കൊച്ചി: കനത്ത മഴയെ തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിമാനം റണ്‍വേയില്‍ നിന്ന് തെന്നി മാറി. 163 യാത്രക്കാരുമായി കൊച്ചിയിലെത്തിയ കുവൈത്ത് എയർവെയ്സിന്റെ കെയു 357 വിമാനമാണ് അപകടത്തിൽപ്പെട്ടത്. തലനാരിഴയ്ക്കാണ് വലിയ ദുരന്തം ഒഴിവായത്.
ഇന്ന് പുലർച്ചെ 4.21 ഓടെയാണ് സംഭവം. വിമാനം തെന്നിമാറിയതിനെ തുടർന്ന് റൺവേയിലെ ചില ലൈറ്റുകൾക്ക് കേടുപാടുണ്ടായി. കൂടുതൽ നാശനഷ്ടങ്ങളുണ്ടായില്ല. കേടുപറ്റിയ ലൈറ്റുകൾ വേഗത്തിൽ മാറ്റി പുതിയവ വച്ചു.
വിമാനത്തിന്റെ ലാന്റിങ്ങിനിടെ ശക്തമായ കാറ്റും മഴയും ഉണ്ടായതാണ് അപകടത്തിന് കാരണമായത്. ഇതേ തുടർന്ന് മധ്യരേഖയിൽ ഇറങ്ങേണ്ട വിമാനം ഏതാനും മീറ്ററുകൾ വലത്തോട്ട് മാറിയാണ് ഇറങ്ങിയത്. എന്നാൽ വിമാനത്തിന്റെ നിയന്ത്രണം വിടാതെ പൈലറ്റ് കാത്തതാണ് വലിയ ദുരന്തത്തിൽ നിന്ന് രക്ഷിച്ചത്.
പിന്നീട് യാത്രക്കാരെ സുരക്ഷിതരായി ഇറക്കി. അപകടം നടന്ന പശ്ചാത്തലത്തിൽ ദുബായിൽ നിന്നെത്തിയ ഇൻഡിഗോ വിമാനം കോയമ്പത്തൂരിലേക്ക് തിരിച്ചുവിട്ടു. പിന്നീട് രാവിലെ ഏഴരയോടെയാണ് വിമാനം തിരികെ കൊച്ചിയിലെത്തിയത്. അപകടത്തിൽപെട്ട കുവൈത്ത് എയർവെയ്‌സ് വിമാനം സുരക്ഷ പരിശോധനകൾക്ക് ശേഷം രാവിലെ 9.30 യോടെ കൊച്ചിയിൽ നിന്ന് പറന്നുയർന്നു.