കൊച്ചി: കോൺഗ്രസ്സ് വിടുമെന്ന അഭ്യൂഹങ്ങൾക്ക് അവസാനമിട്ട് കെ വി തോമസ്. തന്നെ കോൺഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി നേരിട്ട് ഫോണിൽ വിളിച്ച് സംസാരിച്ചുവെന്നും അവർ പറഞ്ഞ പ്രകാരം പാർട്ടി ദേശീയ നേതാക്കളെ കാണുമെന്നും മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ വി തോമസ് പറഞ്ഞു.

“കോൺഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി എന്നെ നേരിട്ട് ഫോണിൽ വിളിച്ച് സംസാരിച്ചു. വൈകിട്ട് നാലുമണിക്ക് ഉമ്മൻചാണ്ടിയും രമേശും വിളിച്ചിരുന്നു. ഹൈക്കമാൻഡ് ലീഡർഷിപ്പ് തിരുവനന്തപുരത്ത് വരുന്നുണ്ട് അതിൽ പങ്കെടുക്കണമെന്ന് പറഞ്ഞു. അര മണിക്കൂർ മുൻപ് സോണിയാ ഗാന്ധി വിളിച്ചു. എന്നോട് തിരുവനന്തപുരത്ത് വരണമെന്നും കേന്ദ്രനേതൃത്വവുമായി ബന്ധപ്പെടണമെന്നും പറഞ്ഞു. സോണിയാജി പറഞ്ഞാൽ എനിക്ക് മറ്റൊന്നുമില്ല. അത്രയധികം കടപ്പാടും ബന്ധവും ഉണ്ട്,” കെവി തോമസ് പറഞ്ഞു.

Raed More: കെ.വി.തോമസിനെ സ്വാഗതം ചെയ്‌ത് സിപിഎം; ശനിയാ‌ഴ്‌ച നിലപാട് പ്രഖ്യാപനം

ചില വിഷമങ്ങൾ നേരിട്ടിരുന്നുവെന്നും അതിനാലാണ് പാർട്ടിയിൽ നിന്ന് മാറി നിന്നതെന്നും അദ്ദേഹം പറഞ്ഞു. മറ്റു പലതും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ച കഥകളാണെന്നും അദ്ദേഹം പറഞ്ഞു.

“ചില ദുഖങ്ങളും പരിഭവങ്ങളുമുണ്ടായിരുന്നു. അതിന്റെ വിഷമം കൊണ്ടാണ് ഞാൻ ഒന്നിലും പങ്കെടുക്കാതിരുന്നത്. വേറെ പ്രശ്നങ്ങളൊന്നുമില്ല. പലതും ഓരോ കഥകൾ വന്നതാണ്. സോഷ്യൽ മീഡിയയിലൂടെ വരുന്ന ഒത്തിരി സ്റ്റോറികളാണ്,” കെ വി തോമസ് പറഞ്ഞു.

ഇവിടെ ഒരു പത്രത്തിൽ വന്ന ഒരു വാർത്തയാണ് ഇതിനെല്ലാം തിരികൊളുത്തിയതെന്നും അദ്ദേഹം പറഞ്ഞു. “വൈറ്റില-കുണ്ടന്നൂർ പാലങ്ങളുടെ ഉദ്ഘാടനത്തിന് എന്നെ ക്ഷണിക്കുകയും അതിൽ പ്രാധാന്യം ലഭിക്കുകയും ചെയ്തതിന് പിറകേ താൻ കൊച്ചി സീറ്റിന് വേണ്ടി ശ്രമിക്കുകയാണെന്നും സംസ്ഥാന നേതൃത്വത്തിന് എതിർപ്പുള്ളതിനാൽ എൽഡിഎഫിനെ കാണിച്ച് പേടിപ്പിക്കുകയാണെന്നുമാണ് ആ പത്രത്തിൽ വാർത്ത വന്നത്. പിന്നീട് സോഷ്യൽ മീഡിയയിലൂടെയും ഫോണിലൂടെയും ആക്ഷേപങ്ങൾ നേരിട്ടു. അവയെല്ലാം കണ്ടപ്പോൾ മാനസിക വിഷമം എനിക്കുണ്ടായിരുന്നു,” കോൺഗ്രസ് നേതാവ് പറഞ്ഞു.

“സോണിയ ഗാന്ധിയോടുള്ള കടപ്പാട് വലുതാണ്. ഒരു സാധാരണ കോൺഗ്രസ് പ്രവർത്തകനായി നിൽക്കാനാണ് ആഗ്രഹം. സോണിയാ ഗാന്ധി പറഞ്ഞത് ഒന്നും അനുസരിക്കാതിരുന്നിട്ടില്ല. ഞാൻ സ്ഥാനമൊന്നും ചോദിച്ചില്ല. നിയമസഭാ സീറ്റ് ഒന്നും ചോദിച്ചിട്ടില്ല. സോണിയാ ഗാന്ധി പറഞ്ഞത് ഒന്നും അനുസരിക്കാതിരിക്കില്ല,” അദ്ദേഹം വ്യക്തമാക്കി.

ശനിയാഴ്ച വാർത്താ സമ്മേളനം വിളിക്കാൻ കെവി തോമസ് തീരുമാനിച്ചിരുന്നു. തനിക്ക് കുറേ കാര്യങ്ങൾ പറയാനുള്ളതിനാലാണ് വാർത്താ സമ്മേളനം വിളിച്ചതെന്നും എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ഒന്നും പറയേണ്ടെന്നാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.