തിരുവനന്തപുരം: സമീപകാല കേരളചരിത്രത്തിലെ ഏറ്റവും വലിയ മാധ്യമവേട്ടയാണ് ഇന്ന് നിലയ്ക്കലിലും പമ്പയിലുമായി നടന്നതെന്ന് കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ (കെ യു ഡബ്ലിയു ജെ). മാധ്യമങ്ങളെ വേട്ടയാടുന്ന സംഘപരിവാറിന്റെ ഭ്രാന്തന്‍ നടപടികള്‍ ജനാധപത്യകേരളത്തിന് നാണക്കേടായി മാറിയിരിക്കയാണെന്ന് സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂറും ജനറല്‍ സെക്രട്ടറി സി. നാരായണനും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
നിരവധി ദേശീയമാധ്യമങ്ങളുടെ പ്രതിനിധികള്‍ ഉള്‍പ്പെടെ ഭികരമായി ആക്രമിക്കപ്പെട്ടു. ദി ന്യൂസ് മിനുട്ടിന്റെ ലേഖിക സരിത ബാലന്‍, റിപ്പബ്ലിക് ടി.വി.യുടെ പ്രതിനിധി പൂജ പ്രസന്ന, എന്‍.ഡി.ടി.വി. റിപ്പോര്‍ട്ടര്‍ സ്നേഹ കോശി, ആജ് തക്, ന്യൂസ് 24 എന്നിവയുടെ പ്രതിനിധികളായ വനിതകള്‍ എന്നിവര്‍ കയ്യേറ്റത്തിനും കല്ലേറിനും ഇരയായി. പരാക്രമം സ്ത്രീകളോടല്ല വേണ്ടൂ എന്ന് ബി.ജെ.പി. നേതാക്കള്‍ അനുയായികളെ പഠിപ്പിക്കേണ്ടതുണ്ട്. സമരത്തിന് നേതൃത്വം നല്‍കിയ ബി.ജെ.പി. നേതാക്കള്‍ മാധ്യമങ്ങളോട് മാപ്പ് പറയണം.
ന്യൂസ് 18 ടി.വി., റിപ്പബ്ലിക് ടി.വി., ഏഷ്യാനെററ് ടി.വി., മനോരമ ന്യൂസ് ടി.വി., മാതൃഭൂമി ടി.വി., മാധ്യമം ദിനപത്രം എന്നിവയുടെ വാഹനവും റിപ്പോര്‍ട്ടര്‍ ടി.വി.യുടെ ക്യാമറയും തകര്‍ക്കപ്പെട്ടു. റിപ്പോര്‍ട്ടര്‍ ടി.വി. പ്രതിനിധിയുടെ കൈ ഒടിച്ചു. മാതൃഭൂമി പ്രതിനിധികളായ കെ.ബി. ശ്രീധരനും അഭിലാഷിനും കല്ലേറില്‍ പരിക്കേറ്റു. നിലയ്ക്കലിലും പമ്പയിലും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയായിരുന്നു അക്രമം മുഴുവന്‍ കേന്ദ്രീകരിച്ചത്. വനിതാ റിപ്പോര്‍ട്ടര്‍മാര്‍ പോലും ആക്രമിക്കപ്പെട്ടിട്ടും പൊലീസ് ഇതില്‍ ഇടപെടാന്‍ തയ്യാറാകാതെ അവസാനനിമിഷം വരെ കാത്തുനിന്നത് അപലപനീയമാണെന്നും യൂണിയന്‍ പറഞ്ഞു.
നിലയ്ക്കലില്‍ നിന്നും മടങ്ങിയ മാധ്യമസംഘം ആക്രമിക്കപ്പെട്ടു. തേജസ് ഫോട്ടോഗ്രാഫര്‍ യൂനൂസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് മര്‍ദ്ദനമേറ്റു. നിലക്കലിലും പമ്പയിലും നരനായാട്ട് എന്ന് ആരോപിക്കുന്ന പി.സി.ജോര്‍ജിനെപ്പോലുള്ളവര്‍ ഈ മാധ്യമനായാട്ടിനെപ്പറ്റി മിണ്ടാത്തത് എന്തുകൊണ്ടാണ്. തങ്ങള്‍ പറയുന്നത് മാത്രം റിപ്പോര്‍ട്ട് ചെയ്യണം എന്ന് ആക്രോശിച്ച അക്രമികള്‍ സത്യത്തെ ഭയക്കുന്നവരാണ്. അവര്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ ഏത് വിശ്വാസത്തെയാണ് സംരക്ഷിക്കാന്‍ പോകുന്നത്. മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടാനും ഭയപ്പെടുത്തി പിന്‍മാറ്റാനും ശ്രമിക്കുന്നത് വൃഥാ വ്യായാമമാണ്.
അക്രമികളെ പിടികൂടുമെന്ന് പറയുന്ന പൊലീസ് അക്രമം തടയാന്‍ തക്കസമയത്ത് ഇടപെടാതിരുന്നത് ഏറ്റവും അപലപനീയമാണ്. മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചവരെ മുഴുവന്‍ അടുത്ത ദിവസം തന്നെ അറസ്റ്റു ചെയ്യുമെന്നും അടുത്ത ദിവസങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സംരക്ഷണം ഏര്‍പ്പെടുത്തുമെന്നുമുള്ള ഡി.ജി.പി.യുടെ പ്രസ്താവനയും അക്രമികളെ വിടില്ല എന്ന മന്ത്രി ഇ.പി. ജയരാജന്റെയും കടകംപളളി സുരേന്ദ്രന്റെയും പ്രഖ്യാപനവും സ്വാഗതം ചെയ്യുന്നു. അത് അക്ഷരാര്‍ഥത്തില്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും യൂണിയന്‍ അഭിപ്രായപ്പെട്ടു.
മാധ്യമനായാട്ടിനെതിരെ എല്ലാ ജില്ലകളിലും കെ.യു.ഡ്ബ്യുജെയുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനങ്ങളും പൊതുയോഗവും സംഘടിപ്പിക്കുമെന്നും യൂണിയന്‍ അറിയിച്ചു.