/indian-express-malayalam/media/media_files/uploads/2017/08/houseboat.jpg)
കേരളത്തിലേക്ക് വിനോദസഞ്ചാരത്തിനെത്തുന്നവരെ ആകര്‍ഷിക്കുന്നവരുടെ പട്ടികയില്‍ ഒന്നാംസ്ഥാനമാണ് ഹൗസ് ബോട്ടുകള്‍ക്ക്. എന്നാല്‍ കേരളത്തിലെ ഹൗസ് ബോട്ട് വ്യവസായത്തെ ചരക്കുസേവന നികുതിയുടെ വരവ് പ്രതികൂലമായി ബാധിച്ചിരിക്കുന്നു. ഭക്ഷണം, താമസം എന്നതിനുപുറമേ കായലുകളിലൂടെയും ഉള്‍നാടന്‍ ജലാശയങ്ങളിലൂടെയുമുള്ള സഞ്ചാരവും ഒരുക്കുന്നതാണ് കേരളത്തിലെ ഹൗസ്‌ബോട്ട് സേവനങ്ങള്‍ എന്നു ടൂര്‍ ഓപറേറ്റര്‍മാര്‍ പറയുന്നു. "ഹൗസ്‌ബോട്ടിനെ ആഡംബരത്തില്‍ പെടുത്തികൊണ്ട് അതിനു ഇരുപത്തിയെട്ടു ശതമാനം നികുതി ഈടാക്കുന്നത് വിദേശ സഞ്ചാരികളെ ഇന്ത്യയ്ക്ക് പുറത്തുള്ള കേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കുന്ന സാഹചര്യത്തിലേക്ക് നയിക്കും. ശ്രീലങ്കയിലും തായ്‌ലാൻഡിലും ചുരുങ്ങിയ നിരക്കില്‍ ടൂറിസം സേവനം ലഭ്യമാണ്. ഇത് നിലവിൽ തന്നെ കേരളത്തിലേയ്ക്കു വരുന്ന സഞ്ചാരികളുടെ ഒഴുക്ക് കുറയ്ക്കുന്നതിന് കാരണമായിട്ടുണ്ട്. ജി എസ് ടി നിലവിൽ വന്നതോടെ ​ കേരളത്തിലെ നിരക്ക് വർധിക്കുന്നത് ഈ വ്യവസായത്തിന് കൂടുതൽ ദോഷകരമായി മാറുന്നു.
നോട്ടുനിരോധനവും ദേശീയ -സംസ്ഥാന പാതകളിലെ മദ്യശാലാനിരോധനവും നേരത്തെ ഈ വ്യവസായത്തിന് തിരിച്ചടി നൽകിയിരുന്നു." കേരളാ ട്രാവല്‍ മാര്‍ട്ട് സൊസൈറ്റിയിലെ ഒരംഗം പറഞ്ഞു.
മുമ്പ് ടൂര്‍ ഓപറേറ്ററില്‍ പെടുത്തിയിരുന്ന ഹൗസ് ബോട്ടുകള്‍ക്ക് ഒമ്പത് ശതമാനം സേവന നികുതിയും നിക്ഷേപിത നികുതി (ഇന്‍പുട്ട് ക്രെഡിറ്റ്)​യുമായിരുന്നു ഈടാക്കി വന്നത് എന്ന്‍ കേരളാ ഹൗസ് ബോട്ട് ഓണര്‍സ് അസോസിയേഷന്‍ സെക്രട്ടറി ജോബിന്‍ ജെ അക്കരകളം പറഞ്ഞു. " ചരക്കുസേവന നികുതി വന്നതോടുകൂടി ഞങ്ങളെ ടൂര്‍ ഓപറേറ്ററില്‍ നിന്നും ഒഴിവാക്കുകയും പതിനെട്ടുശതമാനം വരുന്ന നികുതിയിലേയ്ക്ക് ഉള്‍പ്പെടുത്തുകയും ചെയ്തു. എന്നിരുന്നാലും, ഹൗസ് ബോട്ടുകള്‍ ആഡംബരത്തില്‍ പെടുന്നതാണ് എന്നും 28 ശതമാനം നികുതി അതിനു ഈടാക്കേണ്ടി വരുമെന്നാണ് നികുതി വിദഗ്ദ്ധര്‍ പറയുന്നത്." ജോബിന്‍ പറഞ്ഞു.
