തിരുവനന്തപുരം: മാധ്യമപ്രവർത്തകയുടെ വീട്ടിൽ കയറി സദാചാരാക്രമണം നടത്തിയ കേസിൽ അറസ്റ്റിലായ തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി എം.രാധാകൃഷ്ണനെ പത്രപ്രവർത്തക യൂണിയനിൽ നിന്ന് പുറത്താക്കി. പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റിയുടേതാണ് തീരുമാനം.
സംഭവത്തെ തുടർന്ന് യൂണിയനിൽ നിന്ന് രാധാകൃഷ്ണനെ സസ്പെൻഡ് ചെയ്യുകയും അന്വേഷണ കമ്മിഷനെ നിയോഗിക്കുകയും ചെയ്തിരുന്നു. ഇന്ന് ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ അന്വേഷണ റിപ്പോർട്ട് ചർച്ചയായി. ഇതിനുശേഷമാണ് പുറത്താക്കൽ നടപടി സ്വീകരിച്ചത്. ഇത് സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിനായി വിട്ടു.
Read Also: വ്യത്യസ്ത അഭിപ്രായങ്ങളെ അംഗീകരിക്കില്ലെന്ന നിലപാടാണ് ബിജെപിക്ക്: പിണറായി വിജയൻ
രാധാകൃഷ്ണനെതിരെ കർശന നടപടി വേണമെന്നാണ് യൂണിയൻ ജില്ലാ കമ്മിറ്റിയിൽ ബഹുഭൂരിപക്ഷം അംഗങ്ങളും ആവശ്യപ്പെട്ടത്. രണ്ട് അംഗങ്ങൾ മാത്രമാണ് റിപ്പോർട്ട് അംഗീകരിക്കാതിരുന്നതെന്നും വാർത്തകളുണ്ട്. എന്നാൽ, ഏകകണ്ഠമായാണ് തീരുമാനമെന്നാണ് ഭാരവാഹികൾ അറിയിക്കുന്നത്.
മാധ്യമസ്ഥാപനത്തിലെ പ്രൂഫ് റീഡറായ രാധാക്യഷ്ണൻ അതേ സ്ഥാപനത്തിലെ ജീവനക്കാരിയുടെ വീട്ടിലെത്തിയാണ് സദാചാരാക്രമണം നടത്തിയത്. മാധ്യമ പ്രവർത്തകയും ഭർത്താവും പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതേതുടർന്ന് അറസ്റ്റിലായ രാധാകൃഷ്ണന് പിന്നീട് ജാമ്യം ലഭിച്ചിരുന്നു.