കൊച്ചി: ആക്രമണത്തിനിരയായ നടിക്ക് പൾസർ സുനിയുമായി ദീർഘനാളത്തെ സൗഹൃദമുണ്ടായിരുന്നെന്ന ദിലീപിന്റെ വാദത്തെ തളളി നടനും സംവിധായകനുമായ ലാൽ. ആക്രമിക്കപ്പെട്ട നടിയും പൾസർ സുനിയും തമ്മിൽ ദീർഘകാലത്തെ പരിചയമുണ്ടെന്ന് പറഞ്ഞിട്ടില്ല. ഗോവയിലെ ഷൂട്ടിങ്ങിനിടെ ഒരു ദിവസത്തെ പരിചയം മാത്രമാണുളളത്. തെറ്റിദ്ധാരണ മൂലമാകാം ദിലീപ് അങ്ങനെ പറഞ്ഞതെന്നും ലാൽ പറഞ്ഞതായി മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്തു.

റിപ്പോര്‍ട്ടര്‍ ടിവിയുടെ ന്യൂസ് നൈറ്റിലായിരുന്നു ആക്രമണത്തിനിരയായ നടിയും പള്‍സര്‍ സുനിയും തമ്മില്‍ വര്‍ഷങ്ങളായുള്ള പരിചയമുണ്ടെന്നും സൗഹൃദമുണ്ടെന്നും ദിലീപ് പറഞ്ഞത്. നടിയും പള്‍സര്‍ സുനിയും ഒരുമിച്ച് നടന്ന ആളുകളാണ്. ആരോടൊക്കെ കൂട്ടുകൂടണമെന്ന് ചിന്തിക്കണം. തനിക്ക് ഇത്തരം ആളുകളുമായി കൂട്ടില്ല. ഇവര്‍ ഒരുമിച്ച് ഗോവയിലൊക്കെ വര്‍ക്ക് ചെയ്തിട്ടുണ്ടെന്നും ദിലീപ് പറഞ്ഞിരുന്നു. ഇക്കാര്യങ്ങള്‍ എങ്ങനെയറിയാം എന്നു ചോദിച്ചപ്പോഴാണ് സംവിധായകന്‍ ലാലാണ് പറഞ്ഞതെന്ന് ദിലീപ് പറഞ്ഞത്.

അതേസമയം, നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ബ്രയിൻ മാപ്പിങ്ങോ, നാർക്കോനാലിസിസ്സ്‌, ടെസ്റ്റോ, നുണ പരിശോധനയോ എന്തിനും തയാറാണെന്ന് ദിലീപ് വ്യക്തമാക്കിയിട്ടുണ്ട്. അത്‌ മറ്റാരെയും കുറ്റവാളിയാക്കാനല്ല, എന്റെ നിരപരാധിത്വം തെളിയിക്കാൻ വേണ്ടി മാത്രമെന്ന് ദിലീപ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