കൊച്ചി: ഹണി ബീ ടുവിന്റെ ചിത്രീകരണത്തിനോട് നടി സഹകരിച്ചിരുന്നില്ലെന്ന് നടൻ ലാൽ. ഒന്നോ രണ്ടോ സീനിൽ അഭിനയിക്കാനാണ് യുവനടി വന്നത്. ഷൂട്ടിങ്ങിനിടെ താനൊട്ടും കംഫർട്ടിബിൾ അല്ലെന്നു നടി ജീൻ പോളിനോട് പറഞ്ഞു. കംഫർട്ടബിൾ അല്ലെങ്കിൽ പൊയ്ക്കോളാൻ ജീൻ പറഞ്ഞു. അഭിനയിക്കേണ്ട സീൻ പോലും പൂർത്തിയാക്കാതെയാണ് യുവനടി പോയത്. ഒടുവിൽ മറ്റൊരു പെൺകുട്ടിയെ വച്ചാണ് ആ സീൻ പൂർത്തിയാക്കിയത്. പ്രതിഫലമായി 50000 രൂപ നൽകാമെന്നു പറഞ്ഞിരുന്നു. പക്ഷേ ഷൂട്ട് പൂർത്തിയാക്കാതെ പോയതിനാൽ പ്രതിഫലം നൽകേണ്ടെന്ന് താനാണ് ജീനിനോട് പറഞ്ഞതെന്ന് ലാൽ മാധ്യമങ്ങളോട് പറഞ്ഞു.
(കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്)
ഒരു മാസം മുൻപാണ് വക്കീൽ നോട്ടീസ് വന്നത്. അപ്പോൾ പ്രതിഫലമായി നൽകാമെന്നു പറഞ്ഞ 50000 രൂപ നൽകണമെന്നാണ് പറഞ്ഞത്. അത് കൊടുക്കാമെന്നു പറഞ്ഞു. എന്നാൽ ഇപ്പോൾ 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ജീനും അനൂപും ടിവിയിലൂടെ മാപ്പ് പറയണമെന്നും പറഞ്ഞു. ഇനി കാശ് കൊടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും കേസിനെ നിയമപരമായി നേരിടുമെന്നും ലാൽ പറഞ്ഞു. യുവനടിയുടേത് അനാവശ്യ പരാതിയാണെന്നും നനഞ്ഞയിടം കുഴിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.