കൊച്ചി: അഡ്മിനിസ്ട്രേറ്ററുടെ വിവാദ ഉത്തരവുകളെത്തുടര്‍ന്ന് പ്രതിഷേധം ശക്തമായ ലക്ഷദ്വീപില്‍ കലക്ടറുടെ കോലം കത്തിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം. കവരത്തി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
ജാമ്യം ലഭിക്കുന്ന കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട സമരക്കാർ അഞ്ച് ദിവസമായി റിമാന്‍ഡില്‍ കഴിയുന്നതില്‍ ഹൈക്കോടതി കടുത്ത ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇന്നു മൂന്ന് മണിക്ക് മുന്‍പ് വിഡിയോ കോണ്‍ഫറന്‍സ് വഴി ഇവരെ സിജെഎം കോടതിയിൽ ഹാജരാക്കാനും കോടതി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നാണ് ജാമ്യം നല്‍കിയത്..
പ്രതിഷേധക്കാരെ അന്യായമായി തടങ്കലിലാക്കിയിരിക്കയാണന്നാരോപിച്ച് ദീപ് നിവാസിയായ സെയ്ദ് മുഹമ്മദ് കോയ സര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ് അധ്യക്ഷനായ ഹൈക്കോടതി ബഞ്ച് പരിഗണിച്ചത്.
മറ്റു കാര്യങ്ങള്‍ പിന്നീട് പരിശോധിക്കാമെന്നും ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുന്നവരുടെ സ്വാതന്ത്ര്യം ഹനിക്കപ്പെട്ട കാര്യമാണ് പരിശോധിക്കുന്നതെന്നും കോടതി വ്യക്തമാക്കി. കേസ് നാളെ വീണ്ടും പരിഗണിക്കും.
അറസ്റ്റ് സംബന്ധിച്ചും പ്രതിഷേധക്കാര്‍ക്കെതിരെ ചുമത്തിയ വകുപ്പുകള്‍ സംബന്ധിച്ചും സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് റിപ്പോര്‍ട്ട് നല്‍കണം. റിമാന്‍ഡിലായവരെ പരിശോധിച്ച്, ആരോഗ്യനില സംബന്ധിച്ച് ഡി.എം.ഒ. റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. റിപ്പോര്‍ട്ടുകള്‍ നാളെ കോടതി പരിഗണിക്കും.
Also Read: ലക്ഷദ്വീപ് എയര്‍ ആംബുലന്‍സ്: മാര്‍ഗനിര്‍ദേശങ്ങള്‍ അറിയിക്കാൻ ഹൈക്കോടതി നിര്‍ദേശം
റിമാന്‍ഡ് ചെയ്യാനല്ലാതെ ജാമ്യം നല്കാന് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന് അധികാരമില്ലന്ന് ദ്വീപ് അഡ്മിനിസ്ട്രേഷന് വ്യക്തമാക്കി. അറസ്റ്റ് ചെയ്തപ്പോള്‍ തന്നെ ജാമ്യത്തില്‍ വിടാന്‍ പൊലീസ് തയാായിരുന്നു. എന്നാല്‍ പ്രതിഷേധക്കാര്‍ ജാമ്യ ബോണ്ട് ഒപ്പിടാന്‍ വിസമ്മതിച്ചുവെന്നും അഡ്മിനിസ്ട്രേഷന് അറിയിച്ചു. എന്നാല്‍ അഡ്മിനിസ്ട്രേഷന്റെ വാദം കളവാണെന്നു ഹര്‍ജി ഭാഗം ബോധിപ്പിച്ചു.
അറസ്റ്റിലായ അഞ്ചു പേരെ ഒരുമിച്ച് പാര്പ്പിച്ചിരിക്കയാണന്നും ഒരാള്‍ കോവിഡ് ബാധിതനാണന്നും ഹര്ജിക്കാരന് ചുണ്ടിക്കാട്ടി. കോവിഡ് ബാധിതന് ഒഴികെയുള്ളവരെ വിഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരാക്കാനാണു ഹൈക്കോടതി നിര്‍ദേശം നൽകിയത്.