കൊച്ചി: ജീവനക്കാരുടെ പരാതികളെ തുടർന്ന് എറണാകുളം അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ തൊഴിൽ വകുപ്പ് ജില്ല അധികൃതർ മിന്നൽ പരിശോധന നടത്തി. ജീവനക്കാരുടെ പൂർണ്ണ വിവരങ്ങൾ കണ്ടെത്താൻ സാധിച്ചില്ലെന്നതിന് പുറമേ ഒരു വിഭാഗം ജീവനക്കാർക്ക് മിനിമം വേതനമില്ലെന്നും പരിശോധനയിൽ വ്യക്തമായി. അതേസമയം തൊഴിൽ വകുപ്പിന്റെ കണ്ടെത്തലുകളെ തള്ളി ആശുപത്രി അധികൃതർ രംഗത്തെത്തി.

ഇന്ന് രാവിലെയാണ് മധ്യമേഖല റീജ്യണല്‍ ജോയിന്റ്‌ ലേബര്‍ കമ്മീഷണര്‍ കെ. ശ്രീലാലിന്റെയും ജില്ല ലേബർ ഓഫീസർ മുഹമ്മദ് സിയാദിന്റെയും നേതൃത്വത്തിൽ ഒരു സംഘം ജീവനക്കാർ പരിശോധനയ്ക്ക് എത്തിയത്. “3300 സ്ഥിരം ജീവനക്കാരുടെ പട്ടികയാണ് ആശുപത്രിയിൽ നിന്ന് ലഭിച്ചത്. അതേസമയം സേവകർ എന്ന നിലയിൽ 600 ലധികം ജീവനക്കാർ ഇവിടെയുണ്ട്. ശുചീകരണ തൊഴിലാളികളായാണ് ഇവരിൽ കൂടുതൽ പേരും തൊഴിൽ ചെയ്യുന്നത്. ഇവർക്ക് 5000-6000 രൂപയൊക്കെയാണ് കൊടുക്കുന്നത്”​ജില്ല ലേബർ ഓഫീസർ പറഞ്ഞു.

അധിക സമയം ജോലി ചെയ്യുന്ന നഴ്സുമാർക്ക് ഓവർടൈം വേതനം നൽകുന്നില്ലെന്ന് കണ്ടെത്തിയതിന് പുറമേ, അമൃത എന്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡിന് കീഴിലെ ഫാർമസി സ്ഥാപനത്തിലും തൊഴിൽ വകുപ്പ് ക്രമക്കേടുകൾ കണ്ടെത്തി. ഇവിടെയുള്ള ജീവനക്കാരിലും മിനിമം വേതനം ലഭിക്കാത്തവരുണ്ടെന്നും ജീവനക്കാർക്ക് അവധി നൽകുന്നില്ലെന്നും പരാതികൾ ലഭിച്ചതായി മുഹമ്മദ് സിയാദ് ഐഇ മലയാളത്തോട് പറഞ്ഞു.

ആശുപത്രിയോട്‌ അനുബന്ധിച്ചുള്ള കണ്‍സ്‌ട്രക്ഷന്‍ സൈറ്റില്‍ നിർമ്മാണ പ്രവർത്തനം അടിയന്തിരമായി നിർത്തിവയ്ക്കാൻ പരിശോധനയെ തുടർന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവിടെ മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ചിട്ടില്ലെന്ന്‌ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിര്‍മ്മാണം നിര്‍ത്തിവെക്കാൻ ഉത്തരവിട്ടതെന്ന് ജില്ല ഇൻഫർമേഷൻ ഓഫീസിൽ നിന്നുള്ള പത്രക്കുറിപ്പിൽ പറയുന്നു.

