തിരുവനന്തപുരം: മുതിര്‍ന്ന നേതാവ് കെ. വി. തോമസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍. തൃക്കാക്കരയില്‍ എല്‍ഡിഎഫിന്റെ കണ്‍വെന്‍ഷനില്‍ പങ്കെടുത്തതിന് പിന്നാലെയാണ് നടപടി. എഐസിസിയുടെ അനുമതിയോടെയാണ് കെ. വി. തോമസിനെതിരായ നടപടിയെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ വേദിയില്‍ എത്തിയ കെ. വി. തോമസ് മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി സംസാരിച്ചിരുന്നു. “ഇന്ത്യയെ നയിക്കാൻ കഴിവുള്ള വ്യക്തിയാണ് പിണറായി വിജയന്‍. ഉമ്മൻ ചാണ്ടി വൈറ്റില കല്ലിട്ടു, കുണ്ടന്നൂർ കല്ലിട്ടു, പക്ഷെ പിണറായി വിജയന്‍ അവിടെ മേൽപ്പാലം പണിതു. കേരളത്തിന്റെ വികസനത്തിന് കെ-റെയില്‍ ആവശ്യമാണ്. ഇത്തരം പദ്ധതികള്‍ ഉണ്ടാകുമ്പോള്‍ പ്രതിസന്ധി സാധാരണമാണ്. അതിനെ അതിജീവിക്കാനുള്ള കരുത്ത് പിണറായി വിജയനുണ്ട്,” കെ. വി. തോമസ് പറഞ്ഞു.
നേരത്തെ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പാര്‍ട്ടിയുടെ വിലക്ക് ലംഘിച്ച് കെ. വി. തോമസ് പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെ പാർട്ടിയുടെ പ്രധാന പദവികളിൽ നിന്നു നീക്കാന്‍ കോൺഗ്രസ് അച്ചടക്ക സമിതി ശുപാർശ ചെയ്തിരുന്നു. ഇത് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി അംഗീകരിച്ചിരുന്നു. എന്നാല്‍ മുതിര്‍ന്ന നേതാവെന്ന പരിഗണന നല്‍കിയാണ് അന്ന് കെ. വി. തോമസിനെ സസ്പെന്‍ഡ് ചെയ്യാതിരുന്നത്.
Also Read: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: എല്‍ഡിഎഫ് സെഞ്ചുറിയിലേക്കെന്ന് മുഖ്യമന്ത്രി; വേദിയില്‍ കെ. വി. തോമസും