തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലും ഉപതിരഞ്ഞെടുപ്പുകൾ മാറ്റിവയ്‌ക്കേണ്ടതില്ലെന്ന നിലപാടിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. കേരളത്തിൽ കുട്ടനാട്, ചവറ നിയമസഭാ മണ്ഡലങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കും. നവംബറിലാണ് ഉപതിരഞ്ഞെടുപ്പ്.
വോട്ടെടുപ്പ് തിയതി പിന്നീട് പ്രഖ്യാപിക്കും. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പമായിരിക്കും രാജ്യത്ത് ഉപതിരഞ്ഞെടുപ്പുകൾ നടക്കുക. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഉപതിരഞ്ഞെടുപ്പുകൾ മാറ്റിവയ്‌ക്കണമെന്ന് വിവിധ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിരുന്നു.
കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കാനിരിക്കെ നാല് മാസത്തേക്ക് മാത്രമായി ഉപതിരഞ്ഞെടുപ്പ് നടത്തേണ്ട ആവശ്യമില്ലെന്നാണ് പൊതുവെ സംസ്ഥാനത്തെ വിവിധ രാഷ്‌ട്രീയ കക്ഷികളുടെ നിലപാട്. സമാനമായ നിലപാടാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനും വ്യക്തമാക്കിയത്.
Read Also: ഓണം ക്ലസ്റ്ററിനു സാധ്യത, രോഗവ്യാപനം അതിരൂക്ഷമാകും; ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്
അതേസമയം, കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് നടത്താൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ പുതിയ മാർഗരേഖ പുറത്തിറക്കിയിട്ടുണ്ട്. കോവിഡ് രോഗികൾക്കും വോട്ട് ചെയ്യാൻ അവസരമുണ്ടാകും. രാജ്യത്ത് പലയിടത്തായി തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെയാണ് പുതിയ മാർഗരേഖ പുറത്തിറക്കിയത്.
കോവിഡ് ബാധിച്ചവര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും 80 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും തപാൽ വോട്ടിന് അനുമതി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനു നിയന്ത്രണങ്ങളുണ്ട്. പരസ്യ പ്രചാരണം കേന്ദ്ര, സംസ്ഥാന നിര്‍ദേശങ്ങള്‍ പാലിച്ചുമാത്രം ആയിരിക്കും. പ്രചാരണത്തിനായി ഒരു വീട്ടിൽ അഞ്ച് പേർക്ക് മാത്രം പോകാം. സ്ഥാനാർഥി അടക്കം അഞ്ച് പേർക്കേ പ്രചാരണത്തിനു വീടുകളിൽ കയറാൻ സാധിക്കൂ. ഒരേസമയം അഞ്ച് വാഹനങ്ങൾ മാത്രമേ പ്രചാരണത്തിനു ഉപയോഗിക്കാൻ പാടൂള്ളൂ.
വോട്ടെടുപ്പിന് സാനിറ്റൈസറും കയ്യുറകളും അനുവദിക്കും. പ്രചാരണത്തിനു പോകുന്നവരും നിർബന്ധമായും കയ്യുറകളും മാസ്‌കും ധരിക്കണം. വോട്ട് ചെയ്യാൻ എത്തുന്ന എല്ലാവർക്കും മാസ്‌ക് നിർബന്ധമാണ്. സാമൂഹിക അകലം നിർബന്ധമായും പാലിക്കണം. സ്ഥാനാർഥികൾക്ക് ഓൺലെെൻ വഴി നാമനിർദേശ പത്രിക സമർപ്പിക്കാം. എല്ലാ ബൂത്തുകളിലും തെര്‍മൽ സ്‌കാനറും സാനിറ്റൈസറും കൈ കഴുകാനുള്ള സൗകര്യവും ഉറപ്പാക്കണം. ഒരു പോളിങ് സ്റ്റേഷനില്‍ വോട്ട് ചെയ്യാന്‍ കഴിയുന്നവരുടെ എണ്ണം ആയിരമായി ചുരുക്കിയിട്ടുണ്ട്.