" നികുതി വിദഗ്ദ്ധന്മാര്‍ക്കിടയിൽ ഇക്കാര്യത്തില്‍ വിരുദ്ധാഭിപ്രായങ്ങളാണ് നിലനില്‍ക്കുന്നത്. ചിലര്‍ പതിനെട്ടു ശതമാനം എന്നുപറയുമ്പോള്‍ മറ്റു ചിലര്‍ ഇരുപത്തെട്ടു ശതമാനം എന്നാണു പറയുന്നത്. ചിലര്‍ പറഞ്ഞത് മുറികളുടെ വാടക ഒരു രാത്രി 7,500രൂപയില്‍ കൂടുകയാണ് എങ്കില്‍ അതിനു ഇരുപത്തിയെട്ടു ശതമാനം നികുതി കൊടുക്കേണ്ടി വരും എന്നാണ്." ഇത് വ്യവസായത്തെ ശിഥിലമാക്കുമെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് റെയിന്‍ബോ ക്രൂയിസിലെ ജോസ് മാത്യു പറഞ്ഞു.
ചരക്കുസേവന നികുതിക്ക് കീഴില്‍ 7,500രൂപ ഈടാക്കുന്ന ആതിഥേയ വ്യവസായത്തെ ആഡംബര ഹോട്ടലുകളില്‍ പെടുത്തി ഇരുപത്തിയെട്ടു ശതമാനത്തിന്‍റെ ഉയര്‍ന്ന നികുതി സ്ലാബ് ആയിരിക്കും കൊടുക്കേണ്ടി വരിക.
ആലപ്പുഴയേയും കോട്ടയത്തെ കുമരകത്തേയും ബന്ധിപ്പിക്കുന്ന വേമ്പനാട് കായലില്‍ ഏതാണ്ട് 1,500 ഹൗസ് ബോട്ടുകളാണ് സേവനം നടത്തുന്നത്. ഒരു മുറിയുള്ള ശരാശരി ഹൗസ് ബോട്ടിന് പ്രതിദിനം 15,000രൂപയ്ക്കും 18,000രൂപയ്ക്കും ഇടയിലാണ് ഈടാക്കുന്നത്. രണ്ടു കിടപ്പു മുറികളുള്ളത്തിനു 25,000-28,000രൂപയ്ക്ക് ഇടയിലും. മൂന്നു കിടപ്പുമുറികള്‍ ഉള്ളതിന് 35,000-38,000 രൂപയ്ക്ക് ഇടയിലും ആണ് ഈടാക്കുക. സീസണ്‍ അനുസരിച്ചും ആവശ്യക്കാരുടെ എണ്ണം നോക്കിയും നിരക്കുകളില്‍ ഏറ്റകുറച്ചിലുകളും ഉണ്ടാവും. ആഡംബരത്തിനനുസരിച്ചും പ്രതിദിന നിരക്ക് കൂടിയും കുറഞ്ഞും ഇരിക്കും. കോണ്‍ഫറന്‍സ് റൂമുകളും ഡാന്‍സ് ഫ്ലോറും ജക്കൂസിയുമുള്ള ഹൗസ് ബോട്ടുകളും ഉണ്ട്.
