കൊച്ചി: ഭൂമി വില്‍പ്പന വിവാദവുമായി ബന്ധപ്പെട്ട് എറണാകുളം-അങ്കമാലി അതിരൂപതയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ സിനഡോടെ അവസാനിക്കുമെന്ന പ്രതീക്ഷകള്‍ അസ്ഥാനത്തായതായി സൂചന. ഭൂമി വിവാദത്തില്‍ കര്‍ദിനാളിനെതിരേ പരാതി അയക്കണമെന്ന തീരുമാനം നടപ്പിലാക്കണമെന്ന ആവശ്യവുമായി എറണാകുളം-അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വൈദികര്‍ രംഗത്തെത്തി.

ഇതോടെ ഭൂമി വിഷയം വീണ്ടും സീറോ മലബാര്‍ സഭയില്‍ നീറിപ്പുകയുന്ന വിഷയമായി തുടരുമെന്ന സൂചന നല്‍കുന്നത്. കഴിഞ്ഞയാഴ്ച ചേര്‍ന്ന സീറോ മലബാര്‍ സഭയിലെ മെത്രാന്‍മാരുടെ സിനഡ് ഭൂമി വിഷയം പഠിക്കാന്‍ കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മൂലക്കാട്ട് അധ്യക്ഷനായ അഞ്ചംഗ മെത്രാന്‍ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ഭൂമി വില്‍പ്പന വിഷയത്തില്‍ കര്‍ദിനാളിനു വീഴ്ച പറ്റിയെന്ന് കണ്ടെത്തിയതെന്നാണ് സഭാ വൃത്തങ്ങള്‍ നിന്നുളള വിവരം. സിനഡ് എറണാകുളം-അങ്കമാലി അതിരൂപതയില്‍ സഹായമെത്രാന്‍മാര്‍ക്കു കൂടുതല്‍ അധികാരങ്ങള്‍ നല്‍കാന്‍ തീരുമാനമെടുത്തിരുന്നു. അതോടൊപ്പം ഭൂമി വിഷയത്തില്‍ സഹായമെത്രാന്‍മാരുടെ സാന്നിധ്യത്തിലല്ലാതെ കര്‍ദിനാള്‍ ഭാവിയില്‍ ഇടപാടുകള്‍ നടത്തരുതെന്നും സിനഡ് നിര്‍ദേശം നല്‍കിയിരുന്നു.

സിനഡിന്രെ തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ മാര്‍പാപ്പയ്ക്ക് പരാതി അയക്കാനുള്ള തീരുമാനത്തില്‍ നിന്ന് വൈദികര്‍ പിന്മാറുമെന്നായിരുന്നു നേരത്തേ സഭയ്ക്കുളളിലും പുറത്തും രൂപപ്പെട്ട വിശ്വാസം. എന്നാല്‍ ഈ വിഷയം മാര്‍പാപ്പയെ അറിയിക്കണമെന്നും തുടര്‍ന്ന് വത്തിക്കാനില്‍ നിന്നുള്ള കമ്മീഷന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തുന്നത് ഭാവിയില്‍ ഇത്തരം സംഭവങ്ങളുണ്ടാകാതിരിക്കാന്‍ സഹായിക്കുമെന്നുമാണ് വൈദികരുടെ വാദം. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ റോമില്‍ തന്നെ ഇത്തരം അന്വേഷണ കമ്മീഷനുകള്‍ നിയോഗിക്കപ്പെടുകയും അന്വേഷണം നടത്തുകയും ചെയ്തിട്ടുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. മാര്‍പാപ്പയ്ക്കു പരാതി അയക്കുന്നതിനു മുന്നോടിയായി പ്രസ്ബിറ്റല്‍ കൗണ്‍സില്‍ ഉടന്‍ വിളിക്കാന്‍ കര്‍ദിനാളില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്നും എന്നാല്‍ ഇതു നടന്നില്ലെങ്കില്‍ വൈകാതെ പരാതി നേരിട്ട് അയക്കാനാണ് വൈദികരുടെ തീരുമാനമെന്നുമാണ് അറിയുന്നത്.

ഇത് സാമ്പത്തിക വിഷയമായി മാത്രം കാണാൻ സാധിക്കില്ലെന്നും ധാർമ്മിക പ്രശ്നമാണെന്നും അതിനാൽ ഇതിൽ കടുത്ത തീരുമാനങ്ങളാണ് ആവശ്യമെന്നുമാണ് ഈ വിഭാഗം വൈദികരുടെയും അൽമായരുടെയും ആവശ്യം. സഭയുടെ ധാർമ്മിക മൂല്യങ്ങളാണ് ഈ വിഷയത്തിൽ ചോദ്യം ചെയ്യപ്പെടുക. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനേക്കാൾ പ്രധാനമാണ് ധാർമ്മികതയെന്ന വാദമാണ് മാർപാപ്പയ്ക്ക് പരാതി നൽകാനും വത്തിക്കാൻ ഇടപെടണമെന്നും ആവശ്യപ്പെടുന്നവർ ഉന്നയിക്കുന്ന പ്രധാന വാദം.

മാര്‍പാപ്പയ്ക്ക് പരാതി അയക്കാനുള്ള തീരുമാനത്തില്‍ വൈദിക സമൂഹം ഉറച്ചുനില്‍ക്കുകയാണെങ്കിൽ വരും ദിവസങ്ങളിൽ ഭൂമി വിവാദം സഭയിലെ സജീവ വിഷയമായി തന്നെ തുടരും

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.