കവരത്തി: വധശ്രമക്കേസസില് ലക്ഷദ്വീപ് എംപി പി പി മുഹമ്മദ് ഫൈസല്‍ ഉള്‍പ്പടെ നാലു പേര്‍ക്കു 10 വര്‍ഷം തടവ് ശിക്ഷ. കവരത്തി ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
2009ലെ തിരഞ്ഞെടുപ്പിനിടെയായിരുന്നു കേസിനാസ്പദമായ സംഭവം. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പടനാഥ് സാലിഹിനെ ആക്രമിച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ചുവെന്നാണു മുഹമ്മദ് ഫൈസല്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ചുമത്തിയ കുറ്റം. മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി എം സഈദിന്റെ മകളുടെ ഭര്‍ത്താവ് മുഹമ്മദ് സാലിഹ്.
കേസില്‍ 32 പ്രതികളാണുണ്ടായിരുന്നത്. ഇതില്‍ മുഹമ്മദ് ഫൈസലും സഹോദരങ്ങള്‍ ഉള്‍പ്പെടെ നാലു പേരാണു ശിക്ഷിക്കപ്പെട്ടത്. പ്രതികള്‍ ഒരു ലക്ഷം രൂപ വീതം ഒടുക്കുകയും വേണമെന്നും കോടതി ഉത്തരവിട്ടു.
കേസ് രാഷ്ട്രീയ പ്രേരിത കേസാണെന്നും ശിക്ഷയ്ക്കെതിരെ ഉടന്‍ തന്നെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും മുഹമ്മദ് ഫൈസല്‍ വാര്‍ത്താ ഏജന്‍സിയായ പി ടി ഐയോട് പറഞ്ഞു.
എന്‍ സി പി നേതാവുകൂടിയായ മുഹമ്മദ് ഫൈസല്‍ 2014 മുതല്‍ ലക്ഷദ്വീപില്‍നിന്നുള്ള എംപിയാണ്.
കഴിഞ്ഞവര്‍ഷം ജൂലൈയില്‍ മുഹമ്മദ് ഫൈസലിന്റെ ലക്ഷദ്വീപിലെ വീട്ടിലും ന്യൂഡല്‍ഹിയിലെ സര്‍ക്കാര്‍ അനുവദിച്ച ഫ്ളാറ്റിലും സി ബി ഐ പരിശോധന നടത്തിയിരുന്നു. കൊളംബോ ആസ്ഥാനമായുള്ള കമ്പനിയുമായി ഒത്തുകളിച്ച് മത്സ്യത്തൊഴിലാളികളെ ചതിച്ചുവെന്ന്
ആരോപിച്ച് ഫൈസലിനും ബന്ധു അബ്ദുള്‍ റാസിക്കുമെതിരെ സി ബി ഐ കേസെടുത്തതിനു പിന്നാലെയായിരുന്നു റെയ്ഡ്.
ലക്ഷദ്വീപ് കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്റെ (എല്‍ സി എം എഫ്) ചില ഉദ്യോഗസ്ഥര്‍ ഫെസലുമായി ചേര്‍ന്ന് ടെന്‍ഡറും മറ്റ് നടപടിക്രമങ്ങളും പാലിക്കാതെ ശ്രീലങ്കന്‍ കമ്പനിയായ എസ് ആര് ടി ജനറല്‍ മര്‍ച്ചന്റ്സ് ട്യൂണ മത്സ്യം കയറ്റുമതി ചെയ്തുവെന്നും ഇതുവഴി ഫെഡറേഷനു നഷ്ടമുണ്ടാക്കിയെന്നുമാണു കേസ്.
ഫൈസലിന്റെ സ്വാധീനം ഉപയോഗിച്ച് പ്രാദേശിക മത്സ്യത്തൊഴിലാളികളില്‍നിന്ന് എല്‍ സി എം എഫ് വന്‍തോതില്‍ ട്യൂണ മത്സ്യം സംഭരിച്ചെന്നാണ് ആരോപണം. സംഭരിച്ച മത്സ്യം എല്‍ സി എം എഫ് മറ്റൊരു കയറ്റുമതിക്കാരന് മുഖേന എസ് ആര് ടി ജനറല്‍ മര്ച്ചന്റ്സിനു നല്‍കിയെന്നും എന്നാല്‍ പണം ലഭിച്ചില്ലെന്നും സി ബി ഐ ആരോപിക്കുന്നു.
എസ് ആര് ടി ജനറല്‍ മര്‍ച്ചന്റ്സ്, എല്‍ സി എം എഫ് എംഡി എംപി അന്‍വര്‍ എന്നിവരാണു കേസിലെ മറ്റു പ്രതികള്‍.