കൊച്ചി: എറണാകുളം -അങ്കമാലി അതിരൂപതയിലെ ഭൂമി വിവാദവുമായി ബന്ധപ്പെട്ട് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ സസ്‌പെന്‍ഡു ചെയ്തിരുന്ന അതിരൂപതാ പ്രിസ്ബിറ്ററല്‍ കൗണ്‍സില്‍ (വൈദിക സമിതി) പുനരുജ്ജീപ്പിക്കാന്‍ തീരുമാനമായി. എറണാകുളം -അങ്കമാലി അതിരൂപതയിലെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായ മാര്‍ ജേക്കബ് മാനത്തോടത്താണ് അതിരൂപതാ പ്രിസ്ബിറ്ററല്‍ കൗണ്‍സിലിന്റെ പ്രവര്‍ത്തനം പുനരുജ്ജീവിപ്പിക്കാന്‍ തീരുമാനിച്ചത്.

ഭൂമി വിവാദത്തെ തുടര്‍ന്ന് റോമില്‍ നിന്ന് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ച മാര്‍ ജേക്കബ് മാനത്തോടത്ത് താല്‍ക്കാലികമായി എറണാകുളം-അങ്കമാലി അതിരൂപതയിലെ സഭാ സമിതികളുടെ പ്രവര്‍ത്തനം മരവിപ്പിച്ചു നിര്‍ത്തുകയായിരുന്നു. ഇത്തരത്തില്‍ മരവിപ്പിച്ചു നിര്‍ത്തിയ സമിതികളില്‍ ഫിനാന്‍സ് കൗണ്‍സിലിന്റെ പ്രവര്‍ത്തനം വീണ്ടും അടുത്തിടെ പുനരാരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഫാ.കുര്യാക്കോസ് മുണ്ടാടന്‍ സെക്രട്ടറിയായ വൈദിക സമിതി പുനരുജ്ജീവിപ്പിച്ചത്.

എറണാകുളം -അങ്കമാലി അതിരൂപതയിലെ 450-ഓളം വൈദികരില്‍ നിന്നു തിരഞ്ഞെടുക്കുന്ന 44 വൈദികര്‍ ഉള്‍പ്പെടുന്നതാണ് വൈദിക സമിതി. സമിതി വീണ്ടും പുനരുജ്ജീവിക്കുന്നതോടെ രൂപതയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികര്‍ക്കു കൂടുതലായി ഇടപെടാനാവുമെന്നാണ് വിവരം.

സീറോ മലബാര്‍ സഭ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ പ്രതിക്കൂട്ടിലാക്കിയ എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി വിവാദം മറനീക്കി പുറത്തുവന്നത് വൈദിക സമിതിയുടെ ഇടപെടലിനെത്തുടര്‍ന്നായിരുന്നു. തുടര്‍ന്നു സഭയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായി വൈദികര്‍ നടപടിയാവശ്യപ്പെട്ട് തെരുവിലിറങ്ങി സമരം ചെയ്യുകയുമുണ്ടായി. തുടര്‍ന്നാണ് റോമില്‍ നിന്ന് മാര്‍ ജേക്കബ് മാനത്തോടത്തിനെ എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചതും മാര്‍ ആലഞ്ചേരിയെ എറണാകുളം-അങ്കമാലി അതിരൂപയില്‍ നിന്നു മാറ്റിയതും.

സഭാ നേതൃത്വത്തിനെതിരേ സമരം ചെയ്ത വൈദികര്‍ക്കെതിരേ നടപടിയുണ്ടാകുമെന്നു പ്രചാരണമുണ്ടായിരുന്നെങ്കിലും ഇതുണ്ടായില്ലെന്നു മാത്രമല്ല സമരം ചെയ്ത വൈദികരുടെ നേതൃത്വത്തിലുള്ള വൈദിക സമിതിയാണ് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ വീണ്ടും പ്രവര്‍ത്തനം പുനരാരംഭിക്കുന്നതും. ഇതിനിടെ എറണാകുളത്തു നടക്കുന്ന സീറോ മലബാര്‍ സഭ സിനഡ് നാളെ സമാപിക്കും. സിനഡില്‍ എറണാകുളം -അങ്കമാലി അതിരൂപതയുടെ ഭരണകാര്യങ്ങള്‍ക്കായി അഡ്മിനിസ്‌ട്രേറ്റീവ് ആർച്ച് ബിഷപ്പിനെ നിയമിച്ചേക്കുമെന്നും സൂചനയുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook