ജനുവരി പകുതി വരെ പൂജ്യം, ഇപ്പോൾ 6500നു മുകളിൽ; ലക്ഷദ്വീപിൽ കോവിഡ് കേസുകൾ ഉയരുന്നു

എഴുപതിനായിരത്തില്‍ താഴെ മാത്രം ജനസംഖ്യയുള്ള ലക്ഷദ്വപീല്‍ 10 ശതമാനത്തോളം പേര്‍ രോഗബാധിതരായി. കേസ് പോസിറ്റിവിറ്റി നിരക്കില്‍ നിലവില്‍ രാജ്യത്ത് ഒന്നാമതാണ് ലക്ഷദ്വീപ്

coronavirus, coronavirus news, india covid 19 news, lockdown news, kerala coronavirus cases, kerala covid 19 cases, covid 19 cases in kerala, coronavirus cases in kerala, kerala coronavirus latest news, kerala lockdown latest news, coronavirus in india, india coronavirus news, india covid 19 cases, kerala news, kerala covid 19 latest news, kerala coronavirus update, kerala coronavirus update today, kerala coronavirus cases update

കൊച്ചി: ഒറ്റ കോവിഡ് കേസ് പോലുമില്ലാത്ത രാജ്യത്തെ ഏക ഗ്രീന്‍ സോണായിരുന്നു ജനുവരി പകുതി വരെ ലക്ഷദ്വീപ്. എന്നാല്‍ ഇന്നങ്ങനെയല്ല സ്ഥിതി. കേസ് പോസിറ്റിവിറ്റി നിരക്കിൽ നിലവിൽ രാജ്യത്ത് ഒന്നാമതാണ് ലക്ഷദ്വീപ്. കഴിഞ്ഞ മൂന്നു ദിവസം മാത്രം 855 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്.

രാജ്യത്ത് ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത് ഏതാണ്ട് ഒരു വര്‍ഷം കഴിഞ്ഞ് ഈ ജനുവരി 18നാണു ലക്ഷദ്വീപില്‍ ആദ്യമായി രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇതുവരെ 6611 പേര്‍ രോഗബാധിതരായി. എഴുപതിനായിരത്തില്‍ താഴെ മാത്രം ജനസംഖ്യയുള്ള ലക്ഷദ്വപീല്‍ 10 ശതമാനത്തോളം പേര്‍ രോഗബാധിതരായി. മേയ് 11 മുതല്‍ 17 വരെയുള്ള ആഴ്ചയില്‍ 66.7 ശതമാനമാണ് കേസ് പോസിറ്റിവിറ്റി നിരക്ക്. സജീവ കേസുകളുടെ എണ്ണം 2050. 4512 പേര്‍ രോഗമുക്തരായി. ഇതുവരെയുള്ള കോവിഡ് മരണം 24.

21ന് 345, 22ന് 317, 23നു 193 എന്നിങ്ങനെയാണു കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ സ്ഥിരീകരിച്ച പോസിറ്റീവ് കേസുകള്‍. ടെസ്റ്റിനു വിധേയമാക്കിയവരുടെ എണ്ണം ഇന്നലെ കുറഞ്ഞതായാണു കണക്കുകള്‍ വ്യക്തമാക്കുന്നത്. 22നു 3605 പേരെ ടെസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ 23നു 1854 പേരെ മാത്രമാണ് ടെസ്റ്റിനു വിധേയമാക്കിയത്. 1,13,934 ടെസ്റ്റുകളാണ് ഇതുവരെ നടത്തിയത്.

Read More: ശാന്തമായ ലക്ഷദ്വീപിനെ അശാന്തമാക്കുന്നത് എന്ത്?

