/indian-express-malayalam/media/media_files/uploads/2021/05/Lakshadweep-6.jpg)
കൊച്ചി: ലക്ഷദ്വീപ് സന്ദര്‍ശിക്കാനുള്ള കോണ്‍ഗ്രസ് എംപിമാരായ ടി.എന്‍.പ്രതാപന്‍ എം.പി, ഹൈബി ഈഡന്‍, മത്സ്യതൊഴിലാളി കോണ്‍ഗ്രസ് ദേശീയ നിയമോപദേഷ്ടാവ് അഡ്വ. രാഖേഷ് ശര്‍മ എന്നിവരുടെ അപേക്ഷ കലക്ടര്‍ അസ്‌കര്‍ അലി നിരസിച്ചു. സന്ദര്‍ശനം രാഷ്ട്രീയ പ്രേരിതമാണെന്നും യാത്രയ്ക്ക് അനുമതി നല്‍കിയാല്‍ അഡ്മിനിസ്‌ട്രേഷനെതിരെ ജനങ്ങളെ സംഘടിപ്പിക്കുമെന്നും ക്രമസമാധാനം തകരുമെന്നും ചൂണ്ടിക്കാട്ടിയാണ് കലക്ടറുടെ ഉത്തരവെന്നു ടിഎന്‍ പ്രതാപന്‍ പറഞ്ഞു.
കലക്ടറുടെ തീരുമാനത്തിനെതിരെ എംപിമാര്‍ക്ക് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് അപ്പീല്‍ നല്‍കാന്‍ കഴിയും. തിങ്കളാഴ്ച അപ്പീല്‍ സമര്‍പ്പിക്കുമെന്ന് പ്രതാപന്‍ പറഞ്ഞു.
അഡ്മിനിസ്‌ട്രേറ്ററുടെ വിവാദ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരെ ലക്ഷദ്വീപില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ കഴിഞ്ഞമാസമാണ് എംപിമാര്‍ ആദ്യമായി യാത്രാനുമതി തേടിയത്. എന്നാല്‍, ഏഴു ദിവസം ക്വാറന്റീന്‍ നിര്‍ബന്ധമാണെന്നു ചൂണ്ടിക്കാട്ടി അനുമതി നിഷേധിച്ചു. തുടര്‍ന്ന് ക്വാറന്റീന്‍ ഉള്‍പ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തയാറാണെന്ന് എം.പിമാര്‍ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല.
ഇതിനെതിരെ എംപിമാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, സന്ദര്‍ശനാനുമതി നിഷേധിച്ചിട്ടില്ലെന്നും കോവിഡ് സാഹചര്യം പരിഗണിച്ച് യാത്ര മാറ്റിവയ്ക്കാന്‍ ആവശ്യപ്പെടുകയാണ് ചെയ്തതെന്നുമാണ് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ ഹൈക്കോടതിയെ കഴിഞ്ഞ ദിവസം അറിയിച്ചത്.
Also Read: മുൻ വൈദികനെതിരായ പീഡനക്കേസ്: പൊലീസിൽനിന്ന് അടിയന്തരമായി റിപ്പോർട്ട് തേടി അഡ്വക്കറ്റ് ജനറൽ
എം.പിമാരുടെ അപേക്ഷയില്‍ 10 ദിവസത്തിനകം തീരുമാനമെടുത്ത് അറിയിക്കണമെന്ന് ഹൈക്കോടതി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷനോട് നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് ചില രേഖകള്‍ കൂടുതലായി സമര്‍പ്പിക്കണമെന്ന് എംപിമാരോട് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ ആവശ്യപ്പെട്ടു. മൂവരും ആവശ്യമായ രേഖകള്‍ സഹിതം വീണ്ടും അപേക്ഷിച്ചതിനു പിന്നാലെയാണ് സന്ദര്‍ശനാനുമതി നിഷേധിച്ചത്.
കലക്ടറുടെ നടപടി എംപിമാരുടെ അവകാശങ്ങളും സഞ്ചാര സ്വാതന്ത്ര്യവും നിഷേധിക്കുന്ന നടപടിയാണെന്നും ഇത് ഹൈക്കോടതിയുടെ ശ്രദ്ധയില്‍പെടുത്തുമെന്നും പ്രതാപന്‍ പറഞ്ഞു. എംപിമാര്‍ സമര്‍പ്പിച്ച ഹര്‍ജി ഏഴിനു കോടതി വീണ്ടും പരിഗണിക്കുന്നുണ്ട്.
ദേശീയ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്ന നിലയില്‍ കൂടിയാണ് ലക്ഷദ്വീപ് സന്ദര്‍ശനം ഉദ്ദേശിച്ചിരുന്നതെന്നു ടിഎന്‍ പ്രതാപന്‍ പറഞ്ഞു. ഭൂരിപക്ഷവും മത്സ്യത്തൊഴിലാഴിലാളികളുള്ള ലക്ഷദ്വീപില്‍ അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും സംഘടനയുടെ ദ്വീപ് ഘടകത്തിന്റെ യോഗത്തില്‍ പങ്കെടുക്കാനുമാണ് സന്ദര്‍ശനാനുമതി തേടിയതെന്നും പ്രതാപന്‍ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.