കൊച്ചി: ഭക്ഷണശാലയിലെ ശുചിമുറിയിൽ മൊബൈൽ കാമറ ഉപയോഗിച്ച് ദൃശ്യം പകർത്താൻ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. ജില്ലാ കോടതിക്ക് സമീപം രത്നവിലാസം ഹോട്ടലിൽ നിന്നാണ് ആസാം സ്വദേശിയായ ഫിറോസ് (24)നെയാണ് എറണാകുളം സെൻട്രൽ പൊലീസ് പിടികൂടിയത്.

ഇന്ന് ഉച്ചയോടെയാണ് സംഭവം. ഭക്ഷണം കഴിക്കാൻ ഹോട്ടലിലെത്തിയ തൃപ്പൂണിത്തുറ സ്വദേശിനി ശുചിമുറിയിൽ കയറിയപ്പോഴാണ് മൊബൈൽ ഫോൺ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. ഇത് എടുത്ത് പരിശോധിച്ചപ്പോഴാണ് കാമറ ഓൺ ആണെന്ന് കണ്ടെത്തിയത്.

മൊബൈലുമായി പുറത്തിറങ്ങിയ യുവതി ഇത് ആരുടേതാണെന്ന് ചോദിച്ചെങ്കിലും ആരും ഉടമസ്ഥാവകാശം ഉന്നയിച്ച് മുന്നോട്ട് വന്നില്ല. ഇതേ തുടർന്ന് ഇവർ പൊലീസിനെ വിവരം അറിയിച്ചു. ഈ സമയത്താണ് ഹോട്ടലിലെ ജീവനക്കാരനായ ഫിറോസ് ഫോൺ തന്റേതാണെന്ന് വ്യക്തമാക്കി മുന്നോട്ട് വന്നത്.

പ്രതിയെ കൈയ്യോടെ പിടികൂടിയ ഇവർ ഫിറോസിനെ കൈകാര്യം ചെയ്തതായി ദൃക്‌സാക്ഷികൾ പറഞ്ഞു. പിന്നീട് എറണാകുളം സെൻട്രൽ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. യുവതിയുടെ പരാതിയിൽ കേസെടുത്തു. ഇയാളുടെ ഫോണിൽ വേറെയും ദൃശ്യങ്ങളുണ്ടായിരുന്നുവെന്നാണ് വിവരം. യുവതിയുടെ പരാതിയിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.