തിരുവനന്തപുരം: ഡൽഹി സംഘർഷം റിപ്പോർട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ച് ഏഷ്യാനെറ്റ്‌, മീഡിയ വൺ ചാനലുകളുടെ സംപ്രേഷണം നിർത്തി വയ്‌പിച്ച കേന്ദ്രസർക്കാർ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന്‌ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (KUWJ) സംസ്ഥാന കമ്മിറ്റി. അപ്രഖ്യാപിത അടിയന്തരാവസ്ഥ സൃഷ്‌ടിക്കാനാണ്‌ ശ്രമമെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.

‘വാർത്ത റിപ്പോർട്ടു ചെയ്‌തതിന്റെ പേരിൽ ചാനലുകൾക്കെതിരെ നടപടിയെടുക്കുന്നത്‌ മാധ്യമസ്വാതന്ത്ര്യത്തിനു നേരെയുള്ള കയ്യേറ്റമാണ്‌. മാധ്യമങ്ങൾ തങ്ങൾ പറയുന്നതുമാത്രം റിപ്പോർട്ടുചെയ്‌താൽ മതിയെന്ന നിലപാട്‌ ജനാധിപത്യത്തിന്‌ ഭൂഷണമല്ല. ഇത്‌ ആർക്കും അംഗീകരിക്കാനുമാകില്ല.  കേന്ദ്രസർക്കാർ ഇപ്പോൾ കൈക്കൊണ്ടിട്ടുള്ള നടപടി അടിയന്തരമായി പിൻവലിക്കണം’ കെയുഡബ്ല്യുജെ പ്രസ്താവനയിൽ അറിയിച്ചു.

സംപ്രേഷണം നിർത്തി വയ്‌പിച്ച നടപടിക്കെതിരെ ശനിയാഴ്‌ച സംസ്ഥാനത്ത്‌ മാധ്യമപ്രവർത്തകർ പ്രതിഷേധം സംഘടിപ്പിക്കുമെന്ന്‌ പ്രസിഡന്റ്‌ കെ പി റജിയും ജനറൽ സെക്രട്ടറി ഇ എസ്‌ സുഭാഷും പ്രസ്‌താവനയിൽ പറഞ്ഞു.

Read Here: ഡൽഹി കലാപം റിപ്പോർട്ടിങ് : ഏഷ്യാനെറ്റിനും മീഡിയ വണ്ണിനും വിലക്ക്

അത്യന്തം അപലപനീയവും ആശങ്കയുളവാക്കുന്നത്തുമെന്ന് ഡൽഹി യൂണിയൻ ഓഫ് ജേർണലിസ്റ്റ്സ്

“മലയാളം വാർത്ത ചാനലുകളായ ഏഷ്യനെറ്റ് ന്യൂസ്, മീഡിയ വൺ എന്നിവയുടെ സംപ്രേഷണം തടഞ്ഞ നടപടി അത്യന്തം അപലപനീയവും ആശങ്കയുളവാക്കുന്നതുമാണ്. മാധ്യമപ്രവർത്തകർക്ക് നേരെ നടക്കുന്ന അക്രമങ്ങൾ മാധ്യമസ്വാതന്ത്ര്യം ഹനിക്കാനുള്ള ശ്രമങ്ങൾ എന്നിവയ്ക്കൊപ്പം ഈ വിഷയവും നാളെ വിളിച്ച് ചേർത്തിട്ടുള്ള പ്രത്യേക എക്സിക്യൂട്ടീവ് കമ്മിറ്റി ചർച്ച ചെയ്യും.” ഡൽഹി യൂണിയൻ ഓഫ് ജേർണലിസ്റ്റ്സ് (DUJ) പ്രസിഡന്റ് എസ്.കെ.പാണ്ഡെ പറഞ്ഞു.

ഡൽഹി സംഘർഷം റിപ്പോർട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ചാണ് കേന്ദ്ര വാർത്ത പ്രക്ഷേപണ മന്ത്രാലയം ഇരു ചാനലുകൾക്കും വിലക്ക് ഏർപ്പെടുത്തിയത്. 48 മണിക്കൂറാണ് വിലക്ക്. മാർച്ച് 6 രാത്രി 7.30 മുതൽ മാർച്ച് 8 രാത്രി 7.30 വരെ ചാനലുകൾ ലഭ്യമാകില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.