കൊച്ചി: ദ്വീപിലേക്ക് സന്ദർശനാനുമതി തേടി എട്ട് ഇടതുപക്ഷ എംപിമാർ നൽകിയ അപേക്ഷ ലക്ഷദ്വീപ് ഭരണകൂടം നിരസിച്ചു. എംപിമാരുടെ സന്ദർശനം ദ്വീപിലെ ശാന്തവും സമാധാനപരവുമായ അന്തരീക്ഷത്തെ ഇല്ലാതാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് അപേക്ഷ നിരസിച്ചത്.
ഇടതുപക്ഷത്തുനിന്നുള്ള രാജ്യസഭാ എംപിമാരായ എളമരം കരീം, വി ശിവദാസൻ, ബിനോയ് വിശ്വം, എം.വി ശ്രേയാംസ് കുമാർ, കെ. സോമപ്രസാദ്, ജോൺ ബ്രിട്ടാസ് എന്നിവരും ലോക്സഭാ എംപിമാരായ തോമസ് ചാഴിക്കാടൻ, എ.എം ആരിഫ് എന്നിവർ ചേർന്നാണ് സന്ദർശനത്തിന് അപേക്ഷ നൽകിയത്.
രണ്ടു ദിവസം മുൻപ് ഇതേകാരണങ്ങൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് എംപിമാരായ ഹൈബി ഈഡൻ ടി.എൻ പ്രതാപൻ എന്നിവരുടെ അപേക്ഷയും ലക്ഷദ്വീപ് ഭരണകൂടം നിരസിച്ചിരുന്നു.
Read Also: ‘ക്രമസമാധാനം തകരും’, കോണ്‍ഗ്രസ് എംപിമാര്‍ക്ക് വീണ്ടും സന്ദര്‍ശനാനുമതി നിഷേധിച്ച് ലക്ഷദ്വീപ് കലക്ടര്‍
എംപിമാരുടെ സന്ദർശനം രാഷ്ട്രീയ ലക്ഷ്യത്തോടെ ഉള്ളതാണെന്നും അത് ദ്വീപിലെ ശാന്തവും സമാധാനപരവുമായ അന്തരീക്ഷത്തെ തകർക്കുമെന്നും അത് പൊതുജനങ്ങളുടെ താൽപ്പര്യത്തിനും പൊതു ക്രമത്തിനും ദ്വീപിന്റെ സുരക്ഷയെ ബാധിക്കുന്നതുമാണെന്നും ലക്ഷദ്വീപ് കലക്ടർ അക്സർ അലി അനുമതി നിഷേധിച്ചു കൊണ്ട് തിങ്കളാഴ്ച പുറത്തിറക്കിയ ഉത്തരവിൽ പറഞ്ഞു.
കഴിഞ്ഞ കുറച്ചു നാളുകളായി പുതിയ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്റെ വിവാദ ഭരണപരിഷ്കാരങ്ങള്‍ക്കെതിരെ ലക്ഷദ്വീപില്‍ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ നടന്നു വരികയാണ്.