കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രതിയുടെ കുത്തേറ്റ് വനിതാ ഡോക്ടര്‍ മരിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനും പൊലീസിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. രാജ്യത്ത് എവിടെയെങ്കിലും ഇത്തരം സംഭവം മുന്‍പുണ്ടായിട്ടുണ്ടോയെന്ന് കോടതി ചോദിച്ചു.
ഡോക്ടര്‍മാരെ സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ ആശുപത്രികള്‍ അടച്ചുപൂട്ടു. പൊലീസിന്റെ കയ്യില്‍ തോക്കുണ്ടായിരുന്നില്ലെ. എങ്ങനെ സുരക്ഷ ഒരുക്കണമെന്ന കാര്യം കോടതി പറഞ്ഞു തരേണ്ടതില്ല. ഡോക്റുടെ അടുത്ത് പ്രതിയെ ഒറ്റയ്ക്ക് നിർത്തണമെന്ന സർക്കാർ ഉത്തരവ് ദുരന്തമാണെന്നും കോടതി പറഞ്ഞു.
സംഭവത്തിൽ പൊലീസ് മേധാവിയോടെ കോടതി വിശദീകരണം തേടി. ജസ്റ്റീസുമാരായ ദേവന്‍ രാമചന്ദ്രന്‍, കൗസര്‍ എടപ്പഗത്ത് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക. പ്രതിയുടെ ആക്രമണത്തില്‍ ഡോക്ടര്‍ വന്ദന ദാസ് (23) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. കോട്ടയം മുട്ടുച്ചിറ പട്ടാളമുക്ക് സ്വദേശിനിയാണ് വന്ദന.
സുരക്ഷ ക്രമീകരണങ്ങള്‍ ഉള്ള ആശുപത്രിയിലായിരുന്നു ആക്രമണം എന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പ്രതികരിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നതിനെതിരെ സര്‍ക്കാരിന് അതിശക്തമായ നിലപാടാണുള്ളത്. നിലവിലെ നിയമം ശക്തമാക്കാന്‍ പ്രവര്‍ത്തനം നടക്കുന്നുവെന്നും വീണ ജോര്‍ജ് പറഞ്ഞു.
സംഭവത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ ഡോക്ടര്‍മാര്‍ സമരം ആരംഭിച്ചു. അത്യാഹിത വിഭാഗം ഒഴികെ പ്രവര്‍ത്തിക്കില്ല. ഇന്നു പുലര്‍ച്ചെ നാലരയോടെ വൈദ്യ പരിശോധനയ്ക്കായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ച സ്‌കൂള്‍ അധ്യാപകന്റെ കുത്തേറ്റാണ് വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ടത്. മറ്റ് 2 പേര്‍ക്കു കുത്തേറ്റു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്‍ജന്‍ കോട്ടയം മാഞ്ഞൂര്‍, മുട്ടുചിറ സ്വദേശിനി ഡോ. വന്ദനദാസ് (25) ആണ് മരിച്ചത്. പ്രതി നെടുമ്പനയിലെ യുപി സ്‌കൂള്‍ അധ്യാപകനായ കുടവട്ടൂര്‍ ശ്രീനിലയത്തില്‍ എസ്. സന്ദീപിനെ (42) പൊലീസ് അറസ്റ്റു ചെയ്തു. പരുക്കുകളോടെ ഇയാളെ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലെ ഹോം ഗാര്‍ഡ് അലക്‌സ് കുട്ടി, കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലെ എസ്‌ഐ മണിലാല്‍ എന്നിവര്‍ക്കും കുത്തേറ്റു.