തിരുവന്തപുരം:ഗവര്‍ണറുടെ വാര്‍ത്താ സമ്മേളനം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും ഒരു വിഭാഗം മാധ്യമങ്ങളെ വിലക്കിയ നടപടി ജനാധിപത്യ വിരുദ്ധവും അങ്ങേയറ്റം പ്രതിഷേധാര്‍ഹവുമാണെന്ന് കെ യു ഡബ്ള്യു ജെ. മാധ്യമ സ്വാതന്ത്ര്യത്തിന് മേലുളള കടന്നു കയറ്റമാണ് ഗവര്‍ണറുടെ നടപടി. കൈരളി, ജയ്ഹിന്ദ്, മീഡിയാവണ്‍, റിപ്പോര്‍ട്ടര്‍ ടിവി എന്നീ ചാനലുകളെയാണ് വാര്‍ത്താ സമ്മേളനത്തില്‍ നിന്നും വിലക്കിയത്. ഗവര്‍ണര്‍ തന്നെ നിര്‍ദ്ദേശിച്ചത് അനുസരിച്ച് അഭിമുഖത്തിന് സമയം ചോദിച്ച് മെയില്‍ നല്കിയ മാധ്യമങ്ങളും വിലക്ക് നേരിട്ടവയിലുണ്ടെന്ന് കെ യു ഡബ്ള്യു ജെ പ്രസ്താവനയില്‍ പറഞ്ഞു.
ഒരു വിഭാഗം മാധ്യമങ്ങളെ വിലക്കുന്ന രീതി രാജ്ഭവന് പോലെ ഒരു ഭരണഘടനാ സ്ഥാപനത്തിന് യോജിച്ചതല്ല. ഇത് തുടര്‍ന്നാല്‍ അതിശക്തമായ പ്രതിഷേധത്തിലേക്ക് പോകാന്‍ നിര്‍ബന്ധിതരാകും എന്ന് കെ യു ഡബ്ള്യു ജെ സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജനറല്‍ സെക്രട്ടറി ആര് കിരണ്‍ ബാബുവും പറഞ്ഞു. കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരെ അവഹേളിക്കുന്ന തരത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇന്ന് രാവിലെ നടത്തിയ പ്രതികരണവും പ്രതിഷേധാര്‍ഹമാണ്. തൊഴിലിന്റെ ഭാഗമായി വാര്‍ത്ത ശേഖരണത്തിന് വേണ്ടി പ്രതികരണം ആരാഞ്ഞ മാധ്യമ പ്രവര്‍ത്തകരെ വേഷം മാറിവരുന്ന വ്യാജന്മാര് എന്ന തരത്തില്‍ വിശേഷിപ്പിച്ചത് ഉന്നതമായ ഭരണഘടനാ പദവി വഹിക്കുന്ന ഒരാള്‍ക്ക് യോജിച്ചതല്ല. കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ ആരുടെയും കേഡര്‍മാരല്ല. അത്യന്തം ദൗര്‍ഭാഗ്യകരമായ ഈ പ്രസ്താവന പിന്‍വലിക്കണമെന്ന് കെ യു ഡബ്ള്യു ജെ ആവശ്യപ്പെട്ടു.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാര്‍ത്താസമ്മേളനത്തില്‍ നാല് മാധ്യമങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചത് തെറ്റായ പ്രവണതയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പ്രതികരിച്ചു. ഭരണഘടനാ പദത്തില്‍ ഇരിക്കുന്ന ഗവര്‍ണറില്‍ നിന്നും ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത നടപടിയണിത്. ഗവര്‍ണര്‍ പദത്തില്‍ ഇരുന്നുകൊണ്ട് മാധ്യമങ്ങളോട് ഉള്‍പ്പെടെ ആരോടും വിവേചനപരമായി ഇടപെടുന്നതും ശരിയല്ലെന്നും
വി ഡി സതീശന് പറഞ്ഞു.