തിരുവനന്തപുരം: തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്ക് വേണ്ടി മുതിര്‍ന്ന കോൺഗ്രസ് നേതാവ് കെ വി തോമസ് പ്രചാരണത്തിന് ഇറങ്ങും. കൊച്ചിയിൽ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഇടത് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫിന്റെ പ്രചാരണത്തിൽ പങ്കാളിയാകുമെന്ന് കെ.വി.തോമസ് അറിയിച്ചത്.
ഞാൻ ഇന്നും എന്നും കോൺഗ്രസുകാരനാണ്’. കോൺഗ്രസുകാരനായി തന്നെയാണ് ഇടതിനായി പ്രചാരണത്തിന് ഇറങ്ങുക. 2018 മുതൽ തന്നെ കോൺഗ്രസിൽ നിന്നും പുറത്താക്കാൻ സംഘടിത ശ്രമമുണ്ട്. പുറത്താക്കാൻ കഴിയുമെങ്കിൽ പുറത്താക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ജോ ജോസഫ് ജയിക്കണം എന്ന ആഗ്രഹത്തോടെയാണ് പ്രചാരണത്തിന് ഇറങ്ങുന്നത്. തൃക്കാക്കരയിലെ ജയവും തോൽവിയും നിലപാടിനെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വികസന രാഷ്ട്രീയത്തെ പിന്തുണച്ചാണ് ഇടത് മുന്നണിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന ഇടത് മുന്നണി കൺവെൻഷനിൽ പങ്കെടുക്കുമെന്നും കെ.വി.തോമസ് വ്യക്തമാക്കി.
31 നാണ് തൃക്കാക്കര മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ്. ജൂണ്‍ മൂന്നിനാണ് വോട്ടെണ്ണല്‍. 11-ാം തീയതി വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. പിന്‍വലിക്കാനുള്ള അവസാന തീയതി 16. തൃക്കാക്കരയിൽ മുൻ എംഎൽഎയായ പി.ടി.തോമസിന്റെ ഭാര്യ ഉമ തോമസ് ആണ് യുഡിഎഫിനു വേണ്ടി മത്സരിക്കുന്നത്. ഡോ. ജോ ജോസഫ് ആണ് എൽഡിഎഫ് സ്ഥാനാർഥി. ബിജെപിക്കുവേണ്ടി എ.എൻ. രാധാകൃഷ്ണനാണ് മത്സരിക്കുന്നത്.
Read More: തൃക്കാക്കരയില്‍ കെ വി തോമസ് എല്‍ഡിഎഫിനു വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് പി സി ചാക്കോ