കൊച്ചി: രാജ്യത്ത് കോവിഡ് മഹാമാരി പടർന്ന് ഒരു വർഷത്തിനുശേഷം തിങ്കളാഴ്ച ലക്ഷദ്വീപ് ദ്വീപിൽ ആദ്യത്തെ കോവിഡ് -19 കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടു.
ഇന്ത്യ റിസർവ് ബറ്റാലിയനിലെ ഉദ്യോഗസ്ഥനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇയാൾ ജനുവരി മൂന്നിന് കൊച്ചിയിൽ നിന്നും കപ്പലിൽ കാവരത്തിയിലേക്ക് പുറപ്പെട്ടിരുന്നു. തിങ്കളാഴ്ച നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. രോഗം സ്ഥിരീകരിച്ചയാൾ ലക്ഷദ്വീപിലെ താമസക്കാരനല്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
രണ്ടാഴ്ച മുൻപാണ് കൊച്ചിയിൽ നിന്ന് ദ്വീപിൽ എത്തുന്നവർക്ക് നിർബന്ധിത ക്വാറന്റൈൻ ആവശ്യമില്ലെന്ന് ഭരണകൂടം ഉത്തരവിട്ടത്. ഇതിന് പിന്നാലെയാണ് ലക്ഷദ്വീപിൽ ആദ്യ കേസ് കണ്ടെത്തിയിരിക്കുന്നത്. ഡിസംബർ അവസാനയാഴ്ച്ചയാണ് ലക്ഷദ്വീപ് യാത്രയ്ക്കായുള്ള മാനദണ്ഡങ്ങളിൽ ഭരണകൂടം മാറ്റം വരുത്തിയത്.
Read More: സംസ്ഥാനത്ത് ഇന്ന് 6186 പേര്ക്ക് കോവിഡ്; 4296 പേർക്ക് രോഗമുക്തി
ലക്ഷദ്വീപിൽ ഇതുവരെ ഒരു കോവിഡ് പോസിറ്റീവ് കേസ് പോലും റിപ്പോർട്ട് ചെയ്തിരുന്നില്ല.
വൈറസ് പടരാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചുകൊണ്ട്, അദ്ദേഹവുമായി ബന്ധപ്പെട്ടിരുന്ന എല്ലാവരേയും ക്വാറന്റൈനിൽ പ്രവേശിപ്പിക്കാൻ ഭരണകൂടം നിർദ്ദേശിച്ചു.
ഇയാളുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളവരുടെ സാമ്പിളുകൾ ലാബ് പരിശോധനയ്ക്കായി എടുത്തിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.
ചൊവ്വാഴ്ച മുതൽ കപ്പലുകൾ ഉൾപ്പെടെ എല്ലാ അന്തർ ദ്വീപ് യാത്രകളും ഭരണകൂടം താൽക്കാലികമായി നിർത്തിവച്ചു.
48 മണിക്കൂറിനുള്ളിൽ നടത്തിയ കൊറോണ പരിശോധനയിൽ കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ചാൽ ലക്ഷദ്വീപിൽ എവിടെയും സഞ്ചരിക്കാമെന്നാണ് പുതിയ മാർഗ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നത്. നേരത്തെ ലക്ഷദ്വീപിലേക്ക് പോകണമായിരുന്നുവെങ്കിൽ ഒരാഴ്ച്ച കൊച്ചിയിൽ ക്വാറന്റെയ്നിൽ കഴിഞ്ഞ് കൊറോണയില്ലെന്ന് ഉറപ്പു വരുത്തണമായിരുന്നു. ലക്ഷദ്വീപിലെത്തിയ ശേഷവും 14 ദിവസം നിരീക്ഷണത്തിൽ കഴിയണമായിരുന്നു.