ആശുപത്രിക്ക് പരിശോധനയിൽ കണ്ടെത്തിയ നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടി ഉടൻ നൊട്ടീസ് നൽകുമെന്ന് ജില്ല ലേബർ ഓഫീസർ അറിയിച്ചു. “രണ്ടാഴ്ചക്കകം ക്രമക്കേടുകൾ പരിഹരിക്കാൻ നിർദ്ദേശിക്കും. അവർ അത് പരിഹരിക്കുമെന്നാണ് വിശ്വാസം. അല്ലാത്ത പക്ഷം നിയമനടപടികളുമായി മുന്നോട്ട് പോകും” മുഹമ്മദ് സിയാദ് പറഞ്ഞു.

അതേസമയം തൊഴിൽ വകുപ്പ് പരിശോധനയിൽ കണ്ടെത്തിയ കാര്യങ്ങൾ പൊലിപ്പിച്ച് പറയുകയാണെന്ന് അമൃത ഇൻസ്റ്റിറ്റ്യൂട്ട് എച്ച്.ആർ വിഭാഗം ജനറൽ മാനേജർ ആർ.രംഗനാഥൻ പറഞ്ഞു. “അമൃത സേേവാ കേന്ദ്രമെന്ന പേരിൽ ഒരു സൊസൈറ്റിയുണ്ട്. ഇതിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഭക്തർ സേവനത്തിനായി അമൃത ആശുപത്രിയിൽ വരാറുണ്ട്. ഇവർ ഒരു മാസം മുതൽ അഞ്ച് മാസം വരെയൊക്കെ നിൽക്കാറുണ്ട്. ഇവർക്ക് നിത്യചിലവിനെന്ന മട്ടിൽ മാസം ഒരു തുക നൽകാറുണ്ട്. ഓരോ മാസവും ഓരോ പ്രദേശങ്ങളിൽ നിന്നുള്ളവർ വന്ന് പോകും. ഇവരാരും സ്ഥിരം ജീവനക്കാരല്ല. ഇത് പറഞ്ഞിട്ട് തൊഴിൽ വകുപ്പ് വിശ്വസിക്കുന്നില്ല” അദ്ദേഹം കൂട്ടിച്ചേർത്തു.

“2011 ലെ നഴ്സുമാരുടെ സമരത്തിന് ശേഷം ഇവിടെയുള്ള എല്ലാ ജീവനക്കാർക്കും ഉയർന്ന വേതനമാണ് നൽകുന്നത്. ആരുടെയും ആനുകൂല്യത്തിലും ആശുപത്രി യാതൊരു പിഴവും വരുത്തിയിട്ടില്ല. മിനിമം വേതനം നൽകുന്നില്ലെന്നും ഓവർടൈം വേതനം നൽകുന്നില്ലെന്നുമുള്ള പ്രസ്താവനകൾ മുൻധാരണയോടെയുള്ളതാണ്. അമൃത എന്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് ആശുപത്രിയുടെ ഭാഗമല്ല. ഇവിടെയുള്ള ട്രയിനികളായ വിദ്യാർതത്ഥികൾക്ക് നൽകുന്ന സ്റ്റൈപ്പന്റാകണം മിനിമം വേതനമെന്ന് ജില്ല ലേബർ ഓഫീസർ കരുതിയത്. അതല്ലാതെ യാതൊരു തൊഴിൽ നിയമ ലംഘനവും അമൃത ആശുപത്രിയിൽ നടക്കുന്നില്ല” രംഗനാഥൻ വിശദീകരിച്ചു.

അതേസമയം സേവകർ എന്ന നിലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികളുടെ കൂട്ടത്തിൽ സാധാരണ ശുചീകരണ തൊഴിലാളികളും ഉണ്ടെന്ന് ജില്ല ലേബര്‍ ഓഫീസര്‍ കെ.എസ്‌. മുഹമ്മദ്‌ സിയാദ്‌ പറഞ്ഞു. ഇവർക്ക് തുച്ഛമായ വേതനമാണ് നൽകുന്നത്. നഴ്സുമാരടക്കമുള്ള സ്ഥിരം ജീവനക്കാരുടെ കാര്യത്തിൽ ഇഎസ്ഐ, പി.എഫ് തുടങ്ങിയ എല്ലാ ആനുകൂല്യങ്ങളും നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.