ആലപ്പുഴ: ഗതാഗത മന്ത്രി തോമസ് ചാണ്ടി ഭൂമി കയ്യേറിയെന്ന ആരോപണം അന്വേഷിച്ച ജില്ലാ കലക്ടർ ഇന്ന് റിപ്പോർട്ട് നൽകും. ലേക് പാലസ് റിസോർട്ടിന് മുന്നിലെ കയ്യേറ്റം, മാർത്താണ്ഡൻ കായൽ കയ്യേറ്റം എന്നിവയെപ്പറ്റിയാണ് ആലപ്പുഴ ജില്ലാ കലക്ടർ ടി.വി.അനുപമ അന്വേഷിച്ചത്. കലക്ടർ നൽകിയ പ്രഥമിക റിപ്പോർട്ടിൽ തോമസ് ചാണ്ടിക്കെതിരെ പരാമർശങ്ങൾ ഉണ്ടായിരുന്നു. എന്നാൽ വിശദമായ റിപ്പോർട്ട് നൽകാൻ​ റവന്യുമന്ത്രി ആവശ്യപ്പെടുകയായിരുന്നു.

ലേക് പാലസ് റിസോര്‍ട്ടിനു മുന്നില്‍ നിയമം ലംഘിച്ച് നിർമിച്ച പാര്‍ക്കിങ് സ്ഥലവും അപ്രോച്ച് റോഡും പൊളിച്ചുമാറ്റുന്നതടക്കമുള്ള നിർണായക ശുപാര്‍ശകള്‍ റിപ്പോര്‍ട്ടിന്റെ ഭാഗമായുണ്ടാകുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. റവന്യു ഭൂമി കയ്യേറി എന്ന തരത്തിലുള്ള പരാമർശമുണ്ടെങ്കിൽ തോമസ് ചാണ്ടിക്ക് മന്ത്രി സ്ഥാനം തന്നെ നഷ്ടമായേക്കും.

ഇതിനിടെ അവധിയിൽ പ്രവേശിക്കാനുള്ള നീക്കത്തിലാണ് തോമസ് ചാണ്ടി. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടികാട്ടി അവധി ആവശ്യപ്പെട്ട് തോമസ് ചാണ്ടി മുഖ്യമന്ത്രിയെ സമീപിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