കണ്ണൂർ: കണ്ണൂരിൽ നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ ഇന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി.തോമസ് പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനുമൊപ്പമാണ് കെ.വി.തോമസ് വേദി പങ്കിടുക. അതേസമയം, എഐസിസി നിർദേശം തള്ളി സെമിനാറിൽ പങ്കെടുക്കുന്ന കെ.വി. തോമസിനെതിരെ കോൺഗ്രസിന്‍റെ നടപടിയും ഉടൻ ഉണ്ടാകുമെന്നാണ് സൂചന.
ഇന്നലെ കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ കെ.വി.തോമസിന് വൻ സ്വീകരണമാണ് സിപിഎം നൽകിയത്. കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജനും പാർട്ടി പ്രവർത്തകരും അദ്ദേഹത്തെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തി. ചുവന്ന ഷാൾ അണിയിച്ചാണ് കെ.വി.തോമസിനെ സ്വീകരിച്ചത്. ചുവന്ന ഷാളിനെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ നിറമേതായാലും ഷാൾ അല്ലേ എന്നായിരുന്നു കെ.വി.തോമസിന്റെ മറുപടി.
തനിക്ക് പറയാനുള്ളതെല്ലാം സിപിഎം പാർട്ടി സമ്മേളനത്തിന്റെ ഭാഗമായ സെമിനാറിൽ താൻ പറയുമെന്ന് കെ.വി.തോമസ് വ്യക്തമാക്കിയിട്ടുണ്ട്. ഹൈക്കമാന്റിന്റേയും സംസ്ഥാന നേതൃത്വത്തിന്റേയും വിലക്ക് അവഗണിച്ചാണ് തോമസ് സെമിനാറില്‍ പങ്കെടുക്കുന്നത്.
Read More: കെ. വി. തോമസ് സിപിഎം സെമിനാറില്‍ പങ്കെടുത്താല്‍ പാര്‍ട്ടിക്ക് പുറത്ത്: കെ. സുധാകരന്‍