കൊച്ചി: ലക്ഷദ്വീപില്‍ നിന്നുള്ള രോഗികള്‍ക്കു ഹെലികോപ്റ്റര്‍ മാര്‍ഗമുള്ള ചികില്‍സാ സൗകര്യത്തിനു മാര്‍ഗനിര്‍ദേശങ്ങള്‍ ആവിഷ്‌കരിച്ച് അറിയിക്കാന്‍ ഹൈക്കോടതി ഉത്തരവ്. രോഗികള്‍ക്ക് ഹെലികോപ്റ്റര്‍ സൗകര്യത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ദ്വീപ് ഭരണകൂടത്തിന്റെ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയാണ് ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖും കൗസര്‍ എടപ്പഗത്തും അടങ്ങുന്ന ബെഞ്ച് പരിഗണിച്ചത്.
നിയന്ത്രണങ്ങള്‍ ചികിത്സ ലഭിക്കാനുള്ള അവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ദ്വീപ് നിവാസിയായ മുഹമ്മദ് സാലിഹാണ് കോടതിയെ സമീപിച്ചത്. നേരത്തെ എയര്‍ ആംബുലന്‍സ് സൗകര്യം ലഭിക്കാന്‍ ചികിത്സിക്കുന്ന ഡോക്ടറുടെ ശുപാര്‍ശ മതിയായിരുന്നു.
എന്നാല്‍ അടുത്തിടെ, എയര്‍ ആംബുലന്‍സ് സംവിധാനത്തിന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. വിദഗ്ധ ചികിത്സയ്ക്ക് എയര്‍ ആംബുലന്‍സില്‍ രോഗികളെ മാറ്റുന്ന കാര്യത്തില്‍ നാലംഗ സമിതിയുടെ അനുമതി വേണമെന്നാണ് പുതിയ ഉത്തരവ്.
രോഗികളെ കൊച്ചി, അഗത്തി, കവരത്തി എന്നിവിടങ്ങിലേക്ക് എയര്‍ ലിഫ്റ്റ് ചെയ്യുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മെഡിക്കല്‍ ഡയറക്ടര്‍ ഉള്‍പ്പെടുന്ന നാലംഗ സമിതിയെയാണ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ നിയോഗിച്ചിരിക്കുന്നത്.
Also Read: ശാന്തമായ ലക്ഷദ്വീപിനെ അശാന്തമാക്കുന്നത് എന്ത്?
രോഗികളെ മാറ്റുന്നതിനു ബന്ധപ്പെട്ട ദ്വീപിലെ മെഡിക്കല്‍ ഓഫിസര്‍ ഓണ്‍ലൈനില്‍ സമര്‍പ്പിക്കുന്ന രേഖകള്‍ പരിശോധിച്ചായിരിക്കും സമിതി തീരുമാനമെടുക്കുക. ഇതുസംബന്ധിച്ച ഉത്തരവ് കഴിഞ്ഞ തിങ്കളാഴ്ചയാണു പുറപ്പെടുവിച്ചത്. സമിതിയുടെ അനുമതി ഇല്ലെങ്കില്‍ കപ്പല്‍ മുഖേന മാത്രമേ രോഗികളെ മാറ്റാന്‍ കഴിയൂ.
സമിതിയുടെ റിപ്പോര്‍ട്ടിന് സമയമെടുക്കുമെന്നും കാലതാമസം രോഗിയുടെ ജീവന്‍ അപകടത്തിലാക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്.