തിരുവനന്തപുരം: ലോ അക്കാദമി പ്രിൻസിപ്പൽ സ്ഥാനത്തു നിന്നും ലക്ഷമി നായർ രാജിവെയ്ക്കണമെന്ന് ലോ അക്കാദമി ചെയർമാനും ബി ജെ പി മുൻ സംസ്ഥാന പ്രസിഡന്റുമായ അഡ്വ. കെ. അയ്യപ്പൻപിള്ള ആവശ്യപ്പെട്ടു. ലക്ഷ്മി നായർ രാജിവെയ്ക്കാൻ തയ്യാറായില്ലെങ്കിൽ താൻ ചെയർമാൻ സ്ഥാനത്തു നിന്നും രാജിവെയ്ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
നേരത്തെ എസ് എഫ് ഐയും മാനേജ്മെന്റും തമ്മിലുണ്ടാക്കിയ കരാറിലും അയ്യപ്പൻപിള്ള ഒപ്പുവച്ചിരുന്നു. ആ കരാർ പ്രകാരം അഞ്ച് വർഷത്തേയ്ക്കു ലക്ഷ‌്മി നായർ മാറി നിൽക്കും എന്നായിരുന്നു ധാരണ. എന്നാൽ ബി ജെ പി ലോ അക്കാദമിക്കെതിരെ സമരം തുടുമ്പോൾ അയ്യപ്പൻപിള്ള സ്വീകരിച്ച സമീപനത്തെ കുറിച്ച് വന്ന വാർത്തകൾ ബി ജെ പിയെ സമ്മർദ്ദത്തിലാക്കിയിരുന്നു. കഴിഞ്ഞ ദിവസം ലോ അക്കാദമിയുടെ ബൈലോ മാറ്റണമെന്നാവശ്യപ്പെട്ട് ബി ജെ പി മുൻ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരൻ കോടതിയെ സമീപിച്ചിരുന്നു.