കോട്ടയം: ഗർഭിണിയായ വനിതാ ഡോക്ടർക്കും ഭർത്താവിനുംനേരെ ക്ഷേത്ര കമ്മിറ്റിക്കാരുടെ അസഭ്യ വർഷവും കയ്യേറ്റവും. ഇന്നലെ ചങ്ങനാശ്ശേരിയിലായിരുന്നു സംഭവം. ഇന്നലെ തനിക്കുണ്ടായ അനുഭവം ഫെയ്സ്ബുക്കിലൂടെയാണ് ഡോക്ടർ ആതിര ദർശൻ പങ്കുവച്ചത്. ശ്രീ ഗുരു ഗുഹാനന്ത ക്ഷേത്രത്തിലെ ഘോഷയാത്ര കടന്നുപോകുന്നതിനാൽ റോഡിൽ ഗതഗാതം തടസ്സപ്പെട്ടിരുന്നു. എന്നാൽ ഘോഷയാത്ര കഴിഞ്ഞിട്ടും ഗതഗാതം തടസ്സം മാറിയില്ല. പൊലീസിനോട് ഇതു പരാതിപ്പെട്ടതിനെത്തുടർന്നാണ് ആതിരയുടെ ഭർത്താവ് ദർശനുനേരെ കയ്യേറ്റമുണ്ടായത്. കാറിനകത്തുണ്ടായിരുന്ന ഗർഭിണിയായ ആതിരയ്ക്കുനേരെയും ആക്രമണമുണ്ടായി. ഇതെല്ലാം പൊലീസ് കണ്ടുനിൽക്കുക മാത്രമാണ് ചെയ്തത്.

Read More: മതങ്ങൾ പാരിസ്ഥിക-മനുഷ്യാവകാശ വിചാരണ നേരിടുമ്പോള്‍

ആതിര ദർശന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

ഇന്നലെ ജീവിതത്തിൽ ആദ്യമായി ഒരു പറ്റം മനുഷ്യത്വമില്ലാത്ത ജന്തുക്കളുടെ ഇടയിൽ പെട്ടുപോയി…

രാത്രി 8.30 യോടെ ചങ്ങനാശ്ശേരി ടൗണിൽ നിന്ന് വീട്ടിലേക് പോകും മദ്ധ്യേ ആണ് സംഭവം. റോഡ് മുഴുവൻ ബ്ളോക് ആക്കി ശ്രീ ഗുരു ഗുഹാനന്ത ക്ഷേത്രത്തിലെ താലപ്പൊലി കടന്നു പോകുകയാണ്. ഗതാഗതം പൂർണമായി സ്തംഭിപ്പിച്ചിട്ടാണ് ഈ ഏർപ്പാട് എന്ന് ഓർക്കണം…. 2 മണിക്കൂറോളം ക്ഷമയോടെ ഘോഷയാത്ര തീരുവനായി കാത്തു കിടന്നു. വണ്ടിയിൽ ഞാനും ഭർത്താവും 3 ചെറിയ കുട്ടികളും എന്റെ അമ്മയും ഉണ്ടായിരുന്നു. 2 മണിക്കൂർ വാഹനത്തിനുള്ളിൽ ഇരുന്ന് മക്കൾ കരച്ചിലും തുടങ്ങി. എന്നാൽ ഘോഷയാത്ര കടന്നു പോയ ശേഷവും ഗതാഗതം പഴയ പടി ആയില്ല..

ആളുകൾ റോഡിൽ കുത്തിയിരുന്ന് വീണ്ടും ബ്ളോക്ക് സൃഷ്ടിച്ചപ്പോൾ 100 ൽ വിളിച്ചു വിവരം അറിയിച്ചു. അവർ തന്ന നമ്പറിൽ വിളിച്ച് പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചപ്പോൾ ഘോഷയാത്ര നിയന്ത്രിക്കുവാനായി പൊലീസ് അവിടെ തന്നെയുണ്ട് അവരോടു വിവരം പറയുവാൻ പറഞ്ഞു. അത് പ്രകാരം ഭർത്താവ് ഇറങ്ങി പോയി മുന്നിൽ നിന്ന ഏമാനോട് കാര്യങ്ങൾ പറഞ്ഞപ്പോൾ വാഹനങ്ങൾ പോകുവാനുള്ള നീക്ക് പോക്ക് പുള്ളി ഉണ്ടാക്കി. മുന്നിലുള്ള വാഹനങ്ങൾ പോയ പുറകെ ഞങ്ങളുടെ കാർ സ്റ്റാർട്ട് ചെയ്യാൻ ആരംഭിച്ചതും അസഭ്യ വർഷവുമായി ഒരു പറ്റം സാമൂഹിക ദ്രോഹികൾ കാർ വളഞ്ഞു. ഡ്രൈവിങ് സീറ്റിൽ നിന്ന് ഭർത്താവിനെ കഴുത്തിൽ പിടിച്ചു വലിച്ചു ഇറക്കാൻ നോക്കി.

