/indian-express-malayalam/media/media_files/uploads/2017/04/pinarayi-chennithala.jpg)
തിരുവനന്തപുരം: കുട്ടനാട് പ്രളയത്തില്‍ മുങ്ങിക്കിടക്കുമ്പോഴും വെള്ളം പുറത്തേക്ക് ഒഴുകിപ്പോകുന്നതിന് വേണ്ടി തണ്ണീര്‍മുക്കം ബണ്ട് തുറന്നു കൊടുക്കാതിരിക്കുന്നത് വന്‍വീഴ്ചയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്കുള്ള തുറന്ന കത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
തണ്ണീര്‍മുക്കം ബണ്ട് ഉള്‍പ്പടെ വെള്ളം പുറത്തേക്ക് ഒഴുകിപ്പോകേണ്ട മാര്‍ഗ്ഗങ്ങളെല്ലാം അടഞ്ഞു കിടക്കുകയാണ്. കുട്ടനാട്ടില്‍ വെള്ളപ്പൊക്കം കാരണം ജനം നരകിക്കുമ്പോഴും തണ്ണീര്‍മുക്കം ബണ്ടിലെ പഴയ മണ്‍ചിറ പൊളിക്കാതെ അതിന്റെ മണലിന്റെ ഉടമസ്ഥാവകാശത്തെക്കുറിച്ച് തര്‍ക്കിക്കുന്നത് ക്രൂരതയാണ്. മണലിന്റെ വിലയെക്കാള്‍ ജനങ്ങളുടെ ജീവനാണ് വിലയെന്ന് അദ്ദേഹം പറഞ്ഞു.
കുട്ടനാട്ടില്‍ നിന്ന് വെള്ളം ഒഴുകിപ്പോകുന്നതിനുള്ള മറ്റൊരു മാര്‍ഗ്ഗമായ തോട്ടപ്പള്ളി സ്പില്‍വേയിലെ പൊഴി മുറിക്കുന്നതടക്കം ജലനിര്‍ഗമന മാര്‍ഗ്ഗങ്ങള്‍ സുഗമമാക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കുണ്ടായത് വന്‍വീഴ്ചയാണെന്ന് രമേശ് ചെന്നിത്തല കത്തില്‍ പറഞ്ഞു. ഇതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം.
കുട്ടനാട്ടില്‍ ഉള്‍പ്രദേശങ്ങളിലെ ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ ശുദ്ധജലവും ഭക്ഷണവും ഇപ്പോഴും എത്തുന്നില്ല. കുട്ടനാട് സാംക്രമിക രോഗങ്ങളുടെ പിടിയിലാണ്. കടലാക്രമണം തടയുന്നതിന് കടല്‍ ഭിത്തി കെട്ടണമെന്ന് മുറവിളി നടത്തിയിട്ടും കേല്‍ക്കാതിരുന്നത് ആപത്തായെന്നും രമേശ് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടി.
ഇത്രയും വൈകി ഇന്ന് അവിടെ സന്ദര്‍ശിച്ച ജലവിഭവ മന്ത്രി മാത്യൂ.ടി.തോമസ് പക്ഷേ ഇപ്പോഴും ലാഘവത്തോടെയാണ് കാര്യങ്ങള്‍ കാണുന്നത് എന്നത് അത്ഭുതമുണ്ടാക്കുന്നു. സാങ്കേതിക കാര്യങ്ങളാണ് അദ്ദേഹം ഈ അടിയന്തിരഘട്ടത്തിലും പറയുന്നത്. ഷട്ടറുകളിലെ ഇലക്ട്രിക്കല്‍ പണി പൂര്‍ത്തിയാക്കാതിനാലാണ് തുറക്കാന്‍ കഴിയാത്തതെങ്കില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ അത് ചെയ്തു തീര്‍ക്കുകയല്ലേ വേണ്ടത്? അല്ലെങ്കില്‍ താത്ക്കാലിക സംവിധാനം ഒരുക്കണം. അല്ലാതെ ഇനിയും ടെണ്ടര്‍ വിളിച്ച് സര്‍ക്കാര്‍ മുറ പോലെ പണി തീര്‍ക്കാനാണ് ഭാവമെങ്കില്‍ അപ്പോഴേക്കും കുട്ടനാട്ട് നശിച്ചു കഴിയും എന്ന് ഓര്‍ക്കണമെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു.
തണ്ണീര്‍മുക്കം ബണ്ടിന്റെ പണി പൂര്‍ത്തിയായെങ്കിലും ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയുടെ തീയതിക്ക് വേണ്ടി കാത്തിരിക്കുന്നതിനാലാണ് ഷട്ടറുകള്‍ ഉയര്‍ത്താത്തതെന്ന് ആക്ഷേപവും പൊന്തി വന്നിട്ടുണ്ട്. തന്റെ തീയതിക്കായി കാത്തു നില്‍ക്കണ്ട എന്നും, ബണ്ടിലെ ഷട്ടറുകള്‍ ഉടന്‍ തുറക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചതായി ജലവിഭവ വകുപ്പ് മന്ത്രി വെളിപ്പെടുത്തിയിട്ടുണ്ട്. അത്രത്തോളം അത് നല്ല കാര്യം.
പക്ഷേ മുഖ്യമന്ത്രിയുടെ തീയതിക്കായി ഇത്രുയും ദിവസം കാത്തിരുന്നത് ശരിയാണോ? കാലവര്‍ഷം വരുന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്നതല്ലേ? അതിന് മുന്‍പ് തന്നെ ഉദ്ഘാടനം നടത്തി ബണ്ടിലെ ഷട്ടറുകള്‍ പ്രവര്‍ത്തനക്ഷമമാക്കുകയല്ലേ വേണ്ടിയിരുന്നത്. എന്നും രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കുളള കത്തിൽ ചോദിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.