കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് അറസ്റ്റിലായ സംഭവത്തില്‍ പ്രതികരണവുമായി സംവിധായകനും നടനുമായ ലാല്‍. താനൊരു മരവിച്ച അവസ്ഥയിലാണെന്നും ദിലീപ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ലെന്നും അദ്ദേഹം പറഞ്ഞു. ദിലീപുമായി വര്‍ഷങ്ങള്‍ നീണ്ട ബന്ധമുണ്ടെങ്കിലും ഇത്തരത്തിലല്ല താന്‍ കരുതിയതെന്നും അദ്ദേഹം പറഞ്ഞു.

“ഇതിന്റെ പിറകിലുളള കാര്യങ്ങള്‍ ഇപ്പോള്‍ എന്താണെന്ന് നമുക്ക് പറയാന്‍ കഴിയില്ല. ദിലീപാണ് പ്രതിയെന്ന് വിശ്വസിക്കുന്നവരുണ്ടാകും. ദിലീപല്ല പ്രതിയെന്നും വിശ്വസിക്കുന്നവരുണ്ടാകാം. കാത്തിരുന്ന് കാണാമെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ രംഗത്ത് ഇല്ലാത്തതിന്റെ നൂറിരട്ടി വൈരാഗ്യബുദ്ധിയോടെയാണ് ദിലീപ് സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്നതെന്ന് സംവിധായകന്‍ വിനയനും പ്രതികരിച്ചു. വൈരാഗ്യ ബുദ്ധിയല്ല കലാകാരന് വേണ്ടതെന്നും വിനയന്‍ പറഞ്ഞു. തന്റെ സഹപ്രവര്‍ത്തകയോട് ഇത്തരത്തില്‍ ക്രൂരമായി പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ മുഖത്ത് നോക്കാന്‍ പോലും സാധിക്കില്ല. ഇത് സത്യമാണെങ്കില്‍ അയാളെ കാണാന്‍ പോലും ആഗ്രഹിക്കുന്നില്ലെന്നും വിനയന്‍ പറഞ്ഞു.

നേരത്തേ ആക്രമിക്കപ്പെട്ടതിന് പിന്നാലെ നടി ലാലിന്റെ വീട്ടിലേക്കാണ് സഹായം തേടി പോയത്. ലാല്‍ വിളിച്ചറിയിച്ചതനുസരിച്ചാണ് പോലീസ് എത്തിയത്. റേഞ്ച് ഐജി വിജയനെ തന്നെ ഫോണില്‍ വിളച്ചതോടെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ രാത്രിയോടെ ലാലിന്റെ വീട്ടിലെത്തി നടിയില്‍ നിന്നും മൊഴിയെടുക്കുകയായിരുന്നു.

അക്രമി സംഘം കാറില്‍ കയറ്റിയ നടിയെ പലവഴികളിലൂടെ കൊണ്ടുപോയി കൈയ്യേറ്റം ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങളും ചിത്രീകരിച്ചു. പരാതി നല്‍കിയാല്‍ ഇവ പുറത്തുവിടുമെന്ന് സംഘം ഭീഷണിപ്പെടുത്തുകയായിരുന്നു.
നടി പരാതി പറയില്ലെന്നായിരുന്നു സംഘത്തിന്റെ വിശ്വാസം. എന്നാല്‍ മണിക്കൂറുകള്‍ക്കകം പോലീസ് ഇടപെട്ടതോടെയാണ് ഡ്രൈവര്‍ മാര്‍ട്ടില്‍ അറസ്റ്റിലായത്. മണിക്കൂറുകളോളം നടിയെ കാറിലിട്ട് ഉപദ്രവിച്ച ശേഷം കാക്കനാട്ടാണ് ഇറക്കി വിട്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