കായൽ കൈയേറ്റ കേസിൽ ഹൈക്കോടതി വിധിക്കെതിരെ തോമസ് ചാണ്ടി നൽകിയ അപ്പീൽ നാളെ സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് തോമസ് ചാണ്ടിയുടെ ഹർജി പരിഗണിക്കുന്നത്. ജസ്റ്റിസ് അജയ് മനോഹർ സാപ് റേ ഉൾപ്പെട്ട ബെഞ്ച് കേസ് പരിഗണിക്കരുത് എന്ന് ചാണ്ടി ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിൽ ഉള്ള ബെഞ്ച് തോമസ് ചാണ്ടിയുടെ ഹർജി പരിഗണിക്കാൻ തീരുമാനിച്ചത്.
ഹൈക്കോടതി വിധി സ്റ്റേ ചെയ്യണം. ഒപ്പം തന്റെ പേര് പരാമര്‍ശിച്ചു കൊണ്ടുള്ള കളക്ടറുടെ റിപ്പോര്‍ട്ടും അതിന്റെ ഭാഗമായ തുടര്‍നടപടികളും സ്റ്റേ ചെയ്യണമെന്നന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് തോമസ് ചാണ്ടി സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്.
മുതിര്‍ന്ന അഭിഭാഷകരായ ഹരീഷ് സാല്‍വെ, മുകുള്‍ റോഹ്ത്തഗി എന്നിവരില്‍ ഒരാളെ ഹാജരാക്കാനാണ് തോമസ് ചാണ്ടി ഉദ്ദേശിക്കുന്നത്.
വ്യക്തിയെന്ന നിലയിലാണ്, അല്ലാതെ മന്ത്രി എന്ന നിലയിലല്ല ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതെന്നും അപ്പീലില്‍ തോമസ് ചാണ്ടി വ്യക്തമാക്കുന്നു. സര്‍ക്കാര്‍ ഉത്തരവായി ഇറങ്ങുന്ന ഒരു കാബിനറ്റ് തീരുമാനത്തെ ചോദ്യം ചെയ്താല്‍ മാത്രമാണ് അത് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തത്തിന്റെ ലംഘനമോ അല്ലെങ്കില്‍ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തത്തെ ചോദ്യം ചെയ്യലോ ആവുക. ഇത് അത്തരത്തില്‍ ഇറങ്ങിയ സര്‍ക്കാര്‍ ഉത്തരവല്ല. കളക്ടറുടെ റിപ്പോര്‍ട്ടാണ്. റവന്യൂ വകുപ്പിന്റെ ഒരു നടപടി മാത്രമാണ്. ഒരു വകുപ്പിന്റെ നടപടി ചോദ്യം ചെയ്യുക മാത്രമാണ് താന്‍ ചെയ്തിരിക്കുന്നതെന്നും അപ്പീലില്‍ പറയുന്നു.
കായല്‍ കയ്യേറ്റ വിഷയവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് ചാണ്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ഹൈക്കോടതിയില്‍നിന്ന് പ്രതികൂല പരാമര്‍ശങ്ങളുണ്ടാവുകയായിരുന്നു. സര്‍ക്കാരിനെതിരെ മന്ത്രി കോടതിയെ സമീപിച്ചതിലൂടെ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടമായെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. തുടര്‍ന്ന് തോമസ് ചാണ്ടിക്ക് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിയും വന്നു.