കോവിഡ് കേസുകള്‍ കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ ലക്ഷദ്വീപിലെ നാല് പ്രധാനദ്വീപുകളില്‍ പൂര്‍ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ജനവാസം കൂടുതലുള്ള കവരത്തി, ആന്ത്രോത്ത്, അമിനി, കല്‍പ്പേനി ദ്വീപുകളിലാണ് ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്നത്. മറ്റു ദ്വീപുകളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. ലക്ഷദ്വീപിലാകെ നിലവില്‍ 23 മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.

കവരത്തിയിലാണ് ഇതുവരെ ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിച്ചത്, 2369 പേര്‍. ആന്ത്രോത്ത്-1540 അമിനി- 757, കല്‍പ്പേനി-582, അഗത്തി-482, കില്‍ത്താന്‍-319, മിനിക്കോയ്-248, കടമത്ത്-154, ചെത്‌ലത്-153, ബിത്ര-ഏഴ് എന്നിങ്ങനെയാണ് മറ്റു ദ്വീപുകളില്‍ ഇതുവരെയുള്ള രോഗബാധിതരുടെ എണ്ണം.

കവരത്തിയില്‍ 1057 സജീവ കേസുകളാണുള്ളത്. ആകെ 1294 പേര്‍ രോഗമുക്തരായി. മറ്റു ദ്വീപുകളിലെ സജീവ കേസുകളുടെയും രോഗമുക്തരുടെയും എണ്ണം യഥാക്രമം ഇങ്ങനെ: ആന്ത്രോത്ത്- 421 (1108), അമിനി- 191 (554), കല്‍പ്പേനി- 194(386), മിനിക്കോയ്-72 (173), കില്‍ത്താന്‍-42 (277), കടമത്ത്-24 (130), അഗത്തി 23(457), ചെത്ലത്-24 (128), ബിത്ര-രണ്ട് (അഞ്ച്).

Also Read: Coronavirus India Live Updates: രാജ്യത്ത് കോവി‍ഡ് മരണസംഖ്യ മൂന്ന് ലക്ഷം കടന്നു; കൂടുതല്‍ കേസുകള്‍ തമിഴ്നാട്ടില്‍

32 ചതുരശ്ര കിലോ മീറ്റര്‍ മാത്രമുള്ള ലക്ഷദ്വീപില്‍ ആശുപത്രി സൗകര്യങ്ങള്‍ വളരെ കുറവായതിനാല്‍ കോവിഡ് നിയന്ത്രണാതീതമായ സാഹചര്യം കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. രോഗം ഗുരുതരമായവരെ ഹെലികോപ്റ്ററില്‍ കൊച്ചിയിലെത്തിച്ചാണ് ചികിത്സ നല്‍കുന്നത്. ഇതുവരെ 25 പേരെ ഇത്തരത്തില്‍ ദ്വീപില്‍നിന്നു മാറ്റിയിട്ടുണ്ട്. കവരത്തി (13), ആന്ത്രോത്ത് (ഏഴ്) ദ്വീപുകളില്‍നിന്നാണ് ഏറ്റവും കൂടുതല്‍ പേരെ ചികിത്സയ്ക്കായി പുറത്തേക്കു മാറ്റിയത്. എന്നാല്‍ എറണാകുളം ജില്ലയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ കൊച്ചിയിലെ ആശുപത്രികള്‍ നിറഞ്ഞ മട്ടാണ്. ഇതു ലക്ഷദ്വീപിലെ രോഗികള്‍ക്കു വെല്ലുവിളിയാണ്.

എന്തുകൊണ്ടാണ് ലക്ഷദ്വീപില്‍ പെട്ടെന്ന് കോവിഡ് ബാധിതര്‍ ഉയര്‍ന്നതെന്ന ചോദ്യത്തിനു ലക്ഷദ്വീപ് ഭരണകൂടത്തിനെതിരെയാണ് എംപി മുഹമ്മദ് ഫൈസല്‍ ഉള്‍പ്പെടെയുള്ള പ്രധാന രാഷ്ട്രീയ നേതാക്കള്‍ വിരല്‍ ചൂണ്ടുന്നത്. കോവിഡ് മാനദണ്ഡങ്ങളില്‍ ലക്ഷദ്വീപിലെ പുതിയ അഡ്മിനിട്രേറ്റര്‍ ഇളവ് വരുത്തിയതാണ് കേസുകള്‍ വര്‍ധിക്കാന്‍ കാരണമെന്ന് മുഹമ്മദ് ഫൈസല്‍ ഉള്‍പ്പെടെയുള്ള വിവിധ രാഷ്ട്രീയനേതാക്കള്‍ ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു.

