/indian-express-malayalam/media/media_files/uploads/2021/12/School-students.jpg)
പ്രതീകാത്മക ചിത്രം
കൊച്ചി: നിരവധി വിവാദ പരിഷ്‌കാരങ്ങള്‍ക്കു പിന്നാലെ സ്‌കൂളുകളുടെ അവധി ദിനവും സമയക്രമവും മാറ്റി ലക്ഷദ്വീപ് ഭരണകൂടം. സ്‌കൂളുകള്‍ ഇനി മുതല്‍ ആഴ്ചയില്‍ ആറുദിവസം പ്രവര്‍ത്തിക്കും. ഞായര്‍ മാത്രമായിരിക്കും അവധി. വെള്ളിയാഴ്ച അവധി ഒഴിവാക്കി.
മുസ്ലിം ഭൂരിപക്ഷപ്രദേശമായ ലക്ഷദ്വീപില്‍ ആറു പതിറ്റാണ്ട് മുന്‍പ് സ്‌കൂളുകള്‍ ആരംഭിച്ചതു മുതല്‍ വെള്ളി അവധി സംവിധാനമാണു തുടര്‍ന്നിരുന്നത്. വെള്ളിയാഴ്ച മുഴുവനായും ഞായറാഴ്ച ഉച്ചയ്ക്കുശേഷവും സ്‌കൂളുകള്‍ക്ക് അവധിയായിരുന്നു. ഇതാണു 17നു പുറപ്പെടുവിച്ച ഉത്തരവിലൂടെ ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് മാറ്റിയത്.
പുതിയ ഉത്തരവിലൂടെ ക്ലാസ് സമയക്രമവും പുനക്രമീരിച്ചിട്ടുണ്ട്. ഇനി മുതല്‍ ആഴ്ചയില്‍ ആറ് ദിവസവും (തിങ്കള്‍ മുതല്‍ ശനി വരെ) രാവിലെ 9.30 മുതല്‍ 12.30 വരെയും ഉച്ചകഴിഞ്ഞ് 1.30 മുതല്‍ 4.30 വരെയുമായിരിക്കും ക്ലാസ്. നാല് പീരിയഡുകള്‍ വീതമുള്ളതാണ് ഓരോ സെഷനും.
അവധിമാറ്റത്തിനെതിരെ ലക്ഷദ്വീപില്‍ എതിര്‍പ്പുയരുകയാണ്. സമയമാറ്റം വെള്ളിയാഴ്ച പ്രാര്‍ഥനയെ ബാധിക്കുമെന്ന ആശങ്ക പരക്കെയുണ്ട്. പുതിയ സമയക്രമത്തിനുള്ളില്‍ പ്രാര്‍ഥന പൂര്‍ത്തിയാക്കി മടങ്ങിയെത്താന്‍ കഴിയില്ലെന്നതാണ് പൊതുവെ ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ബന്ധപ്പെട്ട ആരുമായും ചര്‍ച്ച നടത്താതെ, അടിച്ചേല്‍പ്പിക്കുന്ന തരത്തിലുള്ളതാണു പുതിയ സംവിധാനമെന്നും ഇതിനെതിരെ ദ്വീപ് നിവാസികള്‍ക്കിടയില്‍ വ്യാപകമായി പ്രതിഷേധമുണ്ടെന്നും മുഹമ്മദ് ഫൈസല്‍ എം പി പറഞ്ഞു.
Also Read: സംസ്ഥാനത്ത് സമ്പൂർണ വാക്സിനേഷൻ 75 ശതമാനം പിന്നിട്ടു
''ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ കീഴിലുള്ള എല്ലാ സ്‌കൂളുകളിലും തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി(എസ്എംസ്)കളുണ്ട്. സ്‌കൂള്‍ സമയ, അവധി മാറ്റം തീരുമാനം എസ്എംസിയുമായി ചര്‍ച്ച ചെയ്തിട്ടില്ല. വിദ്യാഭ്യാസം സംബന്ധിച്ച കാര്യങ്ങള്‍ക്കായി ജില്ലാ പഞ്ചായത്തിനു കീഴില്‍ പ്രത്യേക കമ്മിറ്റിയുണ്ട്. ആ കമ്മിറ്റിയിലെ അംഗങ്ങളായ ജില്ലാ പഞ്ചായത്ത് അംഗങ്ങളുമായും കൂടിയാലോചനയോ ചര്‍ച്ചയോ നടത്തിയിട്ടില്ല. ലക്ഷദ്വീപില്‍നിന്നുള്ള പാര്‍ലമെന്റ് അംഗമായ എന്നോടും വിഷയത്തില്‍ കൂടിയാലോചന നടത്തയിട്ടില്ല,''എംപി പറഞ്ഞു.
''ആരാണ് ഈ തീരുമാനങ്ങള്‍ എടുത്തത്? ലക്ഷദ്വീപ് ജനത ആവശ്യപ്പെടാതെയുള്ള ഈ മാറ്റം എന്തിനുവേണ്ടിയാണ്? ലക്ഷദ്വീപില്‍ സ്‌കൂളുകള്‍ ആരംഭിച്ചതു മുതലുള്ള അവധി, ക്ലാസ് സമയക്രമമാണ് മാറ്റിയിരിക്കുന്നത്. ദ്വീപിന് ഇതുവരെ 36 അഡ്മിനിസ്‌ട്രേറ്റര്‍മാരുണ്ടായിട്ടുണ്ട്. സ്‌കൂള്‍ സമയവും അവധിയും മാറ്റണമെന്ന് അവര്‍ക്കാര്‍ക്കും തോന്നിയിട്ടില്ല. കാരണം വളരെ മികച്ച സമയക്രമായിരുന്നു അത്. ഞായറാഴ്ച ഉച്ചവരെ സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്നതിനാല്‍ ദ്വീപില്‍ രാജ്യത്തെ മറ്റു ഭാഗങ്ങളേക്കാള്‍ കൂടുതല്‍ പിരിയഡുകളുണ്ടായിരുന്നു,'' എം പി പറഞ്ഞു.
വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും വികാരം മാനിച്ച് പുനപ്പരിശോധിക്കണമെന്ന് ലക്ഷദ്വീപ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി അബ്ബാസ് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് അദ്ദേഹം അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ ഉപദേഷ്ടാവിനു കത്തയച്ചു. ലക്ഷദ്വീപിലെ ജനസംഖ്യയില്‍ ഭൂരിഭാഗവും മുസ്ലിങ്ങളാണെന്നും വെള്ളിയാഴ്ച നമസ്‌കാരം മതപരമായ ആചാരമാണെന്നും അദ്ദേഹം കത്തില്‍ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.