കൊച്ചി: നടിക്കെതിരായ ആക്രമണത്തെക്കുറിച്ച് ദിലീപ് നേരത്തെ അറിഞ്ഞെന്ന കേസിലെ മുഖ്യപ്രതിയുടെ മൊഴി പുറത്തുവന്നതിനുപിന്നാലെ ദിലീപിനെ പിന്തുണച്ച് സിനിമാലോകം. സംവിധായകൻ ലാൽ ജോസ്, ജൂഡ് ആന്റണി, നടൻ അജു വർഗീസ് എന്നിവർ ഫെയ്സ്ബുക്ക് പേജിലൂടെ ദിലീപിനു പിന്തുണ അറിയിച്ചു. ”നിന്നെ കഴിഞ്ഞ 26 വർഷങ്ങളായി എനിക്കറിയാം. ഞാൻ നിന്നെ വിശ്വസിക്കുന്നു. ആരൊക്കെ കരിവാരിത്തേക്കാൻ ശ്രമിച്ചാലും ഞാൻ നിന്നോടൊപ്പമുണ്ട്. നിന്നെ അറിയുന്ന സിനിമാക്കാരും” ഇതായിരുന്നു ലാൽ ജോസ് ഫെയ്സ്ബുക്കിൽ കുറിച്ചത്.
കോടതി പറയുന്നത് വരെ, ആരും കുറ്റവാളികള്‍ അല്ലെന്നും ആരോപിക്കുന്ന കുറ്റം തെളിയുന്ന വരെ ആരെയും ക്രൂശിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നുമായിരുന്നു ജൂഡ് ആന്റണിയുടെ വാക്കുകൾ. മാങ്ങയുള്ള മാവില്‍ കല്ലെറിയല്‍ സ്വാഭാവികം. എന്ന് കരുതി വല്ലവന്റേം മാവില്‍ കരിങ്കല്ലുകള്‍ വാരി എറിയരുതെന്നും ജൂഡ് പറയുന്നു.
ദിലീപ് ഏട്ടനോട് ഇപ്പോൾ കാണിക്കുന്നത് നിർബന്ധിതമായി പ്രതിയാക്കാൻ ഉള്ള ശ്രമമാണെന്നും നടിയോട് അതിക്രമം കാണിച്ച പ്രതിയെ കണ്ടുപിടിക്കുക തന്നെ വേണമെന്നും അജു വർഗീസ് ഫെയ്സ്ബുക്കിൽ എഴുതി. രണ്ടും രണ്ട് ആണെന്ന് മനസിലാക്കാൻ ഉള്ള വിവേകം 100% സാക്ഷരതാ അവകാശപ്പെടുന്ന നമ്മുടെ പൊതു സമൂഹം കാണിക്കണം. സത്യങ്ങൾ ചുരുളഴിയുന്നത് വരെ കുറ്റപ്പെടുത്താതെ ഇരുന്നു കൂടേയെന്നും അജു ചോദിച്ചു.