നേരത്തെയുള്ള കോവിഡ് നിയന്ത്രണങ്ങള്‍ പ്രകാരം കൊച്ചിയില്‍നിന്നുള്ള യാത്രക്കാര്‍ ലക്ഷദ്വീപ് ഭരണകൂടം നടത്തുന്ന ഗസ്റ്റ് ഹൗസുകളിലോ ഹോസ്റ്റലുകളിലാ ഒരാഴ്ച ക്വാറന്റൈനില്‍ കഴിയേണ്ടിയിരുന്നു. അതിനുശേഷം നടത്തുന്ന ആര്‍ടിപിസിആര്‍ ടെസ്റ്റില്‍ ഫലം നെഗറ്റീവ് ആയാല്‍ മാത്രമേ കപ്പലിലേക്കു പ്രവേശനം ലഭിക്കുമായിരുന്നുള്ളൂ. മംഗലാപുരം, കോഴിക്കോട് തുറമുഖങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്കും ഇതേ നിയന്ത്രണങ്ങളുണ്ടായിരുന്നു. അഗത്തിയിലെത്തിയാല്‍ രണ്ടാഴ്ച കൂടി ക്വാറന്റൈനില്‍ കഴിയേണ്ടി വരുമായിരുന്നു. മംഗലാപുരം, കോഴിക്കോട്, കൊച്ചി തുറമുഖങ്ങളില്‍നിന്നാണ് ലക്ഷദ്വീപിലേക്കുള്ള കപ്പലുകള്‍ പുറപ്പെടുന്നത്.

ഡിസംബര്‍ 28 നു പുറപ്പെടുവിച്ച പുതിയ കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം യാത്ര പുറപ്പെടുന്ന സ്ഥലത്തെയും ലക്ഷദ്വീപിലെയും ക്വാറന്റൈന്‍ എടുത്തുകളഞ്ഞു. ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ (ഐസിഎംആര്‍) അംഗീകാരമുള്ള ഏതെങ്കിലും ലാബില്‍നിന്നുള്ള ആര്‍ടിപിസിആര്‍ നെഗറ്റീവ് റിപ്പോര്‍ട്ട് ഉണ്ടെങ്കില്‍ നിലവില്‍ ദ്വീപിലേക്കു പ്രവേശിക്കാം. ഗുജറാത്ത് മുന്‍ ആഭ്യന്തര മന്ത്രിയായ പ്രഫുല്‍ ഖോഡ പട്ടേല്‍ ഡിസംബര്‍ ആദ്യമാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റെടുത്തത്.

Also Read: ബംഗാൾ ഉൾക്കടലിൽ അതി തീവ്ര ന്യൂനമർദം; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

കോവിഡ് കേസുകൾ വർധിക്കുന്നത് സംബന്ധിച്ച പ്രതികരണത്തിന് ലക്ഷദ്വീപ് ആരോഗ്യ വിഭാഗം അധികൃതരെയും കലക്ടറെയും ഫോണിൽ ബന്ധപ്പെടാൻ പലതവണ ശ്രമിച്ചെങ്കിലും ലഭ്യമായില്ല. പ്രതികരണം ലഭിക്കുന്ന മുറയ്ക്ക് വാർത്തയിൽ ഉൾപ്പെടുത്തുന്നതായിരിക്കും.

