scorecardresearch

‘പുറത്താക്കേണ്ടത് എഐസിസി’; സുധാകരന്‍ നുണ പറയുന്നെന്ന് കെ.വി.തോമസ്

താന്‍ എല്‍ഡിഎഫിലേക്ക് ഇല്ലെന്ന് പറഞ്ഞ അദ്ദേഹം കോണ്‍ഗ്രസ് സംസ്കാരത്തില്‍ നിന്ന് തന്നെ മാറ്റാനാവില്ലെന്നും കൂട്ടിച്ചേര്‍ത്തു

KV Thomas, congress, ie malayalam

കൊച്ചി: തന്നെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയെന്ന കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്റെ പ്രഖ്യാപനത്തോട് പ്രതികരിച്ച് മുതിര്‍ന്ന നേതാവ് കെ.വി.തോമസ്. “പുറത്താക്കേണ്ടത് എഐസിസിയാണ്. ഔദ്യോഗികമായി ഒരു അറിയിപ്പും ലഭിച്ചിട്ടില്ല. കെപിസിസി അധ്യക്ഷന്‍ നുണ പറയുകയാണ്,” കെ.വി.തോമസ് വ്യക്തമാക്കി. താന്‍ എല്‍ഡിഎഫിലേക്ക് ഇല്ലെന്ന് പറഞ്ഞ അദ്ദേഹം കോണ്‍ഗ്രസ് സംസ്കാരത്തില്‍ നിന്ന് തന്നെ മാറ്റാനാവില്ലെന്നും കൂട്ടിച്ചേര്‍ത്തു.

തൃക്കാക്കരയില്‍ എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തതിന് പിന്നാലെയായിരുന്നു കെ.വി.തോമസിനെതിരായ നടപടി. എഐസിസിയുടെ അനുമതിയോടെയാണ് കെ.വി.തോമസിനെ പുറത്താക്കിയതെന്നും സുധാകരന്‍ പറഞ്ഞിരുന്നു.

തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വേദിയില്‍ എത്തിയ കെ.വി.തോമസ് മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി സംസാരിച്ചിരുന്നു. “ഇന്ത്യയെ നയിക്കാൻ കഴിവുള്ള വ്യക്തിയാണ് പിണറായി വിജയന്‍. ഉമ്മൻ ചാണ്ടി വൈറ്റില കല്ലിട്ടു, കുണ്ടന്നൂർ കല്ലിട്ടു, പക്ഷെ പിണറായി വിജയന്‍ അവിടെ മേൽപ്പാലം പണിതു. കേരളത്തിന്റെ വികസനത്തിന് കെ-റെയില്‍ ആവശ്യമാണ്. ഇത്തരം പദ്ധതികള്‍ ഉണ്ടാകുമ്പോള്‍ പ്രതിസന്ധി സാധാരണമാണ്. അതിനെ അതിജീവിക്കാനുള്ള കരുത്ത് പിണറായി വിജയനുണ്ട്,” കെ.വി.തോമസ് പറഞ്ഞു.

നേരത്തെ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പാര്‍ട്ടിയുടെ വിലക്ക് ലംഘിച്ച് കെ.വി.തോമസ് പങ്കെടുത്തിരുന്നു. ഇതിനു പിന്നാലെ പാർട്ടിയുടെ പ്രധാന പദവികളിൽ നിന്നു അദ്ദേഹത്തെ നീക്കാന്‍ കോൺഗ്രസ് അച്ചടക്ക സമിതി ശുപാർശ ചെയ്തിരുന്നു. ഇത് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി അംഗീകരിച്ചിരുന്നു. എന്നാല്‍ മുതിര്‍ന്ന നേതാവെന്ന പരിഗണന നല്‍കിയാണ് അന്ന് കെ.വി.തോമസിനെ സസ്പെന്‍ഡ് ചെയ്യാതിരുന്നത്.

Also Read: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kv thomas on congresss action against him

Best of Express