കൊച്ചി: വന്‍തോതിലുള്ള കടല്‍പായല്‍ കൃഷിയുമായി ലക്ഷദ്വീപ് ഭരണകൂടം. ജനവാസമുള്ള ഒമ്പത് ദ്വീപുകളിലാണു കൃഷി ആരംഭിച്ചിരിക്കുന്നത്. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) ദ്വീപില്‍ പരീക്ഷണാടിസ്ഥാനത്തിലുള്ള കൃഷി വന്‍ വിജയമായതിനെ തുടര്‍ന്നാണിത്.
രണ്ടായിരത്തി അഞ്ഞൂറോളം മുളച്ചങ്ങാടങ്ങള്‍ ഉപയോഗിച്ച് സിഎംഎഫ്ആര്‍ഐയുടെ സാങ്കേതിക സഹായത്തോടെയാണു ദ്വീപുകളില്‍ കൃഷി ആരംഭിച്ചിരിക്കുന്നത്. ലക്ഷദ്വീപിലെ തദ്ദേശീയ ഇനമായ എഡുലിസ് എന്ന പായലാണ് കൃഷി ചെയ്യുന്നത്. സ്ത്രീകളുടെ നേതൃത്വത്തിലുള്ള 10 സ്വയം-സഹായക സംഘങ്ങളുള്‍പ്പെടെ ദ്വീപിലെ 100 കുടുംബങ്ങള്‍ക്കാണു കൃഷിയുടെ ഗുണം ആദ്യഘട്ടത്തില്‍ ലഭിക്കുക.
ലക്ഷദ്വീപിലെ കടല്‍ത്തീരങ്ങള്‍ പായല്‍കൃഷിക്ക് ഏറ്റവും അനയോജ്യമാണെന്നും മരുന്ന്-ഭക്ഷ്യ വ്യവസായങ്ങള്‍ക്ക് ഗുണകരമാകുന്ന മികച്ച പായലുകള്‍ ഇവിടെ ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്നുമാണ് സിഎംഎഫ്ആര്‍ഐയുടെ കണ്ടെത്തല്‍. തദ്ദേശീയ പായല്‍വര്‍ഗങ്ങളുടെ കൃഷിക്ക് ദ്വീപ് തീരങ്ങളില്‍ 45 ദിവസനത്തിനുള്ളില്‍ 60 മടങ്ങ് വരെ വളര്‍ച്ചാനിരക്ക് ലഭിക്കുമെന്നും പഠനത്തില്‍ മനസിലായി. ഇതേത്തുടര്‍ന്നാണ് ലക്ഷദ്വീപ് ഭരണകൂടം സിഎംഎഫ്ആര്‍ഐയുമായി ചേര്‍ന്ന് കില്‍ത്താന്‍, ചെത്ത്‌ല, കടമത്ത്, അഗത്തി, കവരത്തി ദ്വീപുകളില്‍ കഴിഞ്ഞ വര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ കടല്‍പായല്‍ കൃഷി നടത്തിയത്.

ലക്ഷദ്വീപ് തീരങ്ങളില്‍നിന്ന് പ്രതിവര്‍ഷം 75 കോടി രൂപയുടെ കടല്‍പായല്‍ ഉല്‍പാദിപ്പിക്കാമെന്ന് പഠനത്തിലൂടെ ബോധ്യപ്പെട്ടെന്ന് സിഎംഎഫ്ആര്‍ഐയിലെ ശാസ്ത്രജ്ഞന്‍ ഡോ. മുഹമ്മദ് കോയ പറഞ്ഞു. വിവിധ ദ്വീപുകളിലെ 21,290 ഹെക്ടര്‍ വിസ്തൃതിയിലുള്ള ലഗൂണുകളുടെ (തീരക്കടല്‍) ഒരു ശതമാനം മാത്രം (200 ഹെക്ടര്‍) ഉപയോഗിച്ചാണിത്. ഏകദേശം മുപ്പതിനായിരം ടണ്‍ ഉണങ്ങിയ പായല്‍ ഓരോ വര്‍ഷവും വിളവെടുക്കാം. ഒരു ഹെക്ടറില്‍നിന്ന് 150 ടണ്‍ വരെ ഉല്‍പാദനം നേടാമെന്നും അദ്ദേഹം പറയുന്നു.
സാമ്പത്തിക നേട്ടത്തിനു പുറമെ, കാലാവസ്ഥാവ്യതിയാനത്തെ ചെറുക്കാനും കടല്‍പായല്‍ കൃഷി അനുയോജ്യമാണെന്നും സിഎംഎഫ്ആര്‍ഐ ചൂണ്ടിക്കാട്ടുന്നു. വന്‍തോതില്‍ കാര്‍ബണ്‍ ഡയോക്‌സൈഡിനെ ആഗിരണം ചെയ്ത് പിടിച്ചുവയ്ക്കാന്‍ കടല്‍പായലുകള്‍ക്ക് ശേഷിയുണ്ട്. തങ്ങള്‍ നിര്‍ദേശിച്ച അളവില്‍ കൃഷി ചെയ്യുന്നതിലൂടെ മാത്രം പ്രതിദിനം 6500 ടണ്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് ഇത്തരത്തില്‍ പായലുകള്‍ക്ക് സംഭരിച്ചുവയ്ക്കാനാകുമെന്നും സിഎംഎഫ്ആര്‍ഐ പറഞ്ഞു.

ലക്ഷദ്വീപ് ഫിഷറീസ്, വനം-പരിസ്ഥിതി, ഗ്രാമവികസന വകുപ്പുകളുടെ സംയുക്ത പങ്കാളിത്തത്തോടെയാണ് പദ്ധതി. സിഎംഫ്ആര്‍ഐയുടെ കീഴില്‍ കവരത്തിയില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷദ്വീപ് കൃഷിവിജ്ഞാന കേന്ദ്രത്തിന്റെ സഹകരണവുമുണ്ട്. കടല്‍പായല്‍ കൃഷി ജനകീയമാക്കല്‍, നൈപുണ്യ വികസനം എന്നിവയാണ് ആദ്യഘട്ട കൃഷിയുടെ പ്രധാന ലക്ഷ്യം. ഇതോടൊപ്പം, കൃഷിയുടെ പാരിസ്ഥിതിക പ്രതിഫലനങ്ങള്‍, സ്ഥലനിര്‍ണയത്തിനുള്ള മാപ്പിങ്, ആഴമുള്ള സ്ഥലങ്ങളിലെ കൃഷിരീതി വികസനം തുടങ്ങിയ പഠനങ്ങള്‍ സിഎംഎഫ്ആര്‍ഐ ചെയ്തുവരുന്നുണ്ട്.
Also Read: കോവിഷീല്‍ഡിന്റെ ഇടവേള കുറച്ചു; 28 ദിവസത്തിന് ശേഷം രണ്ടാം ഡോസ് സ്വീകരിക്കാമെന്ന് ഹൈക്കോടതി