കൊച്ചി: വധശ്രമക്കേസില്‍ 10 വര്‍ഷം തടവിനു ശിക്ഷിച്ചതിനെതിരെ ലക്ഷദ്വീപ് എംപി പി പി മുഹമ്മദ് ഫൈസല്‍ ഹൈക്കോടതിയെ സമീപിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ ഫൈസലിനെയും മറ്റു മൂന്നുപേരെയും കവരത്തി ജില്ലാ സെഷന്‍സ് കോടതിയാണു ബുധനാഴ്ച ശിക്ഷിച്ചത്.
2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മുഹമ്മദ് സാലിഹിനെ എന്‍ സി പി പ്രവര്‍ത്തകരായ പ്രതികള്‍ സംഘം ചേര്‍ന്ന് ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ചുവെന്നാണു കേസ്. മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി എം സഈദിന്റെ മകളുടെ ഭര്‍ത്താവാണു മുഹമ്മദ് സാലിഹ്.
33 പ്രതികളുണ്ടായിരുന്ന കേസില്‍ മുഹമ്മദ് ഫൈസലും സഹോദരങ്ങളും ഉള്‍പ്പെടെ നാലു പേരാണു ശിക്ഷിക്കപ്പെട്ടത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 143, 147, 148, 448, 427, 324, 342, 307, 506,149 വകുപ്പുകള്‍ പ്രകാരമാണു ശിക്ഷിച്ചത്. പ്രതികള്‍ ഒരു ലക്ഷം രൂപ വീതം ഒടുക്കുകയും വേണമെന്നും കോടതി ഉത്തരവിട്ടിരുന്നു. പ്രതികളെ ഇന്നലെ ഹെലികോപ്റ്ററില്‍ എത്തിച്ച് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റിയിരുന്നു.
അഭിഭാഷകന്‍ ശാസ്തമംഗലം ഡി അജിത് കുമാര്‍ മുഖേനെയാണു മുഹമ്മദ് ഫൈസല്‍ ഉഹപ്പെടെയുള്ള അപ്പീല്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. വിചാരണക്കോടതി വിധിയും ശിക്ഷയും നിയമത്തിനും വസ്തുതകള്‍ക്കും തെളിവുകള്‍ക്കും വിരുദ്ധമാണെന്നു ഹര്‍ജിക്കാര്‍ വാദിച്ചു.
തെളിവുകള്‍ പക്ഷപാതപരമോ താല്‍പ്പര്യങ്ങളുള്ളതോ ആണ്. ആയുധങ്ങള്‍ കണ്ടെടുത്തിട്ടില്ല. പരുക്ക് ജീവനു ഭീഷണിയുണ്ടാക്കുന്നതല്ലെന്നും സാക്ഷികള്‍ വിവരിച്ച മൂര്‍ച്ചയേറിയ ആയുധങ്ങള്‍ കൊണ്ട് സംഭവിച്ചതല്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞതായും ഹര്‍ജിക്കാര്‍ വാദിച്ചു.
ഒന്നാം പ്രതി അമീന്‍ തലയുടെ പിന്‍ഭാഗത്ത് വെട്ടുകത്തി ഉപയോഗിച്ച് മുറിപ്പെടുത്തിയെന്നാണു കോടതിയിലുള്ള കേസ്. എന്നാല്‍ ഉപയോഗിച്ച ആയുധം വടിവാളാണെന്നാണു പ്രഥമ വിവര പ്രസ്താവനയില്‍ പറയുന്നത്. ഇതു ഒരു പ്രാധാന്യവുമില്ലാത്ത ചെറിയ വൈരുദ്ധ്യമാണെന്നാണു വിചാരണ കോടതി നിരീക്ഷിച്ചതെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.
എന്‍ സി പി നേതാവുകൂടിയായ മുഹമ്മദ് ഫൈസല്‍ 2014 മുതല്‍ ലക്ഷദ്വീപില്‍നിന്നുള്ള എംപിയാണ്. കഴിഞ്ഞവര്‍ഷം ജൂലൈയില്‍ മുഹമ്മദ് ഫൈസലിന്റെ ലക്ഷദ്വീപിലെ വീട്ടിലും ന്യൂഡല്‍ഹിയിലെ സര്‍ക്കാര്‍ അനുവദിച്ച ഫ്‌ളാറ്റിലും സി ബി ഐ പരിശോധന നടത്തിയിരുന്നു.
കൊളംബോ ആസ്ഥാനമായുള്ള കമ്പനിയുമായി ഒത്തുകളിച്ച് മത്സ്യത്തൊഴിലാളികളെ ചതിച്ചുവെന്ന് ആരോപിച്ച് ഫൈസലിനും ബന്ധു അബ്ദുള്‍ റാസിക്കുമെതിരെ സി ബി ഐ കേസെടുത്തതിനു പിന്നാലെയായിരുന്നു റെയ്ഡ്.