കൊച്ചി: ദിലീപിനെ അമ്മ സംഘടനയിൽനിന്നും പുറത്താക്കിയതും തിരിച്ചെടുത്തതും തിടുക്കത്തിലുളള തീരുമാനമായിരുന്നുവെന്ന് ലാൽ. അതാണ് ഇത്രയും പ്രശ്‌നങ്ങൾക്ക് വഴിവച്ചത്. രാജിവച്ചത് നടിമാരുടെ വ്യക്തിപരമായ നിലപാടാണ്. പൊലീസ് അന്വേഷണത്തിലിരിക്കുന്ന കേസായതുകൊണ്ട് കൂടുതൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
വിവാദങ്ങളോട് പ്രതികരിക്കാനില്ലെന്ന് നടൻ ജയസൂര്യ പറഞ്ഞു. ഞാൻ സംഘടനയിലെ ഒരു മെംബർ മാത്രമാണ്, സംഘടനയല്ല. ഔദ്യോഗികമായി ഭാരവാഹികൾ പ്രതികരിക്കുമെന്നും ജയസൂര്യ പറഞ്ഞു.
നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപിനെ അമ്മ സംഘടനയിൽ തിരിച്ചെടുക്കാനുളള നടപടിക്കെതിരെ വ്യാപകമായി പ്രതിഷേധം ഉയർന്നിട്ടുണ്ട്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊച്ചിയിലെ മോഹൻലാലിലേക്ക് വീട്ടിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. വീടിനു മുന്നിൽ കുത്തിയിരുന്ന് ഉപരോധിച്ചു. സോഷ്യൽ മീഡിയയിലും സംഘടനയുടെ നടപടിക്കെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
ദിലീപിനെ ‘അമ്മ’ സംഘടനയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ചാണ് ആക്രമിക്കപ്പെട്ട നടി ഉള്‍പ്പടെ നാലു പേർ അമ്മയില്‍ നിന്നും രാജി വച്ചത്. ഗീതു മോഹന്‍ദാസ്, രമ്യാ നമ്പീശന്‍, റിമ കല്ലിങ്കല്‍ എന്നിവരാണ് ആക്രമിക്കപ്പെട്ട നടിക്കൊപ്പം സംഘടനയിൽ പുറത്തു പോകാനുളള തീരുമാനമെടുത്തത്. ഇവര്‍ മൂന്ന് പേരും ‘വിമന്‍ ഇന്‍ സിനിമാ കളക്‌ടീവ്’ അംഗങ്ങളുമാണ്. വുമൺ ഇൻ സിനിമാ കളക്‌ടീവിന്റെ ഫെയ്‌ബുക്ക് പേജിലൂടെയാണ് നടിമാർ രാജിക്കാര്യം അറിയിച്ചത്.
തനിക്ക് നേരെ നടന്ന ആക്രമണത്തിൽ കുറ്റാരോപിതനായ നടനെ ‘അമ്മ’യിലേക്ക് തിരിച്ചെടുത്തതു കൊണ്ടല്ല രാജി എന്നാണ് ആക്രമിക്കപ്പെട്ട നടി പോസ്റ്റിൽ പറഞ്ഞിരുന്നത്. ഇതിനു മുന്പ് ഈ നടൻ തന്റെ അഭിനയ അവസരങ്ങൾ തട്ടിമാറ്റിയിട്ടുണ്ടെന്നും അന്ന് പരാതിപ്പെട്ടപ്പോൾ ഗൗരവപ്പെട്ട ഒരു നടപടിയും സംഘടന എടുത്തിരുന്നില്ലെന്നും നടി പറയുന്നു. ഇത്രയും മോശപ്പെട്ട അനുഭവം തന്റെ ജീവിതത്തിൽ ഉണ്ടായപ്പോൾ താൻ കൂടി അംഗമായ സംഘടന കുറ്റാരോപിതനായ വ്യക്തിയെ സംരക്ഷിക്കാനാണ് കൂടുതൽ ശ്രമിച്ചതെന്നും ഇനിയും ഈ സംഘടനയുടെ ഭാഗമായിരിക്കുന്നതിൽ അർത്ഥമില്ല എന്ന് മനസ്സിലാക്കി ഞാൻ രാജി വയ്‌ക്കുകയാണെന്നും ആക്രമിക്കപ്പെട്ട നടി ഫെയ്സ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.