ഹൗസ് ബോട്ടു വ്യവസായത്തെ മുഴുവന്‍ സംശയങ്ങളുടെ കീഴില്‍ കൊണ്ടുവന്നിരിക്കുകയാണ് ചരക്കു സേവന നികുതി എന്നു പറഞ്ഞ മുത്തൂറ്റ് ലെഷർ ആന്‍റ് ഹോസ്പിറ്റാലിറ്റി സര്‍വ്വീസിലെ സുനില്‍ ജെ. ഇതുകാരണം എല്ലാവരും നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ് എന്നും പറഞ്ഞു. "മുമ്പ് ഈടാക്കിയിരുന്ന ഒമ്പതു ശതമാനത്തില്‍ നിന്നും പതിനെട്ടു ശതമാനത്തിലേക്ക് ഞങ്ങള്‍ നികുതി വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ഞങ്ങളുടെ ബോട്ടുകളുടെ പ്രതിദിന വാടക പതിനയ്യായിരത്തിൽ കൂടുന്നതിനാല്‍ തന്നെ വലിയൊരു നികുതി കൊടുക്കേണ്ടി വരുമോ എന്ന ഭയവും നിലനില്‍ക്കുന്നു. ഇന്ധനം, ഭക്ഷണം, പണിക്കൂലി എന്നിവയ്ക്കാണ് ദിവസവും ഏറ്റവും കൂടുതൽ തുക ചെലവിടേണ്ടതായി വരുന്നത്. ഇതില്‍ ഇന്ധനം ചരക്കുസേവന നികുതിയില്‍ പെടുത്താത്തതിനാല്‍ ശീതീകരിച്ച ഭക്ഷണത്തിനു മാത്രമാണ് ഞങ്ങള്‍ക്ക് നിക്ഷേപിതനികുതി (ഇൻപുട്ട് ക്രെഡിറ്റ്) ഈടാക്കാന്‍ സാധിക്കുക.
നികുതി ഉദ്യോഗസ്ഥര്‍ കേരളത്തിലെ ഹൗസ് ബോട്ടുകളെ കശ്മീരിലെ ഹൗസ് ബോട്ടുകളുമായാണ് താരതമ്യപ്പെടുത്തുന്നത് എന്നാണ് ജോബിന്‍ പറയുന്നത്. കശ്മീരിലെ ഹൗസ് ബോട്ടുകള്‍ ഒരേ സ്ഥലത്ത് തന്നെ നിര്‍ത്തിയിടുന്നതാണ്. അത് ഏറെക്കുറെ ഹോട്ടല്‍ മുറി പോലെയാണ് എന്നും കേരളത്തിലെ ഹൗസ് ബോട്ടുകളുടെ പ്രവര്‍ത്തന രീതി ഏറെ വ്യത്യസ്തമാണ് എന്നും ജോബിന്‍ നിരീക്ഷിക്കുന്നു. "ദിവസം മുഴുവനുള്ള സഞ്ചാരത്തിനുള്ള ഇന്ധനവും പിന്നെ പരിപാലനത്തിനുള്ള ചെലവും ഇവിടെ അധികമായി വരും" ജോബിന്‍ പറഞ്ഞു.
ഏകദേശം 4,500-5,000 പേരാണ് കേരളത്തില്‍ ഹൗസ് ബോട്ടു വ്യവസായവുമായ് ബന്ധപ്പെട്ടു ജോലി ചെയ്യുന്നത്. ഭക്ഷണത്തിനായുള്ള മുട്ട, മീന്‍ എന്നിവയൊക്കെ പ്രദേശവാസികളില്‍ നിന്നുമാണ് വാങ്ങുന്നത്. കരകൗശല വസ്തുകള്‍ മുതല്‍ വിനോദം വ്യവസായം വരെ നേരിട്ടല്ലാതെ ഈ വ്യവസായവുമായി ബന്ധപ്പെടുന്നവര്‍ അനേകമാണ്. ഒരു പ്രദേശത്തെ സമ്പദ്‌വ്യവസ്ഥയെ മുഴുവന്‍ ബന്ധിപ്പിക്കുന്ന ഹൗസ് ബോട്ട് വ്യവസായത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കരിക്കപ്പെടാതെ തന്നെ നില്‍ക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us