തിരുവനന്തപുരം: സംസ്ഥാനമൊട്ടാകെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന സംഘപരിവാര്‍ ആക്രമണത്തില്‍ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ളയുടെ വാര്‍ത്ത സമ്മേളനം തിരുവനന്തപുരത്തെ മാധ്യമപ്രവര്‍ത്തകര്‍ ബഹിഷ്കരിച്ചു. ശബരിമലയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിലും സമരങ്ങളിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളില്‍ പ്രതിഷേധമറിയിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സെക്രട്ടറിയേറ്റ് പരിസരത്ത് മാര്‍ച്ച് നടത്തി. ബിജെപി-ശബരിമല കര്‍മ്മ സമിതി പത്രസമ്മേളനങ്ങള്‍ ഇന്ന് തിരുവനന്തപുരത്തെ മാധ്യമ പ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്യില്ല.

ഹര്‍ത്താലിന് ആഹ്വാനം ചെയ്ത ശബരിമല കർമ്മ സമിതിയും പിന്തുണ പ്രഖ്യാപിച്ച ബിജെപിയും സംസ്ഥാനത്തുടനീളം മാധ്യമ പ്രവര്‍ത്തകരെ ആക്രമിക്കുകയാണ്. സമരമുഖത്ത് റിപ്പോര്‍ട്ടിങ്ങിനെത്തുന്നവരെ വളഞ്ഞിട്ട് അസഭ്യം പറയുന്നതും കല്ലെറിഞ്ഞ് ഓടിക്കുന്നതും അംഗീകരിക്കാനാകില്ല. ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ ഇന്ന് വിളിച്ചു ചേര്‍ക്കുന്ന പത്ര സമ്മേളനങ്ങള്‍ ബഹിഷ്‌കരിക്കുകയാണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി അറിയിച്ചു. കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് കെ.പ്രേമനാഥ് ആണ് വിവരം അറിയിച്ചത്. മറ്റ് ജില്ലകളിലും ബഹിഷ്‌കരണ നടപടി സ്വീകരിച്ചിട്ടുണ്ട്.

ബിജെപി നേതാവ് കെ.സുരേന്ദ്രന്റെ വാര്‍ത്താ സമ്മേളനം കോഴിക്കോട്ടെ മാധ്യമപ്രവര്‍ത്തകര്‍ ബഹിഷ്കരിച്ചു. കെ.പി.ശശികലക്ക് വാര്‍ത്താ സമ്മേളനം നടത്താന്‍ പ്രസ് ക്ലബ് നല്‍കാനാവില്ലന്ന് കോട്ടയം പ്രസ് ക്ലബ് അറിയിച്ചു. അതേസമയം, ഹര്‍ത്താല്‍ പ്രഖ്യാപിച്ചതോടെ ഇന്നലെ രാത്രി മുതല്‍ സംസ്ഥാനത്ത് വ്യാപക അക്രമമാണ് നടക്കുന്നത്. സംസ്ഥാനത്ത് പലയിടത്തും കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി.

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് ആക്രമിച്ച് തകര്‍ത്തു. കോഴിക്കോട് വിവിധ ഭാഗങ്ങളിലാണ് ഹര്‍ത്താല്‍ അനുകൂലികള്‍ അക്രമണം അഴിച്ചു വിട്ടത്. കൊയിലാണ്ടിയില്‍ കെഎസ്ആര്‍ടിസി ബസ് ആക്രമിച്ചു. കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ റോഡില്‍ ടയറിന് തീയിട്ടാണ് അക്രമികള്‍ ഉപരോധിച്ചത്.

രാത്രി പലയിടത്തും റോഡ് തടഞ്ഞു. കെഎസ്ആര്‍ടിസി ബസുകള്‍ ആക്രമണങ്ങളെ തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിവച്ചു. സംസ്ഥാനത്ത് ആകെ 80ല്‍ അധികം ബസുകള്‍ തകര്‍ത്തതായാണ് അനൗദ്യോഗികമായ കണക്ക്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.