കൊച്ചി: ഭൂമി വിവാദം നിലയിലാക്കയത്തിലാക്കിയ എറണാകുളം-അങ്കമാലി അതിരൂപതയില്‍ അനുരജ്ഞന നീക്കങ്ങളുമായി കേരള കാത്തലിക് ബിഷപ്സ് കൗണ്‍സില്‍(കെസിബിസി). മലങ്കര സഭാധ്യക്ഷനും കര്‍ദിനാളുമായ ബസേലിയോസ് മാര്‍ ക്ലീമിസ്, കെസിബിസി പ്രസിഡന്റും തിരുവനന്തപുരം ആര്‍ച്ചുബിഷപ്പുമായ ഡോ. സൂസൈപാക്യം എന്നിവരാണ് ശനിയാഴ്ച എറണാകുളം അങ്കമാലി അതിരൂപതയിലെത്തിയത്.
ഭൂമി പ്രശ്നത്തില്‍ ഇടഞ്ഞുനില്‍ക്കുന്ന വൈദികരുമായും സഹായമെത്രാന്മാരുമായും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായും ചര്‍ച്ച നടത്തിയത്. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാദര്‍ വര്‍ഗീസ് വള്ളിക്കാട്ടിന്റെ പ്രത്യേക താല്പര്യപ്രകാരമായിരുന്നു ഇരുവരും എറണാകുളം -അങ്കമാലി അതിരൂപതാ ആസ്ഥാനത്തെത്തിയതെന്നാണ് പുറത്തുവരുന്ന വിവരം.
ചര്‍ച്ചകളുടെ ഭാഗമായി ഇടഞ്ഞുനില്‍ക്കുന്ന വൈദികരെ കണ്ടെങ്കിലും ഭൂമി വിവാദവുമായി ബന്ധപ്പെട്ട വിഷയത്തില്‍ തീരുമാനമുണ്ടാക്കുകയും തെറ്റു ചെയ്തവര്‍ ശിക്ഷ അനുഭവിക്കുകയും വേണമെന്ന നിലപാടില്‍ വൈദികര്‍ ഉറച്ചുനില്‍ക്കുകയായിരുന്നുവെന്നാണ് വിവരം. ഏതു തരത്തിലുമുള്ള സഹകരണത്തിനും തയാറാണെന്നു പറഞ്ഞ വൈദികര്‍ പ്രശ്നപരിഹാരത്തിനായി സിനഡ് മാതൃകയില്‍ ഭൂമിവിഷയം ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ അനുവദിക്കില്ലെന്നും നിലപാടു വ്യക്തമാക്കിയെന്നാണ് സൂചന. തുടര്‍ന്നു കര്‍ദിനാളുമായി കൂടുതല്‍ ചര്‍ച്ചകള്‍ക്കു ശേഷം മറുപടി നല്‍കാമെന്നു പറഞ്ഞ് കര്‍ദിനാള്‍ ക്ലീമിസും, സൂസൈപാക്യവും മടങ്ങുകയായിരുന്നുവെന്നാണ് വിവരം.
ഭൂമി വിഷയത്തില്‍ പ്രതിസ്ഥാനത്തായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കും രണ്ടു വൈദികര്‍ക്കുമെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഉത്തരവിട്ടതോടെയാണ് ഭൂമി വിവാദം വീണ്ടും സീറോ മലബാര്‍ സഭയില്‍ ആളിക്കത്തിയത്. വെള്ളിയാഴ്ച നഗരത്തില്‍ പ്രകനം നടത്തിയ വൈദികര്‍ കര്‍ദിനാള്‍ മാറി നില്‍ക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം പാസാക്കി സഹായമെത്രാന്മാര്ക്കു കൈമാറുകയും ചെയ്തു. സഭയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായി വൈദികര്‍ തെരുവിലേക്കിറങ്ങിയതോടെ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന തിരിച്ചറിവിലാണ് കെസിബിസി വിഷയത്തില്‍ അടിയന്തര ഇടപെടലിന് ഒരുങ്ങിയതെന്നാണ് വിവരം. അതേസമയം കര്‍ദിനാളും വൈദികരും തങ്ങളുടെ നിലപാടുകളില്‍ ഇളവുവരുത്താന്‍ തയാറാകാത്തതിനാല്‍ കെസിബിസിയുടെ അനുരഞ്ജന നീക്കം എത്രത്തോളം ഫലിക്കുമെന്നു കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.