കൊച്ചി: ഇരുപത്തി മൂന്നാം സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് കെ. വി. തോമസ്. പങ്കെടുക്കുന്നതിന്റെ സാധ്യത തള്ളാതെയായിരുന്നു കെ. വി. തോമസിന്റെ വിശദീകരണവും. ദേശിയ രാഷ്ട്രിയത്തില്‍ കോണ്‍ഗ്രസിന്റെ ഭാവി പദ്ധതികളില്‍ സിപിഎമ്മിന്റെ പിന്തുണ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
“2024 ല്‍ ദേശിയ തലത്തില്‍ കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുന്ന മഹാസഖ്യം ഉണ്ടാകേണ്ടതുണ്ട്. സിപിഎമ്മിന്റെ പിന്തുണയും അതിന് അനിവാര്യമാണ്. കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ സംബന്ധിച്ച സെമിനാറിലേക്കാണ് എന്നെ വിളിച്ചിരിക്കുന്നത്. വിഷയത്തെപ്പറ്റി അറിവുള്ളയാള്‍ എന്ന നിലയില്‍ കൂടിയാണ് എന്നെ ക്ഷണിച്ചിരിക്കുന്നത്,” കെ. വി. തോമസ് വ്യക്തമാക്കി.
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കേണ്ടതില്ലെന്നാണ് ഹൈക്കമാന്‍ഡും സംസ്ഥാന നേതൃത്വവും സ്വീകരിച്ചിരിക്കുന്ന നിലപാട്. എന്നാല്‍ കെ. വി. തോമസ് അനുമതി തേടിക്കൊണ്ട് സോണിയ ഗാന്ധിക്ക് കത്തയച്ചു. കെ. വി. തോമസ് സെമിനാറില്‍ പങ്കെടുക്കുമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം. വി. ജയരാജനും പ്രതികരിച്ചിരുന്നു.
ഇരുപത്തി മൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന് കണ്ണൂരില്‍ ഇന്ന് പതാക ഉയര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് പതാക ഉയര്‍ത്തിയത്. പ്രതിനിധികളും നിരീക്ഷകരും കേന്ദ്ര കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടെ 815 പേരാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്. സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള പൊളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റി അംഗങ്ങളും വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രതിനിധികളും കണ്ണൂരിലെത്തിക്കഴിഞ്ഞു.
Also Read: പതാക ഉയര്‍ത്തി പിണറായി വിജയന്; സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കം