scorecardresearch
Latest News

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു; നടപടി സുപ്രീം കോടതി ഹര്‍ജി പരിഗണിക്കാനിരിക്കെ

വധശ്രമക്കേസില്‍ കവരത്തി സെഷന്‍സ് കോടതിയുടെ ശിക്ഷാവിധി ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു

Lakshadweep, MP, Loksabha

ന്യൂഡല്‍ഹി: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയ ഉത്തരവ് ലോക്സഭ സെക്രട്ടേറിയറ്റ് പിന്‍വലിച്ചു. സെക്രട്ടേറിയറ്റിന്റെ നടപടിയെ ചോദ്യം ചെയ്തുള്ള മുഹമ്മദ് ഫൈസലിന്റെ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് പുതിയ ഉത്തരവിറങ്ങിയത്.

വധശ്രമക്കേസില്‍ കവരത്തി സെഷന്‍സ് കോടതിയുടെ ശിക്ഷാവിധി ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. എന്നാല്‍ ഹൈക്കോടതി ഉത്തരവിന് പിന്നാലെയും അയോഗ്യത പിന്‍വലിച്ചിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് മുഹമ്മദ് ഫൈസല്‍ സുപ്രീം കോടതിയെ സമീപിച്ചത്.

കവരത്തി സെഷന്‍സ് കോടതിയുടെ ശിക്ഷാവിധി വന്ന ജനുവരി 11 മുതലായിരുന്നു ഫൈസലിനെ ലോക്‌സഭാംഗത്വത്തിൽനിന്ന് അയോഗ്യനാക്കിയിരിക്കുകയാണ്. 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ എട്ടാം വകുപ്പ് പ്രകാരവും ഭരണഘടനയുടെ 102-ാം അനുച്ഛേദത്തിലെ (എൽ) (ഇ) വകുപ്പുകൾ പ്രകാരമാവുമായിരുന്നു നടപടി.

2009-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ അന്തരിച്ച കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി എം സയീദിന്റെ മരുമകൻ മുഹമ്മദ് സാലിഹിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ശിക്ഷ. ഫൈസൽ ഉൾപ്പെടെ നാലുപേർക്കാണ് ലക്ഷദ്വീപ് കോടതി 10 വർഷം തടവ് ശിക്ഷ വിധിച്ചത്. തടവിന് പുറമെ ഒരു ലക്ഷം രൂപ പിഴയും നല്‍കണമെന്നും വിധിയില്‍ പറയുന്നു.

തുടര്‍ന്നാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസിലെ സാക്ഷിമൊഴികളില്‍ വൈരുധ്യമില്ലെന്നും ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചതെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം ഹൈക്കോടതി തള്ളുകയായിരുന്നു. ആയുധങ്ങള്‍ കണ്ടെടുത്തില്ലെങ്കിലും പ്രതികള്‍ക്കെതിരെ ശക്തമായ സാഹചര്യ തെളിവുകളുണ്ടെന്ന വാദവും അംഗീകരിക്കപ്പെട്ടില്ല.

ജീവഹാനി സംഭവിക്കാന്‍ തക്ക മുറിവുകള്‍ പരാതിക്കാര്‍ക്ക് ഉണ്ടായിരുന്നില്ലെന്നും കേസ് ഡയറിയിലടക്കം വൈരുധ്യങ്ങളുണ്ടെന്നുമായിരുന്നു മുഹമ്മദ് ഫൈസല്‍ ഉള്‍പ്പടെ നാലു പ്രതികള്‍ വാദിച്ചത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Lakshadweep mp muhammed faisals disqualification cancelled