തിരുവനന്തപുരം: ചേർത്തല കെവിഎം സമരം സർക്കാർ ഇടപെട്ട് അടിയന്തിരമായി ഒത്തുതീർപ്പാക്കണം എന്ന് ആവശ്യപ്പെട്ടു യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ) സെക്രട്ടറിയേറ്റ് മാർച്ച് നടത്തി. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാർച്ച് നടത്തിയത്.

കഴിഞ്ഞ 161 ദിവസം ആയി കെവിഎം ആശുപത്രിയിലെ നഴ്സുമാർ 2013ലെ മിനിമം വേതനം നടപ്പിലാക്കണം, 12 മുതൽ 16 മണിക്കൂർ ദിവസേന ഉള്ള ജോലി സമയം നിയമപ്രകാരം ക്രമീകരിക്കണം, ഇഎസ്ഐ, പിഎഫ് തുടങ്ങിയ ആനുകൂല്യങ്ങൾ നടപ്പിലാക്കണം, നിയമപരമല്ലാത്ത രീതിയിലെ ട്രെയിനിങ് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടു സമരത്തിലാണ്.

കെവിഎം സമരം അടിയന്തിരമായി ഒത്തുതീർപ്പാക്കാത്ത പക്ഷം സംസ്ഥാന വ്യാപകമായി യുഎൻഎ പണിമുടക്ക് ആരംഭിക്കുമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് യുഎൻഎ സംസ്ഥാന ഉപാധ്യക്ഷൻ സിബി മുകേഷ് പറഞ്ഞു. സംസ്ഥാനത്തെ പന്ത്രണ്ട് കലക്ടറേറ്റുകളിലേക്കും യുഎൻഎ മാർച്ചും ധർണയും നടത്തി.

സേവന വേതന നിയമങ്ങൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ചേർത്തല കെവിഎം ആശുപത്രിയിൽ തുടരുന്ന സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ ഇടപെടണമെന്നാണ് സംഘടനയുടെ ആവശ്യം. 2013ലെ മിനിമം വേതനം പോലും നൽകാൻ തയ്യാർ ആകാത്ത കെവിഎം മാനേജ്‌മന്റ് മുഖ്യമന്ത്രിയുടെ വാക്കുകൾ ധിക്കരിച്ചു നഴ്സുമാർക്കെതിരെ പ്രതികാര നടപടികൾ ആരംഭിച്ചിരുന്നു. ഈ നടപടികൾ നഴ്‌സുമാരെ പണിമുടക്കിലേയ്ക്ക് തളളിവിടുന്ന സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് യുഎൻഎ ഭാരവാഹികൾ പറഞ്ഞു.

തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് രാജേഷ് വർഗീസ് ജില്ലാ സെക്രട്ടറി സുബി രതീഷ് സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ആയ മുഹമ്മദ്, ഹാരിഷ് എന്നിവർ സംസാരിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