കോവിഡ് കേസുകള്‍ കൂടിയ സാഹചര്യം വാക്സിനേഷന്‍ പ്രക്രിയയ്ക്കും പ്രതിസന്ധി ഉയര്‍ത്തുന്നു. ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന ദ്വീപുകളില്‍ കോവിഡ് വാക്സിനേഷന്‍ നിര്‍ത്തിവച്ചിരിക്കുകയാണെന്ന് മുഹമ്മദ് ഫൈസല്‍ പറഞ്ഞു. ഇവിടങ്ങളില്‍ ലോക്ക്ഡൗണിനെത്തുടര്‍ന്ന് കേസുകള്‍ കുറയുന്ന സാഹചര്യത്തില്‍ മാത്രമേ വാക്സിനേഷന്‍ പുനരാരംഭിക്കാന്‍ കഴിയൂ. ലോക്ക് ഡൗണ്‍ ഇല്ലാത്ത മറ്റു ദ്വീപുകളില്‍ വാക്സിനേഷന്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് ലോക്ക്ഡൗണിനെത്തുടര്‍ന്ന് തൊഴിലും ജീവനോപാധികളും തകര്‍ന്ന് ദുരിതമനുഭവിക്കുമ്പോള്‍ മറുഭാഗത്ത് കൂട്ടപ്പിരിച്ചുവിടലിന്റെ കഥയാണ് ലക്ഷദ്വീപുകാര്‍ക്ക് പറയാനുള്ളത്. കൃഷി, മൃഗസംരക്ഷണം, വിനോസഞ്ചാരം, കായികാധ്യാപകര്‍, സ്‌കൂളുകളില്‍ ഉച്ചഭഷണം തയാറാക്കുന്നവര്‍ തുടങ്ങി വിവിധ മേഖലകളിലെ ആയിരത്തി അഞ്ഞൂറിലേറെ പേരെ പിരിച്ചുവിട്ടുകഴിഞ്ഞു.

കോവിഡ് കൈകാര്യം ചെയ്യുന്നതിലെ വീഴ്ചയ്ക്കും കൂട്ട പിരിച്ചുവിടലിനുമെതിരെ കടുത്ത അമര്‍ഷമാണ് ലക്ഷദ്വീപില്‍ ഉയരുന്നത്. ഇതിനൊപ്പം ജനവാസമുള്ള ദ്വീപുകള്‍ മദ്യശാലകള്‍ തുറക്കല്‍, ഗുണ്ടാനിയമം, ബീഫ് നിരോധനം, പുതിയ വികസന നയം, ഭൂമി വിനിയോഗം എന്നി സംബന്ധിച്ച പുതിയ നിയമനിര്‍മാണങ്ങള്‍ക്കെതിരെയും പ്രതിഷേധമുയരുന്നുണ്ട്.

ലക്ഷദ്വീപിനെ രക്ഷിക്കുകയെന്ന ആഹ്വാനവുമായി ലക്ഷദ്വീപ് സ്റ്റുഡന്റ്സ് അസോസിയേഷന്‍ (എല്‍എസ്എ) എന്ന സ്വതന്ത്ര വിദ്യാര്‍ഥിയുട സംഘടനയുടെ നേതൃത്വത്തില്‍ ഇന്നലെ പ്രതിഷേധം നടന്നു. വീട്ടുപടിക്കല്‍ സമരംഎന്ന പേരില്‍ നടന്ന ഓണ്‍ലൈന്‍ പ്രതിഷേധത്തില്‍ എംപി ഉള്‍പ്പെയെടുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കളെല്ലാം പങ്കാളികളായി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Lakshadweep covid cases spiralling

Next Story
എന്തുകൊണ്ട് സൗജന്യ വാക്സിൻ നൽകുന്നില്ല? കേന്ദ്രത്തിനോട് ഹൈക്കോടതിcovid 19, covid treatment rate, covid treatment rate in private hospitals, kerala high court, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com