കൂടി ഉള്‍പ്പെട്ട ഭൂമി വിഷയം ചര്‍ച്ച ചെയ്യുന്നതില്‍ പ്രതിഷേധിച്ച് കര്‍ദിനാളിനെ അനുകൂലിക്കുവര്‍ സംഘര്ഷമുണ്ടാക്കുമെന്നു സൂചനയുള്ളതിനാല്‍ യോഗം മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് പോലീസ് കത്ത് നല്‍കിയത്. തുടര്‍ന്ന് ആര്‍ച്ച് ഡിയോസിയന് മൂവ്മെന്റ് ഫോര്‍ ട്രാന്‍സ്പെരന്‍സി(എഎംടി)യുടെ നേതൃത്വത്തില്‍ പൊതുനിരത്തില്‍ യോഗം ചേര്‍ന്നു. ഭൂമി കുംഭകോണം ഗൗരവമേറിയ വിഷയമാണെന്നും ഇക്കാര്യത്തില്‍ കര്‍ശന നടപടി ആവശ്യമാണെന്നും യോഗത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. ഇതിനു മുമ്പ് അങ്കമാലിയില്‍ ചേര്‍ന്ന ആര്‍ച്ച് ഡിയോസിയന് മൂവ്മെന്റ് ഫോര്‍ ട്രാന്‍സ്പെരന്‍സി(എഎംടി)യുടെ യോഗവും കര്‍ദിനാള്‍ അനുകൂലികള്‍ തടസപ്പെടുത്തിയിരുന്നു.
ഇതിനിടെ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് ഇതുവരെ അറുതിയായിട്ടില്ലെന്ന സൂചന നല്‍കുന്നതാണ് ഇപ്പോഴും തുടരുന്ന വിവാദങ്ങൾ. ഇതിനിടെ എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴിലുള്ള പള്ളികളില്‍ കര്‍ദിനാളിനെ ബഹിഷ്കരിക്കാനും പള്ളികള്‍ രൂപതയ്ക്കു നല്കുന്ന വിഹിതം കൊടുക്കുന്നതു നിര്‍ത്താനും ഒരുവിഭാഗം വൈദികര്‍ തീരുമാനിച്ചിട്ടുണ്ട്. കാനോന്‍ നിയമപ്രകാരം സീറോ മലബാര്‍ സഭയ്ക്കു കീഴിലുള്ള പള്ളികള്‍ തങ്ങളുടെ വരുമാനത്തിന്റെ മൂന്നു മുതല്‍ 15 ശതമാനം വരെയാണ് രൂപതയിലേക്കു നല്‍കേണ്ടത്. എറണാകുളം-അങ്കമാലി അതിരൂപതയ്ക്കു കീഴില്‍ 300 -ഓളം പള്ളികളുണ്ടെന്നാണ് കണക്ക്. തെരട്ട് എന്ന പേരില്‍ അറിയപ്പെടുന്ന ഈ വിഹിതമായി വര്‍ഷം തോറും നാലു കോടിയിലധികം രൂപയാണ് എറണാകുളം-അങ്കമാലി അതിരൂപതയ്ക്കു ലഭിക്കുന്നത്.
ഇതിനിടെ വിവാദങ്ങള്‍ തുടരുമ്പോഴും കര്‍ദിനാള്‍ വിഷയത്തില്‍ കൃത്യമായ പ്രതികരണം ഇതുവരെ നടത്തിയിട്ടില്ല. ഉടന്‍ പ്രശ്നം പരിഹരിക്കുമെന്നു പറയുമ്പോഴും നടപടിയുണ്ടാകുന്നില്ലെന്നാണ് വൈദികർ നേരിടുന്ന പ്രതിസന്ധി. പ്രശ്ന പരിഹാരത്തിനായി സീറോ മലബാര്‍ സഭ നിയോഗിച്ച അഞ്ചംഗ മെത്രാന് സിനഡ് വിഷയത്തില്‍ കാര്യമായ ഇടപെടല്‍ നടത്തിയില്ലെന്നും വൈദികര്‍ ആരോപിക്കുന്നു. മെത്രാന്മാരോടും കർദിനാളിനോടുമല്ല, വൈദികരോടാണ് അൽമായർ ഈ ധാർമ്മിക പ്രശ്നം നേരിട്ട് ഉന്നയിക്കുന്നത്. അതിന് മറുപടി പറയാൻ ബാധ്യതയുളള കർദിനാൾ തന്നെ പ്രതിക്കൂട്ടിൽ നിൽക്കുമ്പോൾ തങ്ങൾ എന്തുചെയ്യും. ധാർമ്മിക ബാധ്യത ഏറ്റെടുക്കാനുളള ഉത്തരവാദിത്വം കർദിനാളിനുണ്ട് അവർ പറയുന്നു.