തൊടുപുഴ: കുട്ടനാട് സീറ്റ് സംബന്ധിച്ച് യുഡിഎഫില്‍ നേരത്തെ തന്നെ ധാരണയുണ്ടെന്നും ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥി തന്നെ മത്സരിക്കുമെന്ന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് പി.ജെ ജോസഫ്. ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇപ്പോഴത്തെ വിധി അവസാന വാക്കല്ലെന്നും വിധി കോടതി സ്‌റ്റേ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും പി.ജെ ജോസഫ് വ്യക്തമാക്കി. പാർട്ടി ചെയർമാൻ എന്ന നിലയിൽ ജോസ് സ്റ്റീയറിങ് കമ്മിറ്റി വിളിച്ചത് നിയമവിരുദ്ധമാണെന്നും ജോസഫ് ആരോപിച്ചു.
Read More: കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ ഞാൻ തന്നെ: പി.ജെ.ജോസഫ്
ജോസഫ് വിഭാഗത്തിനു കഴിഞ്ഞ ദിവസം ജോസ് കെ.മാണി താക്കീത് നൽകിയിരുന്നു. ഔദ്യോഗികമായി കേരള കോൺഗ്രസ് (എം) തങ്ങളാണെന്നും പാർട്ടിയിൽ നിന്നു വിഘടിച്ചുനിൽക്കുന്നവർ മടങ്ങിവരണമെന്നും ജോസ് കെ.മാണി പറഞ്ഞിരുന്നു. രണ്ടില ചിഹ്നത്തിൽ മത്സരിച്ച എംഎൽഎമാർ കേരള കോൺഗ്രസിലേക്ക് തിരിച്ചുവരണം. അല്ലാത്തപക്ഷം അത്തരക്കാർക്കെതിരെ അയോഗ്യത അടക്കമുള്ള കർശന നടപടികളിലേക്ക് കടക്കുമെന്നും ജോസ് കെ.മാണി മുന്നറിയിപ്പ് നൽകിയിരുന്നു.
Read More: രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന്; അപ്പീൽ നൽകുമെന്ന് പിജെ ജോസഫ്
“കേരള കോൺഗ്രസ് ഒന്നേയുള്ളൂ. മറ്റൊരു കേരള കോൺഗ്രസ് ഇല്ല. രണ്ടില ചിഹ്നത്തിൽ മത്സരിച്ചു ജയിച്ചവർ കേരള കോൺഗ്രസ് (എം) കുടുംബത്തിൽ തന്നെ കാണണം. പഞ്ചായത്ത് തിരഞ്ഞെടുപ്പിനു മുൻപ് രാഷ്ട്രീയ നിലപാട് വ്യക്തമാക്കും. ഇപ്പോൾ തൽക്കാലം സ്വതന്ത്ര നിലപാട് സ്വീകരിക്കുന്നു,” പാർട്ടി വർക്കിങ് ചെയർമാൻ ജോസ് കെ.മാണി വ്യക്തമാക്കി.
കുട്ടനാട്, ചവറ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നവംബറിൽ നടക്കും. കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കാനിരിക്കെ നാല് മാസത്തേക്ക് മാത്രമായി ഉപതിരഞ്ഞെടുപ്പ് നടത്തേണ്ട ആവശ്യമില്ലെന്നാണ് പൊതുവെ സംസ്ഥാനത്തെ വിവിധ രാഷ്‌ട്രീയ കക്ഷികളുടെ നിലപാട്. സമാനമായ നിലപാടാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനും വ്യക്തമാക്കിയത്. എന്നാൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലും ഉപതിരഞ്ഞെടുപ്പുകൾ മാറ്റിവയ്‌ക്കേണ്ടതില്ലെന്ന നിലപാടിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ.
Read More: കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പ് നവംബറിൽ