തിരുവനന്തപുരം: കോൺഗ്രസിന്റെ സമുന്നതനായ നേതാവാണ് കെ.വി.തോമസെന്നും അദ്ദേഹം കോൺഗ്രസിൽ തുടരുമെന്നും കോൺഗ്രസ് തിരഞ്ഞെടുപ്പ് മേൽനോട്ട സമിതി അധ്യക്ഷൻ ഉമ്മൻ ചാണ്ടി. കെ.വി.തോമസുമായി ഒരു പ്രശ്നവുമില്ല. കോൺഗ്രസ് ഒരു ജനാധിപത്യ പാർട്ടിയാണ്. ആ പാർട്ടിയിൽ ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ അത് കേൾക്കും. പരാതി പറയുന്നവരെ പാർട്ടി തളളിക്കളയില്ലെന്നും സമിതിയുടെ ആദ്യയോഗത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവേ ഉമ്മൻ ചാണ്ടി വ്യക്തമാക്കി.

ജനങ്ങളുടെ മനസ്സറിയുന്ന ജനകീയ പ്രകടന പത്രികയ്ക്ക് പാർട്ടി രൂപം നൽകും. ഇതിനായി പാർട്ടി രൂപീകരിച്ച കമ്മിറ്റി എല്ലാ ജില്ലകളിലും യോഗം ചേരും. ജനങ്ങളുമായി ആശയവിനിമയം നടത്തും. മേല്‍നോട്ട സമിതിയിലെ അംഗം ശശി തരൂര്‍ തിരുവനന്തപുരം, കോട്ടയം, പാലക്കാട്, കോഴിക്കോട് ജില്ലകള്‍ സന്ദര്‍ശിച്ച് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരുമായി ചര്‍ച്ച നടത്തും. യുവാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. സ്ത്രീകള്‍, പ്രൊഫഷനലുകള്‍, തൊഴിലാളികള്‍, അധ്യാപകര്‍, കര്‍ഷകര്‍ തുടങ്ങിയ വിഭാഗങ്ങളുടെയെല്ലാം വികാരങ്ങള്‍ ഉള്‍ക്കൊള്ളുന്നതാകും യുഡിഎഫിന്‍റെ പ്രകടന പത്രികയെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

Read More: മുട്ടനാടും ഇല്ല, കുട്ടനാടും ഇല്ല; പാലയിൽ തന്നെ മത്സരിക്കുമെന്ന് മാണി സി.കാപ്പൻ

നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ കോൺഗ്രസിന്റെ നിർണായക യോഗം ഇന്നു തിരുവനന്തപുരത്ത് ചേരുന്നത്. ഹൈക്കമാൻഡ് പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

കോൺഗ്രസ് നേതൃത്വത്തോട് ഇടഞ്ഞുനിന്ന കെ.വി.തോമസ് തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. അദ്ദേഹം അനുനയ ചർച്ചയ്ക്ക് വഴങ്ങിയിട്ടുണ്ട്. ഇന്ന് തിരുവനന്തപുരത്ത് വച്ച് മുതിർന്ന നേതാക്കളുമായി അദ്ദേഹം ചർച്ച നടത്തും. സ്ഥാനമാനങ്ങളിൽ നിന്ന് അകറ്റി നിര്‍ത്തിയതിന് കോൺഗ്രസ് നേതൃത്വവുമായി അഭിപ്രായ ഭിന്നതയിലായിരുന്ന തോമസ് ഇടതു മുന്നണിയിലേക്ക് പോകുമെന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.