“നിനക്ക് മാത്രം എന്താ ഡാ ക#പ്പ.. &^#*%×മോനെ” എന്നൊക്കെ ആക്രോശിച്ചു കൊണ്ട് ബലമായി കാറിന്റെ ചാവി ഊരി എടുക്കുവാനും നോക്കി.. ഈ സമയം മുൻസീറ്റിലിരുന്ന എന്റെ ഡോർ ഒരാൾ വലിച്ചു തുറക്കുകയും തടയാൻ ശ്രമിച്ചപ്പോൾ എന്റെ കയ്യിൽ കടന്നു പിടിച്ചു തിരിക്കുകയും സീറ്റിൽനിന്നും വലിച്ചു ഇഴച്ച് റോഡിൽ ഇറക്കാൻ ശ്രമിക്കുകയും ചെയ്തു. ഈ കാഴ്ചകൾ ഒക്കെ കണ്ടു ഭീതിയിലായി എന്റെ മകളും ചേച്ചിയുടെ കുഞ്ഞുങ്ങളും വാവിട്ട് കരയാൻ തുടങ്ങി. ഈ അക്രമി സംഘത്തിലെ എല്ലാ നരാധമൻമാരും ശ്രീ ഗുരു ഗുഹാനന്ത ക്ഷേത്ര കമ്മിറ്റി ബാഡ്ജ് ധരിച്ചിരുന്നു. റോഡ് അരികിൽ നിന്ന മറ്റു പൊതു ജനങ്ങളും, കടകളിലെ ജീവനക്കാരും കാഴ്ചക്കാരായി നിന്നതല്ലാതെ ഈ അക്രമിച്ചവരെ പിടിച്ചു മാറ്റാൻ ആരും ശ്രമിച്ചില്ല. അവിടുന്ന് ഒരു വിധം വണ്ടി മുന്നിലേക്ക് എടുത്ത് 200 മീറ്റർ ചെന്നപ്പോൾ പൊലീസുകാർ കയ്യും കെട്ടി നിൽക്കുന്നത് കണ്ടു. അവരോടു വിവരം ബോധിപ്പിക്കുവാനായി വണ്ടി നിർത്തിയപ്പോൾ അക്രമി സംഘം വീണ്ടും കാർ വളഞ്ഞു അതിക്രമങ്ങൾ തുടർന്നു.

“നിങ്ങൾ വേഗം ഇവിടുന്നു പോകൂ.. വേഗം പോ ” എന്നൊക്കെ പൊലീസ് ഏമാൻമാർ പറയുന്നത് കേട്ടു… ഒരു വിധത്തിൽ അവിടുന്ന് വണ്ടി വിട്ട് വീട്ടിൽ എത്തി. പിന്നീട് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാൽ തിരിച്ചു ചങ്ങനാശ്ശേരിയിൽ എത്തി ആശുപത്രിയിൽ ചികിത്സ തേടിയ ശേഷമാണു വീട്ടിലേക്ക് മടങ്ങിയത്.. 34 ആഴ്ച ഗർഭിണി ആണ് ഞാൻ എന്ന കാര്യം കൂടി ഓർക്കണം… ശരീരത്തിന് ഏറ്റ മുറിവുകൾ നിസ്സാരം ആയിരിക്കാം.. പക്ഷെ ഇത് മൂലം അനുഭവിച്ച മാനസിക സംഘർഷവും അത് ഏൽപിച്ച മുറിവുകളും ഒരുപാട് ആഴം ഏറിയതാണ്..

ഇത് എന്റെ ഒരാളുടെ മാത്രം അനുഭവം അല്ല എന്നറിയാം..പൊതു വഴിയിലെ ഈ ആഭാസ പ്രകടനം ഒരു മതത്തിന്റെയോ പാർട്ടിയുടേയോ മാത്രം കുത്തക അല്ല എന്നും അറിയാം.. പക്ഷെ ഇത്തരം സന്ദർഭങ്ങൾക്ക് ഇനിയെങ്കിലും ഒരു അറുതി വരണം.. നമ്മുടെ ഈ പ്രബുദ്ധ കേരളത്തിൽ ഒരു പൊതു സ്ഥലത് വച്ച് സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും എന്ത് സുരക്ഷയാണ് ഉള്ളതെന്ന് നോക്കണം… നിയമപരമായി തന്നെ ഇതിനെ നേരിടാൻ ആണ് തീരുമാനം… ഇതിനായി എല്ലാ സുഹൃത്തുക്കളുടെയും പിന്തുണ ഞാൻ അഭ്യർത്ഥിക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.